മിമിക്രി വേദികളിലും തിരശീലയിലും ചിരിയുടെ തരംഗം സൃഷ്ടിച്ച സിദ്ദീഖ് മലയാള സിനിമയിലെ സൗമ്യവും കുലീനവുമായ സാന്നിധ്യമായിരുന്നു. മദ്യപിക്കാത്ത, പുകവലിക്കാത്ത, എല്ലാവരോടും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും മാത്രം ഇടപെട്ടിരുന്ന, മൃദുഭാഷിയായിരുന്ന സിദ്ദീഖിന്റെ അന്ത്യം പ്രിയപ്പെട്ടവർക്ക് ആഘാതമായി. അന്തർമുഖനായ കൗമാരക്കാരനിൽ നിന്ന് ഇന്ത്യ മുഴുവൻ അറിയുന്ന സംവിധായകനായുള്ള സിദ്ദീഖിന്റെ വളർച്ചക്ക് പിന്നിൽ കഠിനാധ്വാനവും സമ്പൂർണ സമർപ്പണവുമായിരുന്നു. സിനിമയിൽ എത്തിപ്പെടാൻ മദ്രാസിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തെ പട്ടിണിയും പരിവട്ടവും നിറഞ്ഞ അനുഭവങ്ങൾ തങ്ങളുടെ രചനകളിലൂടെ സിനിമയിലേക്ക് പറിച്ചുനട്ടുകൊണ്ടാണ് സിദ്ദിഖ്-ലാൽ മലയാള സിനിമയിൽ പുതിയ പ്രമേയ പരിസരവും ആഖ്യാന ശൈലിയും അവതരിപ്പിച്ചത്.
പഠനത്തിൽ പിന്നിലായിരുന്ന സിദ്ദീഖിനെ ഒന്നിനും കൊള്ളാത്തവൻ എന്ന അർഥത്തിൽ കന്നാസ് എന്നാണ് അടുപ്പക്കാർ പലരും വിശേഷിപ്പിച്ചിരുന്നത്. പഠനത്തേക്കാളേറെ കലയോടായിരുന്നു അന്നേ സിദ്ദിഖിന് താൽപര്യം. കൊച്ചിൻ കലാഭവനിലൂടെ മിമിക്രി രംഗത്ത് എത്തി. കലാഭവൻ ട്രൂപ്പിനു വേണ്ടി അദ്ദേഹം എഴുതിയ സ്‌കിറ്റുകൾ വേദികളിൽ ഹിറ്റുകളായിരുന്നു. മിമിക്രി വേദിയിൽ നിന്ന് എത്തിയ സിദ്ദീഖിനെയും ലാലിനെയും സിനിമയിലേക്ക് ചേർത്തുപിടിച്ചത് സംവിധായകൻ ഫാസിലാണ്. 'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്' മുതൽ സിദ്ദിഖും ലാലും ഫാസിലിന്റെ നിരവധി സിനിമകളിൽ സഹസംവിധായകനായി ഏറെ കാലം പ്രവർത്തിച്ചു.
1986 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയ്ക്ക് തുടക്കമാവുകയായിരുന്നു. മോഹൻലാൽ-ശ്രീനിവാസൻ ടീം വേഷമിട്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത ചിത്രം. നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. പിന്നീട് കമലിനൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിൽ സഹസംവിധായകരായി ഇരുവരും പ്രവർത്തിച്ചു.
