ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാക്കുള്ള ശുപാര്‍ശ തള്ളണമെന്ന് ഗവര്‍ണ്ണറോട് രമേശ് ചെന്നിത്തല

തിരുവനന്തപുരം - മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി  ജസ്റ്റിസ് മണികുമാറിനെ നിയമിക്കാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ തള്ളണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. മണികുമാറിന്റെ നിയമന തീരുമാനം മനുഷ്യാവകാശ സങ്കല്പങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചെന്നിത്തല ആരോപിച്ചു. ജഡ്ജിയായിരിക്കേ അദ്ദേഹം പുറപ്പെടുവിച്ച പല വിധികളും മനഷ്യാവകാശങ്ങള്‍ക്ക് എതിരാണെന്ന് ചെന്നിത്തല ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. 2018-ലെ പ്രളയം സര്‍ക്കാരിന്റെ പരാജയം മൂലമുണ്ടായ മനുഷ്യനിര്‍മ്മിത ദുരന്തമായിരുന്നുവെന്ന് പറഞ്ഞ് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ഋഷികേശ് റോയ് നടപടിയെടുത്തിരുന്നു. ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിനും നഷ്ടത്തിനും നടപടിയെടുക്കുന്നതിനുള്ള കാര്യങ്ങളും സ്വീകരിച്ചു. എന്നാല്‍ തുടര്‍ന്നു വന്ന ചീഫ് ജസ്റ്റീസായ ജസ്റ്റിസ് മണികുമാര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. കോവിഡ് കാലത്ത് പൗരന്മാരുടെ വിലപ്പെട്ട ഡാറ്റ, സ്പ്രിംഗളര്‍ കമ്പനിക്ക് മറിച്ചു കൊടുത്ത സംഭവത്തിലും ജസ്റ്റിസ് മണികുമാര്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ചായും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.  ഈ രണ്ടു കേസുകളിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ് ചെയ്തത്. മാത്രമല്ല സര്‍ക്കാരിനെതിരായി വന്ന നിരവധി അഴിമതി കേസുകളിലും തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുകയാണ് ജസ്റ്റിസ് മണികുമാര്‍ ചെയ്തതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

 

Latest News