Sorry, you need to enable JavaScript to visit this website.

ആരോരുമോർക്കാതെ ബർലിൻ കുഞ്ഞനന്തൻ നായരുടെ ഒന്നാം ചരമവാർഷികം

 ബർലിൻ കുഞ്ഞനന്തൻ നായർ.

കണ്ണൂർ-സി.പി.എമ്മുമായി ഇടഞ്ഞപ്പോൾ നടത്തിയ പ്രതികരണങ്ങൾ മരണാനന്തരവും വേട്ടയാടി, കേരളം കണ്ട പ്രമുഖ കമ്യുണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായരുടെ ഒന്നാം ചരമവാർഷികം ആരോരുമറിയാതെ കടന്നു പോയി. പാർട്ടി പതാക പുതച്ച് അന്ത്യയാത്രയെന്ന അവസാന അഭിലാഷം സാധ്യമായെങ്കിലും സ്വന്തം നാടായ നാറാത്ത് പോലും ഒന്നാം വാർഷികത്തിൽ ബർലിനെ അനുസ്മരിക്കാൻ ചെറു ചടങ്ങു പോലും നടന്നില്ല. ബാലസംഘത്തിന്റെ അന്നത്തെ സംഘടനാരൂപം കെട്ടിപ്പടുക്കാൻ മുൻകൈയെടുക്കുകയും സാക്ഷാൽ ഇ.കെ.നായനാർക്കൊപ്പം മുഖ്യഭാരവാഹിത്വം പങ്കിടുകയും ചെയ്ത, പിന്നിട് ലോകമറിയുന്ന പത്രപ്രവർത്തകനായ ബർലിനാണ് ചുവപ്പിന്റെ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂരിൽ അവഗണന നേരിടേണ്ടി വന്നത്.
2022 ഓഗസ്റ്റ് 8 നായിരുന്നു ബർലിൻ വിട പറഞ്ഞത്.  അദ്ദേഹത്തിന്റെ സ്മരണപുതുക്കാൻ കുടുംബക്കാരോ പാർട്ടിയോ ചടങ്ങുകളൊന്നും സംഘടിപ്പിച്ചിട്ടില്ല. ഇന്ന് ജീവിച്ചിരിക്കുന്ന ഏതൊരു നേതാക്കളെക്കാളും പാർട്ടി അനുഭവങ്ങൾ ഉള്ള ബർലിൻ, 1943 ൽ ബോംബെയിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു. ജർമനിയിൽ 30 വർഷം പത്രപ്രവർത്തകനായിരുന്ന അദ്ദേഹം, നാട്ടിൽ മടങ്ങിയെത്തിയ ശേഷം പാർട്ടി നിർദ്ദേശപ്രകാരം തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലും ദീർഘകാലം പ്രവർത്തിച്ചു.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ ചെറുകുന്നിൽ കോളങ്കട പുതിയ വീട്ടിൽ അനന്തൻ നായരുടേയും ശ്രീദേവിയുടേയും മകനായി 1926 നവംബർ 26ന് ജനിച്ചു. നാറാത്ത് ഈസ്റ്റ് എൽ.പി. സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ് വരെ കണ്ണാടിപറമ്പ് ഹയർ എലമെൻററി സ്‌കൂളിലും തേഡ് ഫോറത്തിൽ കണ്ണൂർ ടൗൺ മിഡിൽ സ്‌കൂളിലും ഫോർത്ത് ഫോറം മുതൽ പത്താം ക്ലാസ് വരെ ചിറക്കൽ രാജാസ് സ്‌കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പന്ത്രണ്ടാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ബാലഭാരത സംഘം സെക്രട്ടറിയായി ഇ.കെ.നായനാർക്കൊപ്പം പ്രവർത്തിച്ചു. കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്ന സമയത്ത്, പാർട്ടി നേതാക്കളെയും സന്ദേശങ്ങളും സുരക്ഷിതമായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകുന്ന ചുമതലയാണ് കുഞ്ഞനന്തൻ നിർവഹിച്ചിരുന്നത്. 