Sorry, you need to enable JavaScript to visit this website.

അവിശ്വാസ പ്രമേയ ചര്‍ച്ചയും വോട്ടും ഉടന്‍; ആത്മവിശ്വാസത്തില്‍ സര്‍ക്കാര്‍

ന്യൂദല്‍ഹി- ഒന്നര പതിറ്റാണ്ടിനു ശേഷം കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ഒരിക്കല്‍ കൂടി ഇന്ന് ലോക്‌സഭ ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ നാലു വര്‍ഷത്തെ പ്രകടനം സംബന്ധിച്ചുള്ള തങ്ങളുടെ നിലപാടുകള്‍ ഭരണപക്ഷവും പ്രതിപക്ഷവും ചര്‍ച്ചയില്‍ മുന്നോട്ടു വയ്ക്കും. മോഡി സര്‍ക്കാരിന്റെ പരാജയങ്ങളായിരിക്കും പ്രധാനമായും പ്രതിപക്ഷം ആയുധമാക്കുക. ആള്‍ക്കൂട്ട മര്‍ദനവും കൊലപാതകങ്ങളും, സ്ത്രീ സുരക്ഷ, ജമ്മു കശമീര്‍, കര്‍ഷകരുടെ ദുരിതം തുടങ്ങി വിഷയങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനായിരിക്കും പ്രതിപക്ഷ ശ്രമം. അതേസമയം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാനും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കാനുമുളള അവസരമായാണ സര്‍ക്കാര്‍ ഇതിനെ കാണുന്നത്. ബിജെപിയുടെ സഖ്യകക്ഷികളില്‍ ഇടഞ്ഞു നില്‍ക്കുന്നവരും ഉണ്ട്. എന്നാല്‍ അവിശ്വാസ വോട്ടെടുപ്പിന് ഇവര്‍ പിന്തുണ നല്‍കും. 

അതേസമയം ഈ അവസരം സര്‍ക്കാരിനെ മറിച്ചിടലിനപ്പുറം ബിജെപി സര്‍ക്കാരിനെ തുറന്നു കാട്ടാനുള്ള അവസരമായാണ് കോണ്‍ഗ്രസ് കാണുന്നത്. ബിജെപി സര്‍ക്കാരിനെ പുറത്താക്കാന്‍ ആവശ്യമായ അംഗബലം പ്രതിപക്ഷത്തിനില്ലെന്ന് പകല്‍ പോലെ വ്യക്തമാണ്. സര്‍ക്കാരിന്റെ പരാജയങ്ങളെ അക്കമിട്ട് നിരത്തുമെന്നാണ് കോണ്‍്ഗ്രസ് പറയുന്നത്. 

524 അംഗ ലോക്‌സഭയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് 315 എംപിമാരുടെ പിന്തുണയുണ്ട്. യുപിഎയ്ക്ക് 63 അംഗങ്ങളെ ഉള്ളൂ. ഇരു മുന്നണികളുടേയും ഭാഗമല്ലാത്ത വലിയ കക്ഷികളായ അണ്ണാ ഡിഎംകെ, ബിജെഡി, ടിആര്‍എസ് എന്നിവരുടെ യഥാക്രമം 37,19,11 എംപിമാരുടെ നിലപാട് ശ്രദ്ധിക്കപ്പെടും. മറ്റു പ്രാദേശിക കക്ഷികളും സര്‍ക്കാരിനെയോ പ്രതിപക്ഷത്തെയോ പ്രത്യക്ഷമായി പിന്തുണക്കുന്നില്ല. ഇവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നേക്കാം. 

പാര്‍ലമെന്റിന്റെ ചരിത്രത്തിലെ 27-ാം അവിശ്വാസ പ്രമേയമാണിത്. അവാസനമായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത അവിശ്വാസ പ്രമേയം 2003-ല്‍ സോണിയാ ഗാന്ധി ബാജ്‌പേയി സര്‍ക്കാരിനെതിരെ കൊണ്ടു വന്ന പ്രമേയമായിരുന്നു.
 

Latest News