ശബരിമലയില്‍ സ്ത്രീകളെ തടയുന്നത് അയിത്തത്തിനു തുല്യമെന്ന് വാദം

ന്യൂദല്‍ഹി- ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശത്തോട് യോജിപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്് മുമ്പാകെ വാദം നടക്കുന്ന മൂന്നാം ദിവസമായ ഇന്നലെ അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രനും ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരുമാണ് വാദങ്ങള്‍ നിരത്തിയത്.
സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് അയിത്തമായേ കണക്കാക്കാനാവൂവെന്ന് അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍ വാദിച്ചു. ആര്‍ത്തവം അശുദ്ധിയായി കണക്കാക്കി അതിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തുന്നത് അയിത്തത്തിന് തുല്യമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 50-55 വയസ്സ് വരെ ഒരാള്‍ ജീവിക്കും എന്ന് ഈ ആധുനിക വൈദ്യശാസ്ത്ര യുഗത്തില്‍ പോലും ഉറപ്പിച്ചു പറയാനാകില്ലെന്നും അതിനാല്‍ ഒരുപാട് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാന്‍ കഴിയാതെ വരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത പഞ്ഞു. പ്രായഭേദമന്യേ സത്രീ പ്രവേശം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ വാദം തുടരും.
കേരളത്തില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമുണ്ടെന്നും അതിനാല്‍ ശബരിമലയിലെ സ്ത്രീ വിലക്ക് അയിത്തമല്ലെന്നും വിവേചനമാണെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വാദത്തിനിടെ പ്രതികരിച്ചു. താഴ്ന്ന ജാതിക്കാരോടുള്ള തൊട്ടുകൂടായ്മ ഭരണഘടനയുടെ 17-ാം അനുച്ഛേദ പ്രകാരം നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ ആര്‍ത്തവം കാരണം അശുദ്ധിയുള്ള ഉയര്‍ന്ന ജാതിക്കാരായ സ്ത്രീകളെ 17-ാം അനുച്ഛേദത്തിന് കീഴില്‍ കൊണ്ടുവരാന്‍ കഴിയുമോയെന്ന് ബെഞ്ചിലെ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ ചോദിച്ചു.
ദേവസ്വം ബോര്‍ഡിനു വേണ്ടി കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ അഭിഷേക് സിങ്‌വിയാണ് ഹാജരായത്. ആര്‍ത്തവ കാലത്ത് 41 ദിവസത്തെ വ്രതമെടുക്കാന്‍ സ്ത്രീകള്‍ക്കു കഴിയില്ലെന്നു സിങ്‌വി വാദിച്ചു. 10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല. ഇതു വിവേചനമല്ല, വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ തുടര്‍ന്നു പോരുന്നതാണെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, ഇതിനെ എതിര്‍ത്ത ചീഫ് ജസ്റ്റിസ്, അസാധ്യമായ വ്യവസ്ഥ സ്ത്രീകള്‍ക്കു മേല്‍ കൊണ്ടുവരുന്നത് എന്തിനാണെന്നു ചോദിച്ചു. ശബരിമലയില്‍ ദര്‍ശനത്തിന് മുമ്പ് 41 ദിവസത്തെ വ്രതം വേണം. എന്നാല്‍ സ്ത്രീകള്‍ക്ക് ഇത് പ്രായോഗികമല്ല. ഇത്തരം വ്യവസ്ഥകള്‍ മൂലം സ്ത്രീകള്‍ക്ക് പരോക്ഷ നീതി നിഷേധമല്ലേ ഉണ്ടാവുന്നത്? 10 മുതല്‍ 50 വരെ എന്ന പ്രായം എങ്ങനെ ഉപാധി വെക്കാനാവും. ചിലര്‍ക്ക് 45 വയസ്സില്‍ തന്നെ ആര്‍ത്തവം നിലക്കും. ചിലര്‍ക്കു 50 വയസ്സിനു ശേഷവും ആര്‍ത്തവമുണ്ടാവും. 10 വയസ്സ് ആയിട്ടും ആര്‍ത്തവം തുടങ്ങാത്തവരും ഉണ്ടാവും. അതിനാല്‍ പ്രായത്തിന്റെ ഈ പരിധി എങ്ങനെ നീതിയുക്തമാവുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ബ്രഹ്മചാരി എന്ന് ചൂണ്ടിക്കാട്ടി അയ്യപ്പന്റെ അടുത്ത് സ്ത്രീകളെ തടയുന്നത് വിവേചനമാണെന്ന് സി.പി.എമ്മിന്റെ വനിതാ സംഘടനയായ (എ.ഐ.ഡി.ഡബ്ല്യു.എ)ക്കു വേണ്ടി ഹാജരായ പി.വി സുരേന്ദ്ര നാഥ് ചൂണ്ടിക്കാട്ടി.
 

Latest News