കറുത്തതിന്റെ പേരില്‍ ഭാര്യയെ വെള്ളത്തില്‍ തള്ളിയിട്ട് കൊന്ന കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം - കറുത്ത നിറക്കാരിയായതിന്റെ പേരില്‍ ഭാര്യയെ  ശാസ്താംകോട്ട തടാകത്തില്‍ തള്ളിയിട്ട് കൊന്ന കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍. ദൃക്‌സാക്ഷികളില്ലാത്ത സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് കേസ് തെളിയിച്ചത.് കൊല്ലം തേവലക്കര പാലക്കല്‍ മുറിയില്‍ ബദരിയ മന്‍സിലില്‍ ഷിഹാബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയായിരുന്ന പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയാണ് 2015 ജൂണ്‍ 17ന് ശാസ്താംകോട്ട കല്ലുംമൂട്ട് കടവില്‍ തടാകത്തില്‍ മരിച്ചത്. ബോട്ട് ജെട്ടിയില്‍ വീണ് അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഷജീറ മൂന്നാം ദിവസം മരണപ്പെടുകയായിരുന്നു. ഷജീറയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് 2017 ല്‍ ക്രൈം ബ്രാഞ്ചാണ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയത്.ഷിഹാബിന്റെ രണ്ടാം ഭാര്യയായിരുന്നു ഷജീറ. വിവാഹം കഴിഞ്ഞ് ഏഴാം മാസമാണ് ഷജീറ കൊല്ലപ്പെട്ടത്. വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്ക് കിട്ടിയതെന്ന് പറഞ്ഞ് ഷിഹാബ് നിരന്തരം ഷജീറയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.  കൊലപാതകം നടന്ന ദിവസം കരിമീന്‍ വാങ്ങാമെന്ന പേരിലാണ് മണ്‍റോത്തുരുത്തിന് സമീപത്തെ പെരിങ്ങാലത്തേക്ക് ഷജീറയുമായി ഷിഹാബ് എത്തി. കരിമീന്‍ കിട്ടാതെ ഇവിടെ നിന്ന് മടങ്ങി. ആറരയോടെ ജങ്കാറില്‍ കല്ലുമൂട്ടില്‍ കടവില്‍ തിരികെ എത്തുകയും തലവേദനയാണെന്ന് പറഞ്ഞ് ഷിഹാബ് ഇരുട്ടും വരെ ഇവിടെ തുടര്‍ന്ന ഷജീറയെ  ബോട്ട് ജെട്ടിയിലെത്തിച്ച് വെള്ളത്തിലേക്ക് തള്ളിയിടുകയാണുണ്ടായതെന്നാണ്് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പറയുന്നത്.  സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ചോദ്യം ചെയ്യലില്‍ ഷിഹാബ് കുറ്റം സമ്മതിച്ചതായി് പൊലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

 

Latest News