Sorry, you need to enable JavaScript to visit this website.

ഇടതു സർക്കാരിനെതിരേ സമരം ശക്തമാക്കാൻ യു.ഡി.എഫ്

കേരളത്തിൽ കാണം വിറ്റും ഓണമുണ്ണാൻ 
കഴിയാത്ത അവസ്ഥ-എം.എം ഹസൻ 


മലപ്പുറം-എൽ.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രദേശിക തലങ്ങളിൽ സമരം ശക്തമാക്കാനുറച്ച് യുഡിഎഫ്. ഇതു സംബന്ധിച്ച് മലപ്പുറത്ത് ചേർന്ന സ്പെഷൽ കൺവൻഷൻ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കാണം വിറ്റും ഓണമുണ്ണാൻ പറ്റാത്ത അവസ്ഥയിലാണുള്ളതെന്നും വിലക്കയറ്റം അത്രമേൽ ജനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓണത്തിന് മനസറിഞ്ഞൊരു സദ്യ കഴിക്കാൻ 
കഴിയാത്തവിധം വിലക്കയറ്റം കേരളത്തെ വരിഞ്ഞുമുറുക്കിയിട്ടുണ്ട്. ഇതിനെ മറികടക്കാൻ സർക്കാർ തലത്തിൽ ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. കിറ്റെല്ലാം തെരഞ്ഞെടുപ്പു കാലത്തേക്ക് മാത്രമായി സി.പി.എം പരിമിതപ്പെടുത്തി. കേരള
ജനത ഇന്നനുഭവിക്കുന്ന ദുരിതം ഒരു ഭരണകാലത്തും കണ്ടിട്ടില്ലാത്തതാണ്. വിദ്യാഭ്യാസ രംഗത്തും വലിയ തകർച്ചയാണ് സംസ്ഥാനത്തിനുണ്ടായത്. ഉന്നതവിദ്യാഭ്യാസ രംഗം ആന കയറിയ കരിമ്പിൻതോട്ടം പോലെയാക്കി. എ.ഐ കാമറ ഉൾപ്പെടെ അഴിമതിയുടെ ഘോഷയാത്രയാണ് ഭരണതലത്തിൽ നടക്കുന്നത്. ഇതിനെതിരെ പല ദിക്കുകളിലായി ശക്തമായ പ്രക്ഷോഭങ്ങളാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെയെല്ലാം സംയോജിപ്പിച്ചു സർക്കാരിനെതിരെ സമരം കൂടുതൽ ശക്തമാക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ഇതിന്റെ തുടക്കമെന്നോണം 
സെപ്തംബർ  നാലു മുതൽ 10 വരെ പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ പദയാത്ര സംഘടിപ്പിക്കുമെന്നും സെപ്തംബർ 12ന് സെക്രട്ടറിയറ്റ് പടിക്കൽ നടത്തുന്ന പ്രതിഷേധ മാർച്ച് കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധമാകുമെന്നും ഹസൻ പറഞ്ഞു. 
യു.ഡി.എഫ് ചെയർമാൻ പി.ടി അജയ്‌മോഹൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ  കെ.എൻ.എ ഖാദർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ യു.ഡി.എഫ് കൺവീനർ അഷ്റഫ് കോക്കൂർ, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, ഘടകകക്ഷി നേതാക്കളായ ഉമർ അറക്കൽ, സലീം കുരുവമ്പലം, നൗഷാദ് മണ്ണശേരി, എ.പി ഉണ്ണികൃഷ്ണൻ, മാത്യു വർഗീസ്, മുഹമ്മദ്കുട്ടി വെന്നിയൂർ, കാരയിൽ വാസു, റഷീദ് കെഡിപി, അനസ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, സറീന ഹസീബ്, കെ.പി. അബ്ദുൾ മജീദ്, വി. ബാബുരാജ് എന്നിവർ പസംഗിച്ചു. യു.ഡി.എഫ് പഞ്ചായത്ത്, മുനിസിപ്പൽ, നിയോജകമണ്ഡലം ചെയർമാൻ, കൺവീനർമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, തദ്ദേശസ്ഥാപനങ്ങളിലെ 
അധ്യക്ഷൻമാർ എന്നിവർ കൺവൻഷനിൽ പങ്കെടുത്തു.

Latest News