Sorry, you need to enable JavaScript to visit this website.

നഗരസഭ ചെയർമാൻ ഒഴിപ്പിച്ച കട  അതേ സ്ഥലത്ത് വീണ്ടും

തൊടുപുഴ നഗരസഭ ചെയർമാൻ ഒഴിപ്പിച്ച കട പുനസ്ഥാപിച്ചിരിക്കുന്നു  

തൊടുപുഴ- നഗരസഭ ചെയർമാൻ ഒഴിപ്പിച്ച അതേ സ്ഥലത്ത് ഇരുണ്ടു വെളുക്കും മുമ്പ് കട പുനസ്ഥാപിച്ച്  വഴിയോര കൈയേറ്റക്കാരുടെ വെല്ലുവിളി. കഴിഞ്ഞ ദിവസം നഗരസഭ ചെയർമാന്റെയും  പി. ഡബ്ല്യു. ഡി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ മങ്ങാട്ടുകവല- കാഞ്ഞിരമറ്റം ബൈപ്പാസിൽ നിന്ന് ഒഴിപ്പിച്ച അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും താത്കാലിക ഷെഡ് നിർമിച്ചിരിക്കുന്നത്.  റോഡരികിൽ നിന്ന്  പി. ഡബ്ല്യു. ഡി നിർദേശിച്ച അകലം പാലിക്കാതെ സ്വകാര്യ വ്യക്തിയുടെ  സ്ഥലത്താണ്  കട സ്ഥാപിച്ചിരിക്കുന്നത്.   നഗരസഭയിൽ നിന്ന് യാതൊരു അനുമതിയുമില്ലാതെയാണ് അനധികൃതമായി താത്കാലിക ഷെഡ് നിർമിച്ചിരിക്കുന്നത്. 
ഞായറാഴ്ച രാവിലെയാണ് കാഞ്ഞിരമറ്റം- മങ്ങാട്ടുകവല ബൈപാസിൽ റോഡ് കൈയേറിയുള്ള വഴിയോര കച്ചവടം പൊതുമരാമത്ത്, നഗരസഭാ അധികൃതർ പോലീസ് സഹായത്തോടെ പൊളിച്ചു നീക്കിയത്.  അന്നു തന്നെ ഇതിൽ നിന്ന് അൽപ്പം  മാറി  വീണ്ടും കട സ്ഥാപിക്കാനുള്ള ശ്രമം അധികൃതർ തടഞ്ഞിരുന്നു.  കട ഇരുന്ന സ്ഥലത്ത് നിന്ന് രണ്ട് മീറ്ററെങ്കിലും ഉള്ളിലേക്ക് മാറി വേണം സ്ഥാപിക്കാനെന്ന് നിർദേശം നൽകിയിരുന്നു. ഇതെല്ലാം കാറ്റിൽ പറത്തിയാണ്   ഷെഡ്ഡ് സ്ഥാപിച്ചത്. ഇവർക്ക് രാഷ്ട്രീയ പിൻബലമുണ്ടെന്ന ആരോപണം ശക്തമാണ്. 
ഇപ്പോൾ കട സ്ഥാപിച്ചിരിക്കുന്നത് റോഡിൽ നിന്ന് നിയമാനുസൃത അകലം പാലിക്കാതെയാണ്.  കടയുടെ ഭൂരിഭാഗവും സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായതിനാൽ ഇയാൾക്കെതിരെ കേസെടുക്കുമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.

Latest News