മരണപ്പെട്ടെന്ന് കരുതിയ ബിജെപി നേതാവ് സംസ്‌കാര ചടങ്ങുകള്‍ക്കിടെ കണ്ണുതുറന്നു

ന്യൂദല്‍ഹി-സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ മരണപ്പെട്ടെന്ന് കരുതിയ ബിജെപി നേതാവ് കണ്ണുതുറന്നു. ഉത്തര്‍പ്രദേശിലെ ബിജെപി നേതാവായ മഹേഷ് ബാഗേല്‍ ആണ് അത്ഭുതകരമായി ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്. ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ച ശേഷമായിരുന്നു സംഭവം. നെഞ്ചില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്നാണ് മഹേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മക്കളായ അഭിഷേകും അങ്കിതും ചേര്‍ന്ന് മൃതദേഹം വീട്ടിലെത്തിച്ചു. മഹേഷിന്റെ മരണവിവരം അറിഞ്ഞ് വീട്ടില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ബന്ധുക്കളും ഉള്‍പ്പെടെ വന്‍ ജനാവലി തന്നെ തടിച്ചുകൂടിയിരുന്നു. അന്ത്യകര്‍മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിനിടെയാണ് ബോധം തിരിച്ച് കിട്ടിയ മഹേഷ് ബാഗേല്‍ അപ്രതീക്ഷിതമായി കണ്ണ് തുറന്നത്. ചുറ്റും കൂടിനിന്നവര്‍ക്കൊന്നും ആദ്യം വിശ്വസിക്കാനായില്ല. മൃതദേഹം വീട്ടിലെത്തിച്ച് അര മണിക്കൂറിന് ശേഷമാണ് സംഭവം. കണ്ണ് തുറന്ന് അല്‍പ്പസമയത്തിനകം ശരീരം ഇളകുക കൂടി ചെയ്തതോടെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ വിവരമറിയിച്ചു. തുടര്‍ന്ന് മഹേഷിനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ചികിത്സിക്കുകയാണെന്നും ആരോഗ്യനില മെച്ചപ്പെടുകയാണെന്നും സഹോദരന്‍ ലഖാന്‍ സിംഗ് ബാഗേല്‍ അറിയിച്ചു. മരണപ്പെട്ടെന്ന വിവരമറിഞ്ഞ് നിരവധിപേരാണ് മഹേഷിന് അനുശോചനം രേഖപ്പെടുത്തിയത്.

Latest News