1989 ൽ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാൽ ജോഡിയുടെ ആദ്യ ചിത്രം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. മോഹൻലാലിനെ നായകനാക്കി ചെയ്യാനിരുന്നതാണ് റാംജിറാവു. എന്നാൽ ലാലിന്റെ ഡേറ്റ് കിട്ടാതെ വന്നതോടെ സായ്കുമാർ എന്ന പുതുമുഖത്തെ നായകനായി അവതരിപ്പിച്ചാണ് അവർ ആദ്യ ചിത്രമൊരുക്കിയത്. റാംജി റാവു മലയാള സിനിമയിൽ അതുവരെയുള്ള ചിരിപ്പടങ്ങളിൽ നിന്നുള്ള വേറിട്ട സിനിമയായിരുന്നു. റാംജി റാവു ഗംഭീര വിജമായതോടെ ഇരുവർക്കും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചു. ഗോഡ് ഫാദർ മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമാണ്. 1991 ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരവും ഗോഡ്ഫാദറിനെ തേടിയെത്തി. നാടകാചാര്യൻ എൻ.എൻ പിള്ളയെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കാൻ കാണിച്ച ധൈര്യമാണ് ഗോഡ്ഫാദറിന് കരുത്തായത്. ഹൽചൽ എന്ന പേരിൽ 2004 ൽ പ്രിയദർശൻ ഗോഡ്ഫാദർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.
മാന്നാർ മത്തായിയ്ക്ക് ശേഷം സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞത് കുടുംബങ്ങൾ തമ്മലുണ്ടായ ഈഗോയുടെ പേരിലായിരുന്നു. ലാലില്ലാതെ സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ്‌ലറാണ്. മമ്മൂട്ടി നായകനായ ഈ ചിത്രം വൻവിജയമായി. പിന്നീട് ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഫ്രണ്ടസ് എന്ന ചിത്രവും തരംഗം സൃഷ്ടിച്ചു. അന്യഭാഷകളിലും വലിയ ചർച്ചയായ ഫ്രണ്ട്സ് 2001 ൽ തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. മമ്മൂട്ടിയെ നായകനാക്കി 2003 ൽ സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലർ എന്ന ചിത്രവും ഗംഭീര വിജയം നേടി. അതിന് ശേഷം എങ്കൾ അണ്ണാ, സാധു മിരണ്ടാ തുടങ്ങി തമിഴിൽ രണ്ട് ചിത്രങ്ങൾ ഒരുക്കി.
സിദ്ദിഖിന്റെ കരിയറിൽ മറ്റൊരു വഴിത്തിരിവായിരുന്നു 2010 ൽ പുറത്തിറങ്ങിയ ബോഡിഗാർഡ്. ദിലീപ്, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം മലയാളത്തിൽ ഹിറ്റും തമിഴിൽ 2011 ൽ കാവലൻ എന്ന പേരിൽ സൂപ്പർ ഹിറ്റും ഹിന്ദിയിൽ മെഗാഹിറ്റുമായി. വിജയ്, അസിൻ എന്നിവരാണ് തമിഴിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൽമാൻ ഖാനും കരീന കപൂറുമാണ് ഹിന്ദി ബോഡി ഗാർഡിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹിന്ദിയിൽ 200 കോടി ക്ലബിൽ കയറിയ ബോഡി ഗാർഡ് ഇന്ത്യൻ സിനിമയിൽ ശ്രദ്ധിക്കുന്ന പേരായി സിദ്ദീഖിനെ മാറ്റി. എന്നാൽ പിന്നീട് ഈ വിജയം ആവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.
ലേഡീസ് ആന്റ് ജന്റിൽ മാൻ, കിംഗ് ലയർ, ഫുക്രി, ഭാസ്‌കർ ദ റാസ്‌കൽ, ബിഗ് ബ്രദർ എന്നിവയായിരുന്നു പിന്നാലെ വന്ന ചിത്രങ്ങൾ. 2020 ഇറങ്ങിയ ബിഗ് ബ്രദർ വൻ പരാജയമായതോടെ പുതിയപ്രമേയങ്ങളുമായി തിരിച്ചുവരവിനുള്ള ഒരുക്കത്തിലായിരുന്നു സിദ്ദീഖ്. മലയാളത്തിന് ഇനിയും ലഭിക്കേണ്ടിയിരുന്ന ഒരുപിടി സിനിമകൾ സ്വപ്‌നമായി ശേഷിപ്പിച്ചാണ് സിദ്ദിഖിന്റെ അപ്രതീക്ഷിത വിടവാങ്ങൽ.