ഭാര്യമാരെ ഉപേക്ഷിച്ചു കടന്ന എട്ട് പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ന്യൂദല്‍ഹി- ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന എട്ട് പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായി വനിതാ ശിശു വികസന മന്ത്രാലയം അറിയിച്ചു. ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാന്‍ നേരത്തെ വനിതാ ശിശു വികസന മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും ചേര്‍ന്ന് സംയുക്ത മന്ത്രാലയ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ സമിതിക്ക് 70 പരാതികളാണ് രണ്ടു മാസത്തിനിടെ ലഭിച്ചത്. ഇവയില്‍ നിന്നാണ് എട്ടു കുറ്റവാളികളെ കണ്ടെത്തി അവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും അവരെ പിടികൂടാനായി തിരച്ചില്‍ നോട്ടീസ് ഇറക്കുകയും ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു.

പ്രവാസി ഇന്ത്യക്കാരുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലും മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. ഇതു ഉടന്‍ പ്രവര്‍ത്തിച്ചു തുടങ്ങും. പ്രവാസി ഇന്ത്യക്കാരുടെ വിവാഹ രജിസ്‌ട്രേഷന്‍ വനിതാ ശിശു വികസന മന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രി മേനകാ ഗാന്ധി വിവാഹ രജിസ്ട്രാര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക. പൂര്‍ണ വിവരങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

പ്രവാസി ഇന്ത്യക്കാരുടെ വിവാഹങ്ങള്‍ ഏഴു ദിവസത്തിനകം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധന ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ വിവാഹം രജിസറ്റര്‍ ചെയ്തില്ലെങ്കില്‍ അവരുടെ പേരില്‍ പാസ്‌പോര്‍ട്ടും വീസയും ഇഷ്യൂ ചെയ്യില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യമാരെ ഉപേക്ഷിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ സ്വത്ത് പിടിച്ചു വയ്ക്കണമെന്ന നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
 

Latest News