സംവിധായകന്‍ സിദ്ദിഖിന്റെ കബറടക്കം വൈകിട്ട് 

കൊച്ചി- പ്രേക്ഷകരെ ആര്‍ത്തുചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചുമൊക്കെ എക്കാലത്തെയും ഹിറ്റുകള്‍ ഒരുക്കിയ ഹിറ്റ്മേക്കര്‍ സിദ്ദിഖ് സിനിമാലോകത്തെയാകെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയിരിക്കുകയാണ്. പുലര്‍ച്ചെ ഒരു മണിയോടെ എറണാകുളം കാക്കനാട് പള്ളിക്കരയിലെ വീട്ടില്‍ മൃതദേഹം എത്തിച്ചു. പൊതുദര്‍ശനത്തിനുമുന്‍പ് മൃതദേഹം വീട്ടിലെത്തിക്കണമെന്ന് ഭാര്യയടക്കമുള്ള ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. എട്ടരവരെ വീട്ടില്‍ തന്നെയാകും മൃതദേഹം സൂക്ഷിക്കുക. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ ഇവിടെ അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. എട്ടരയ്ക്ക് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനായി മൃതദേഹം എത്തിക്കും. പതിനൊന്നരയ്ക്ക് ശേഷം വീണ്ടും പള്ളിക്കരയിലെ വീട്ടിലേയ്ക്ക് മൃതദേഹം എത്തിക്കും. വൈകിട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലാണ് ഔദ്യോഗിക ബഹുമതികളോടെ കബറടക്കം.ഇന്നലെ രാത്രി 9.02ന് അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു. ന്യുമോണിയയെ തുടര്‍ന്ന് ജൂലൈ പത്തിനാണ് സിദ്ദിഖിനെ അമൃതയില്‍ പ്രവേശിപ്പിച്ചത്. 

Latest News