Sorry, you need to enable JavaScript to visit this website.

കേട്ടറിഞ്ഞവർക്ക് മണലാരണ്യം; കണ്ടറിഞ്ഞവർക്ക് പറുദീസ, ഇത് സൗദി അറേബ്യ

സൗദിയിലെ ഒരു മലയോര ഗ്രാമം
അബഹ ചുരത്തിന്റെ രാത്രികാല ദൃശ്യം
സൗദി യാത്രാസംഘം
മഞ്ഞിന്റെ കൗതുകവുമായി കുഞ്ഞ്
മൂടൽമഞ്ഞണിഞ്ഞ തായിഫ്
സൗദിയിലെ ഒരു മലയോര ഗ്രാമം
അൽബാഹയിലെ ഒരു വെള്ളച്ചാട്ടം
അൽമന്ദക്കിലെ അണക്കെട്ട്

കേട്ടറിഞ്ഞവർക്ക് സൗദി അറേബ്യ ഒരു മണലാരണ്യം മാത്രമാണ്.  മരുഭൂമികൾക്ക് നടുവിലെ പട്ടണങ്ങൾ -ഇതാണ് പൊതുവിൽ ഉള്ള സൗദിയുടെ ചിത്രം. അധികമായി പട്ടണങ്ങൾ വിട്ട് യാത്ര ചെയ്യാൻ ശ്രമിക്കാത്തവർക്കും  ഇതേ ചിന്താഗതിയാണുള്ളത്. എന്നാൽ കണ്ടറിഞ്ഞവർക്കും കൂടുതൽ യാത്ര ചെയ്യാൻ ശ്രമിക്കുന്നവർക്കും  സൗദി അറേബ്യ ഒരു പറുദീസ തന്നെയാണ്.
സൗദി അറേബ്യയുടെ   വശ്യമനോഹാരിത കാണാൻ ശ്രമിക്കുകയാണെകിൽ നിസ്സംശയം നിങ്ങൾ അതിശയിക്കും,  തീർച്ച. അതിനുദാഹരണങ്ങളാണ്  ജോർദാൻ അതിർത്തി പങ്കിടുന്ന അലഗാൻ, ഇറാഖ് ബോർഡറിനോട് ചേർന്നുള്ള അറാർ എന്നീ പ്രദേശങ്ങൾ.  ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മഞ്ഞു വീഴ്ചക്ക് സാക്ഷ്യം വഹിക്കുന്ന സ്ഥലങ്ങൾ. ശൈത്യ കാലങ്ങളിൽ ഇവിടെ പൂജ്യം  ഡിഗ്രിയിലേക്ക് വരെ താപനില താഴുന്നു. അലഗാൻ സൗദിയിലെ സ്‌നോ സിറ്റി എന്നാണ് അറിയപ്പെടുന്നത്.
സൗദിയുടെ തെക്കേ ഭാഗത്തേക്ക് യാത്ര ചെയ്താൽ തായിഫ്. ഇത്  കടൽ നിരപ്പിൽ നിന്നും ഏകദേശം 1800 മീറ്ററിന് മുകളിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണ്.  ജിദ്ദ, മക്ക, റിയാദ്, മദീന പട്ടണങ്ങളിൽ  നിന്നും തികച്ചും വ്യത്യസ്തമാണ് തായിഫ് മുതൽ നജ്റാൻ വരെ.  വേനലിൽ ലഭിക്കുന്ന അധിക മഴയും   ഉയർന്ന അൾട്ടിട്യൂഡിൽ നിലകൊള്ളുന്നതിനാലും  സറവാത്ത് മലനിരകൾ   ഉൾക്കൊള്ളുന്ന ഈ തെക്കൻ മലയോര ഗ്രാമങ്ങൾ ഏതൊരാളുടെയും മനം കവരുന്നതാണ്.


