നിലമ്പൂർ- പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 27 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. മമ്പാട് പുള്ളിപ്പാടം കാരച്ചാൽ പൂളക്കപോയിൽ നെല്ലിക്കുത്ത് പ്രഭാകര (49) നെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ശിക്ഷിച്ചത്. ജഡ്ജ് കെ.പി. ജോയി ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 2017, 2018 കാലഘട്ടങ്ങളിൽ കുട്ടിയെ വീടിന് സമീപത്തുള്ള റബർ തോട്ടത്തിലേക്കു കൊണ്ടുപോയി ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ സംഭവത്തിൽ നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. നിലമ്പൂർ പോലീസ് ഇൻസ്പെക്ടർമാരായിരുന്ന ഭൂപേഷ്, സുനിൽ പുളിക്കൽ, സബ് ഇൻസ്പെക്ടർ റസിയ ബംഗാളത്ത് എന്നിവരാണ് കേസന്വേഷണം നടത്തിയത്. പോലീസ് ഇൻസ്പെക്ടർ ടി.എസ.് ബിനുവാണ് കുറ്റപത്രം സമർപ്പിച്ചത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് കോടതിയിൽ ഹാജരായി. വഴിക്കടവ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. അതിജീവിതക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് നിർദേശിച്ചു. പ്രതി പിഴ അടക്കുന്ന പക്ഷം അതിജീവിതക്കു നൽകും. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.