ന്യൂദല്‍ഹി- സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് നീതി- നിയമ വിഭാഗവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി റിപ്പോര്‍ട്ട്. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയ്ക്ക് ഇത് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ജഡ്ജിമാര്‍ തങ്ങളുടെ സ്വത്തുവിവരങ്ങള്‍ സ്വമേധയാ സാക്ഷ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. അതിനാല്‍ ഉന്നത നീതിന്യായ വ്യവസ്ഥയിലെ എല്ലാ ജഡ്ജിമാരും തങ്ങളുടെ സ്വത്തുവിവരം നിര്‍ബന്ധമായി സാക്ഷ്യപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നു' എന്നാണ് ബി. ജെ. പി എം. പി സുശീല്‍ മോദി അധ്യക്ഷനായ പാനലിന്റെ നിര്‍ദേശം.
എം. പിമാരോ എം. എല്‍. എമാരോ ആയി മത്സരിക്കുന്നവരുടെ സ്വത്ത് വിവരം അറിയാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ ജഡ്ജിമാര്‍ തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്നത് യുക്തിയ്ക്ക് നിരക്കുന്നതല്ല. പൊതുപദവിയിലിരിക്കുന്നവര്‍ തങ്ങളുടെ സ്വത്ത് വിവരം നിര്‍ബന്ധമായും സാക്ഷ്യപ്പെടുത്തണം.
സുപ്രിം കോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ കെട്ടിക്കിടക്കുന്നതിലും കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തി. കോടതികളുടെ അവധികള്‍ വെട്ടിക്കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു.
ജുഡീഷ്യല്‍ സംവിധാനത്തില്‍ പിന്തുടര്ന്ന് പോരുന്ന അവധിക്കാലം ഒരു കൊളോണിയല്‍ പാരമ്പര്യമാണ്. കോടതി മുഴുവന്‍ അവധിക്കാലം ആഘോഷിക്കുന്നത് പരാതിയുമായി കോടതിയിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ ജഡ്ജിമാരും ഒരേസമയം അവധിയെടുക്കുന്നതിന് പകരം വര്‍ഷത്തില്‍ വ്യത്യസ്ത സമയങ്ങളില്‍ അവധി എടുക്കുന്നതായിരിക്കും ഉചിതം. അങ്ങനെയാകുമ്പോള്‍ കോടതികള്‍ എപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, പാര്ശ്വവല്ക്കരിക്കപ്പെട്ടവര് എന്നീ വിഭാഗങ്ങള്‍ക്ക് കൂടി ഉന്നത ജുഡീഷ്യറിയില്‍ സംവരണം ഏര്‍പ്പെടുത്തണമെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്തു.
സുപ്രിം കോടതിയുടെ പ്രാദേശിക ബെഞ്ചുകള്‍ ആരംഭിക്കണമെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്തു. നീതി ലഭിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. യാത്ര ചെയ്തെത്താന്‍ കഴിയാത്ത ദരിദ്രരായ രാജ്യത്തെ ജനങ്ങള്‍ക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നിര്‍ദ്ദേശമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.