- പിതാവിനെതിരായ സി.പി.എം ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് മകൻ
കോട്ടയം - പുതുപ്പളളിയിൽ ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്കൊപ്പം രാഷ്ട്രീയവും ചർച്ചയാവുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയും ഉമ്മൻചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിലെ പള്ളിലെത്തി പ്രാർത്ഥിച്ച് മടങ്ങവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്ര വേഗത്തിൽ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന്റെ മരണം കഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പിന് ഇറങ്ങേണ്ടി വരുന്നതിൽ മാനസിക ബുദ്ധിമുട്ടുണ്ട്. എങ്കിലും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയാവാൻ തനിക്ക് കഴിയില്ല. ഉമ്മൻചാണ്ടിയുടെ പിൻഗാമിയാവുക വെല്ലുവിളിയാണ്. സൂര്യനായിരുന്നു ഉമ്മൻചാണ്ടി. സൂര്യന്റെ പ്രഭയിൽ നിൽക്കുന്ന ചന്ദ്രൻ മാത്രമാണ് താൻ. താൻ പിൻഗാമിയാകണമെന്ന് പിതാവിന് ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. പിതാവിനെതിരായ സി.പി.എം വിമർശങ്ങൾക്ക് മറുപടി പറയാനില്ലെന്നും രാഷ്ട്രീയം ചർച്ചയാവുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സി.പി.എം സ്ഥാനാർത്ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് വിവരം.