Sorry, you need to enable JavaScript to visit this website.

ആറ് വര്‍ഷം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം; അകലുമ്പോള്‍ ബലാത്സംഗ കുറ്റം ആരോപിക്കാനാകില്ല- ഹൈക്കോടതി

ബംഗളുരു- ആറ് വര്‍ഷം പരസ്പര സമ്മതത്തോടെയുളള ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാന ലംഘനം ആരോപിച്ച് പുരുഷനെതിരെ സ്ത്രീ നല്‍കിയ രണ്ട് ക്രിമിനല്‍ കേസുകള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. നിയമനടപടിയുടെ ദുരുപയോഗമാണ് സ്ത്രീയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട പരാതിക്കാരിയും മുന്‍ സുഹൃത്തായ പുരുഷനും തമ്മില്‍ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായത് ആറ് വര്‍ഷമാണ്. 2019 ഡിസംബര്‍ 27 മുതല്‍ ഇരുവരും തമ്മിലുള്ള അടുപ്പം കുറഞ്ഞു.ആറ് വര്‍ഷത്തെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം അസ്വാരസ്യങ്ങള്‍ രൂപപ്പെടുമ്പോള്‍ ബലാത്സംഗമാണ് നടന്നതെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാരി 2013ല്‍ ഫെയ്‌സ്ബുക്ക് വഴിയാണ് സമീപവാസിയായ യുവാവുമായി സൗഹൃദത്തിലായത്. അടുത്ത് തന്നെ താമസിക്കുന്നതിനാല്‍ നല്ല പാചകക്കാരനാണെന്നും ഭക്ഷണം നല്‍കാമെന്നും പറഞ്ഞ് പരാതിക്കാരിയെ അയാള്‍ പലപ്പോഴും വീട്ടിലേക്ക് കൊണ്ടുപോയിരുന്നുവെന്നും പരാതിയിലുണ്ട്. ഭക്ഷണം തയ്യാറാക്കി കഴിച്ച ശേഷം ബിയര്‍ കുടിക്കുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് പതിവായിരുന്നു.
എന്നാല്‍ പിന്നീട് ഇരുവരും തമ്മിലകന്നു. തുടര്‍ന്ന് 2021 മാര്‍ച്ചില്‍ വഞ്ചനയും ഭീഷണിയും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിച്ച് യുവതി ഇന്ദിരാനഗര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട്, ജാമ്യം ലഭിച്ചതിന് ശേഷം ഹര്‍ജിക്കാരന്‍ ദാവണഗരെയിലാണ് താമസിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ പരാതിക്കാരി അവിടെയുമെത്തി, ആക്രമണത്തിനും ബലാത്സംഗത്തിനും പരാതി നല്‍കി. രണ്ടാമത്തെ പരാതിയില്‍ ഹര്‍ജിക്കാരിക്കൊപ്പം മറ്റൊരു സ്ത്രീയുടെ പേരുമുണ്ട്. രണ്ട് കേസുകളിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
അതേസമയം, സമ്പന്നരുമായി ചങ്ങാത്തം കൂടുന്നതും പണം തട്ടുന്നതും ബ്ലാക്ക് മെയില്‍ ചെയ്യുന്നതും പരാതിക്കാരിയുടെ ശീലമാണെന്ന് യുവാവ് ആരോപിച്ചു. പരാതിക്കാരി മറ്റൊരു പുരുഷനുമായി ശാരീരികബന്ധം പുലര്‍ത്തി അയാള്‍ക്കെതിരെ ബലാല്‍സംഗ കേസ് നല്‍കിയ മറ്റൊരു കേസും യുവാവ് കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 2016ല്‍ യുവതി മൊഴി മാറ്റിയയതിനെ തുടര്‍ന്ന് അയാളെ വെറുതെ വിട്ടതായി കോടതിയെ അറിയിച്ചു.

Latest News