പാകിസ്താനില്‍ പാര്‍ലമെന്റ് പിരിച്ചു വിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

ഇസ്ലാമാബാദ്- പാകിസ്താനില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇടക്കാല സര്‍ക്കാരിനെ നിയോഗിക്കുമെന്ന് വിവരം. കാലാവധി അവസാനിക്കും മുന്‍പേ പാര്‍ലമെന്റ് പിരിച്ചു വിട്ടാല്‍ 90 ദിവസത്തിനുള്ളില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയാകുമെന്നതാണ് സര്‍ക്കാറിനെ പിരിച്ചുവിടലിന് പ്രേരിപ്പിക്കുന്നത്. സ്വാഭാവികമായി കാലാവധി അവസാനിച്ചാല്‍ 60 ദിവസത്തിനകമാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. 

അതിനിടെ തോഷഖാന അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരായ ഇരുന്നൂറിലേറെ പേരെ അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡുകളും നടത്തി. 

ഇമ്രാന്‍ ഖാനെ അറസ്റ്റുചെയ്യാനെത്തിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥരെ ഇമ്രാന് ഒപ്പമുണ്ടായിരുന്നവര്‍ ഭീഷണിപ്പെടുത്തിയെന്ന് പോലീസ് എഫ്. ഐ. ആറില്‍  രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ തോക്കുകള്‍ തട്ടിപ്പറിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അഞ്ചുവര്‍ഷത്തേക്ക് ഇമ്രാന് വിലക്കുണ്ട്.

Latest News