1962ൽ ബർലിനിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി പത്രങ്ങളുടെ ലേഖകനായി. ദീർഘകാലം ബർലിനിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി പത്രങ്ങളുടെ ലേഖകനായിരുന്നു. അതേത്തുടർന്നാണ് ബർലിൻ കുഞ്ഞനന്തൻ നായർ എന്ന് അറിയപ്പെട്ടത്. ഇഎംഎസിനും എകെജിയ്‌ക്കൊപ്പവും പ്രവർത്തിച്ചു. പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം ചേർന്നു. 1965 മുതൽ 82 വരെ 'ബ്ലിറ്റ്‌സിന്റെ' യൂറോപ്യൻ ലേഖകൻ. സി.ഐ.എയെക്കുറിച്ച് 'ഡെവിൾ ഇൻ ഹിസ് ഡാർട്ട്' എന്ന അന്വേഷണാത്മക ലേഖനങ്ങളടങ്ങുന്ന പുസ്തകം രചിച്ചു. പൊളിച്ചെഴുത്ത്, ഒളികാമറകൾ പറയാത്തത് തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പാർട്ടി രഹസ്യങ്ങളുടെ തുറന്നുപറച്ചിലാണ്.
പാർട്ടിയിൽ പിണറായിയുമായി ആത്മ ബന്ധമുണ്ടായിരുന്ന ബർലിൻ, പാർട്ടിയിൽ വിഭാഗീയത കത്തി നിന്ന സമയത്ത് വി.എസിനൊപ്പം നിൽക്കുകയും പലതും തുറന്നു പറയുകയും ചെയ്തതോടെയാണ് 2005ൽ പാർട്ടിയിൽ നിന്നും പുറത്തായത്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ബർലിനെ കാണാൻ വി.എസ്, നാറാത്തെ വസതിയിലെത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പിന്നീട് പത്തു വർഷങ്ങൾക്ക് ശേഷമാണ്  2015ൽ ബെർലിന് പാർട്ടി അംഗത്വം തിരികെ ലഭിക്കുന്നത്. പിന്നീട് മരണം വരെ അദ്ദേഹം ഏറെക്കുറെ നിശബ്ദനായിരുന്നു.
വിഭാഗീയ കാലത്ത് പിണറായിക്കെതിരെ പ്രസംഗങ്ങളിലും പുസ്തകങ്ങളിലും നടത്തിയ പല പരാമർശങ്ങളും പിന്നീട് അദ്ദേഹത്തിന് തിരിച്ചടിയായി. സ്വർണ്ണക്കള്ളക്കടത്ത് വിവാദ സമയത്തും പിന്നീടും ഈ വിവാദ പരാമർശങ്ങൾ പ്രതിപക്ഷ പാർട്ടികൾ തുടരെത്തുടരെ എടുത്തുപയോഗിക്കുകയും പാർട്ടി നേതൃത്വവും സർക്കാരും പലതവണ പ്രതിരോധത്തിലാവുകയും ചെയ്തു. ബർലിന്റെ അതു കൊണ്ടു തന്നെ ഒന്നാം ചരമവാർഷികം ആചരിക്കാൻ പാർട്ടി തലത്തിൽ യാതൊരു നിർദ്ദേശവും ഉണ്ടായില്ല. കുഞ്ഞനന്തൻ നായരുടെ ഭാര്യ സരസ്വതി പ്രായാധിക്യം മൂലം  ശാരീരികാവശതയിലാണ്. ഏക മകൾ ഉഷയും കുടുംബവും ജർമനിയിലാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ
അവർ പല തവണ നാട്ടിൽ വന്ന് തിരിച്ചുപോയി.
അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്ത് ഏർപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് കുഞ്ഞനന്തൻ നായരുടെ ആത്മകഥയിൽ ചില നിർദേശങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കിടപ്പുമുറി മകൾ നാട്ടിൽ വന്നപ്പോൾ പൊളിച്ചുപണിതു. കുഞ്ഞനന്തൻ നായർക്ക് സ്മാരകം നിർമ്മിക്കുന്നത് സംബന്ധിച്ച് പാർട്ടിയോ കുടുംബമോ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണ് വിവരം.   

Latest News