Sorry, you need to enable JavaScript to visit this website.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ 11 ന് പ്രഖ്യാപിക്കും

കോട്ടയം- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെന്ന വൈകാരികതക്ക് അപ്പുറം ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാനൊരുങ്ങി സിപിഎം. 11 ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഉപതെരഞ്ഞെടുപ്പ് ചുമതല മന്ത്രി വി എന്‍ വാസവനെ ഏല്‍പ്പിച്ചു. അതേസമയം, മൂന്ന് പേരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണനയിലുള്ളത്. എന്‍ ഹരിയടക്കമുള്ള നേതാക്കളാണ് സാധ്യതാ പട്ടികയിലുള്ളത്. ജോര്‍ജ് കുര്യന്‍, ലിജിന്‍ ലാല്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്.
ഉമ്മന്‍ചാണ്ടിയെന്ന വൈകാരികതയുണ്ട്, ഉപതെരഞ്ഞെടുപ്പ് സാഹചര്യവുമാണ്, എങ്കിലും പുതുപ്പള്ളി അങ്ങനെ എഴുതിത്തള്ളാവുന്ന മണ്ഡലമാണെന്ന് സിപിഎം കരുതുന്നില്ല. പാര്‍ട്ടി സംഘടനാ സംവിധാനവും സര്‍ക്കാര്‍ മെഷിനറിയും പൂര്‍ണ്ണമായും ഇനി പുതുപ്പള്ളി കേന്ദ്രീകരിക്കുകയാണ്. രണ്ട് തവണ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്ക് സി തോമസ് ആദ്യ പരിഗണനകളില്‍ തന്നെയുണ്ട്, മുന്‍പ് പുതുപ്പള്ളിയില്‍ മത്സരിച്ച റജി സഖറിയയുടെ പേരുണ്ട്. ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും അന്തിമ പേരിലേക്ക് കാര്യങ്ങളിതുവരെ എത്തിയിട്ടില്ല. പതിനൊന്ന് മുതല്‍ നാല് ദിവസം സംസ്ഥാന നേതൃയോഗങ്ങള്‍ ചേരുന്നുണ്ട്. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.
സിപിഎം ബൂത്ത് തലം മുതല്‍ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കി കഴിഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന സമിതി അംഗങ്ങള്‍ക്ക് പഞ്ചായത്തുകളുടെ ചുമതല നല്‍കിയിട്ടുണ്ട്. വ്യക്തി പ്രഭാവത്തിന് അപ്പുറം പുതുപ്പള്ളിയില്‍ കുറഞ്ഞ് കുറഞ്ഞ് വന്ന ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം. എട്ട് പഞ്ചായത്തുകളില്‍ ആറിലും ഇടത് ഭരണം. സഭാസമ്മേളനം കൂടി വെട്ടിച്ചുരുക്കിയാല്‍ പിന്നെ മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും എല്ലാം പുതുപ്പള്ളിയിലേക്ക് കേന്ദ്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം.

Latest News