Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രണ്ടായിരം രൂപ നൽകി സിദ്ദീഖ് പ്രവാസിയാക്കിയ മലപ്പുറത്തെ കബീർ സൗദിയിലുണ്ട്

വാദി ദവാസിർ- പ്രശസ്ത ചലച്ചിത്ര സംവിധായകൻ സിദ്ദീഖിൻ്റെ നിര്യാണം വാദി ദവാസിറിൽ പ്രവാസിയായ അബ്ദുൽ കബീറിന് വലിയ നഷ്ടമാണ്. മുപ്പത് വർഷം മുമ്പ് സൗദി അറേബ്യയിലേക്ക് വിസ ശരിയായപ്പോൾ രണ്ടായിരം രൂപ നൽകി സഹായിച്ച സിദ്ദീഖിൻ്റെ അകാലത്തിലുള്ള വേർപാട് മലപ്പുറം കുന്നുമ്മൽ സ്വദേശിയായ കൂട്ടീരി അബ്ദുൽ കബീറിനെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

മൂന്ന് പതിറ്റാണ്ട് മുമ്പ് കോഴിക്കോട്ട് 'ഗോഡ്ഫാദർ' എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് ഇരട്ട സംവിധായകരായ സിദ്ദീഖിനെയും ലാലിനെയും  അബ്ദുൽ കബീർ പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ സൗഹൃദം സിദ്ദീഖിൻ്റെ മരണം വരെ തുടർന്നു.

മലപ്പുറം എം.എസ്.പി ഹൈസ്കൂളിലെ പഠനശേഷം കുന്നുമ്മൽ ജംഗ്ഷനിൽ ഉന്ത് വണ്ടിയിൽ കടലക്കച്ചവടം നടത്തിയിരുന്ന അബ്ദുൽ കബീർ പ്രൊഡക്ഷൻ ബോയിയുടെ ജോലി മോഹിച്ചാണ് സിദ്ദീഖ് ലാലിനെ സമീപിച്ചത്.
സിനിമാ പിന്നണിയിൽ ജോലി ചെയ്യാൻ കടമ്പകളേറെയുണ്ടെന്ന് അവർ വിശദീകരിച്ചപ്പോൾ തൻ്റെ മോഹം കബീർ ഉപേക്ഷിക്കുകയായിരുന്നു.എന്നാൽ, അവിടുന്നങ്ങോട്ട് സിദ്ദീഖ് ലാലുമായി കബീർ  സൗഹൃദത്തിലായി.അതിനിടയിലാണ് സൗദി അറേബ്യയിലെ വാദി ദവാസറിലെ മുനിസിപ്പാലിറ്റിയിലേക്ക് കബീറിന് വിസ ശരിയാകുന്നത്. വിസക്കുള്ള പൈസ ഒപ്പിച്ചെടുക്കാനുള്ള പാച്ചിലിനിടയിലാണ് കബീർ യാത്ര പറയുക എന്ന ഉദ്ദേശത്തോടെ സിദ്ദീഖ്ലാലിനെ സമീപിക്കുന്നത്. വിസക്ക് എത്ര പൈസയായി, പണമെല്ലാം ശരിയായോ എന്നു ചോദിച്ചു കൊണ്ട് രണ്ടായിരം  രൂപ സിദ്ദീഖും ലാലും നൽകുകയായിരുന്നു. അപ്രതീക്ഷിതമായ ആ സഹായം ഏറെ സന്തോഷത്തോടെ നിറഞ്ഞ കണ്ണുകളോടെയാണ് കബീർ സ്വീകരിച്ചത്.

സൗദിയിൽ നിന്നും അവധിക്ക് നാട്ടിൽ പോകുമ്പോഴെല്ലാം കൊച്ചിയിലെ സിദ്ദീഖിൻ്റെയും ലാലിൻ്റെയും വീടുകളിൽ കബീർ സന്ദർശനം നടത്തിയിരുന്നു. സിദ്ദീഖ് ലാൽ സിനിമകളുടെ ചിത്രീകരണ സമയത്താണ് നാട്ടിലെത്തിയതെങ്കിൽ ഷൂട്ടിംഗ് പരിസരത്തേക്ക് കബീറിന് പ്രവേശനം നൽകുകയും സിനിമാ നടൻമാരൊത്ത് ഫോട്ടോയെടുക്കാൻ സിദ്ദീഖും ലാലും അനുവാദം നൽകുകയും ചെയ്തിരുന്നു.കബീർ മുഖേന തൻ്റെ മിമിക്രി ആർട്ടിസ്റ്റായിരുന്ന സഹോദരൻ കൂട്ടീരി മുജീബ് റഹ്മാനും(ഷാർജ) സിദ്ദീഖ് ലാലുമായി അടുത്ത ബന്ധമായിരുന്നു.മുജീബ്,സിദ്ദീഖ് ലാലിൻ്റ ഗുരുവായ ഫാസിൽ സംവിധാനം ചെയ്ത 'അനിയത്തിപ്രാവ്' എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

വാദി ദവാസിറിലെ  പ്രവാസ ജീവിതം അൻപത്തിയൊന്നാം വയസ്സിലും കബീർ  തുടരുകയാണ്. ദീർഘകാലം മുനിസിപ്പാലിറ്റിയിൽ ഓഫീസ് ബോയിയായിരുന്നു. ഇപ്പോൾ ബഖാലയിലാണ് ജോലി.

Latest News