ജിദ്ദയിൽ നിന്നും രണ്ടര  മണിക്കൂർ യാത്ര ചെയ്ത് വേണം തായിഫിൽ എത്താൻ. 2300 മീറ്റർ വരെ ഉയരമുള്ള മലനിരകൾ നിറഞ്ഞ പട്ടണം.  അവിടെ എത്തുന്നതോടെ  ആദ്യമായി സൗദി കാണാൻ ഇറങ്ങുന്ന ഒരാളുടെ,  സൗദി മരുഭൂമി മാത്രമാണെന്ന സങ്കൽപം ഇല്ലാതാവും. ഇരുവശങ്ങളിലും പച്ചപ്പ് നിറഞ്ഞ  റോഡുകൾ, ശീതക്കാറ്റും കോടമഞ്ഞും ആലിപ്പഴം വീഴുന്ന മഴയുമെല്ലാമായാണ് തായിഫ് പലപ്പോഴും നമ്മെ വരവേൽക്കുക.
തായിഫിലെ ഹദ മലനിരകൾ തൊട്ട് തെക്കേ അറ്റം ഫൈഫ മലനിരകൾ വരെ ഉള്ള പലയിടങ്ങളും സുന്ദരമാണ്. മഴക്കാലത്ത് മാത്രം ഉണ്ടാകുന്ന വെള്ളച്ചാട്ടങ്ങൾ, അരുവികൾ, സൗദികളുടെ മേൽനോട്ടത്തിൽ നടത്തുന്ന വളരെ മനോരഹരമായ ഫാമുകൾ, കണ്ണിന് കുളിർമ പകരുന്ന പച്ച പുതച്ച മലയോര മേഖലകൾ -എല്ലാം ഏതൊരു സഞ്ചാരിയെയും വീണ്ടും സന്ദർശിക്കാൻ പ്രേരിപ്പിക്കും. 
മേഘങ്ങളുടെ മുകളിൽ  രാപ്പാർക്കണമെങ്കിൽ അതിനും സൗദി അറേബ്യയിൽ ഇടമുണ്ട്. ജിസാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഫൈഫ /ഫിഫ മലനിരകൾ. ചെങ്കുത്തായതും വളരെ വീതി കുറഞ്ഞതുമായ റോഡുകളുമാണ് ഈ മലമ്പ്രദേശത്തുള്ളത്. മലഞ്ചെരിവുകളിലെ തട്ടുതട്ടായുള്ള കൃഷിയിടങ്ങൾ വളരെ വ്യത്യസ്തമായ  കാഴ്ച  തന്നെയാണ്.  പല സമയങ്ങളിലും ഈ മലനിരകളിൽ മേഘങ്ങൾ പന്തലിച്ചു നിൽക്കുന്നത് കാണാം.


 2021 ഫെബ്രുവരി- ജോർദാൻ ബോർഡറിൽ മഞ്ഞു പെയ്യുന്നത് കാണാൻ ആഗ്രഹിച്ചിരിക്കുന്ന കാലം.  ഓഫീസിൽ എത്തിയാൽ ആദ്യം നോക്കാറുള്ളത് വെതർ ഫോർകാസ്റ്റ് (കാലാവസ്ഥ പ്രവചനം). ഫെബ്രുവരി 15 നു ശേഷം എല്ലാ ഓൺലൈൻ വെതർ ഫോർകാസ്റ്റ് പോർട്ടലിലും 18 നു രാവിലെ അലഗാനിൽ   മഞ്ഞു പെയ്യുമെന്നത് കാണിക്കുന്നു. 18  വ്യാഴം ആണ്. ഓഫീസ് ഉള്ള ദിവസം.  13 മണിക്കൂർ ഡ്രൈവ് ഉണ്ട് ജിദ്ദയിൽ നിന്നും ജോർദാൻ ബോർഡറിലേക്ക്. സൗദിയിൽ മഞ്ഞുപെയ്യുന്ന സ്ഥലം ഉണ്ടെന്ന് അറിഞ്ഞ കാലം മുതൽ ഉള്ള ആഗ്രഹമാണ് അവിടെ എത്തണമെന്നത്. ബുധനാഴ്ച ലീവ് എടുത്ത് മഗ്രിബ് നമസ്‌കാരത്തിന് ശേഷം നേരെ തിരിച്ചു.  കൂടെ കുടുംബവും ഉണ്ട്, കൂട്ടുകാരൻ സുഫിയാനും.  കൊറോണയുടെ നിയന്ത്രണങ്ങൾ പൂർണമായി മാറിയിട്ടില്ലാത്ത സമയമാണ്.  വഴിക്കുവെച്ച് തിരിച്ചയക്കുമോ എന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാലും അതിയായ ആഗ്രഹം കാരണം രണ്ടും കൽപിച്ചു പോകാൻ തന്നെ തീരുമാനിച്ചു. നിരന്തരമായി സൗദിയിൽ യാത്ര ചെയ്യുന്ന  ജ്യേഷ്ഠൻ ഷിബു നീലാമ്പ്രയെ  കണ്ട് യാത്ര പ്ലാനും നിർദേശങ്ങളും നേരിട്ട് ആരാഞ്ഞു.


വ്യാഴം  രാവിലെ സുബ്ഹിയോട് കൂടി അലഗാനിൽ എത്തി. സ്വദേശികൾ  അവിടെ നിറഞ്ഞു കവിഞ്ഞിരുന്നു. ഓരോ മലഞ്ചെരിവിലും അവർ തമ്പുകെട്ടി മഞ്ഞുപെയ്യുന്നതും കാത്ത് ഇരിക്കുകയാണ്. ആകാശത്ത് ഇരുണ്ടുകൂടിയ കറുത്ത കാർമേഘങ്ങൾ.  ഒരു ദിവസം മുമ്പേ തമ്പടിച്ചവർ ഉണ്ട് അവിടെ. 4 x 4   വണ്ടിയുള്ളവർ മലയുടെ ഉള്ളകങ്ങളിലേക്ക് പോയിട്ടുണ്ട്.  സമയം രാവിലെ 6 ആണെന്നാണ് ഓർമ. മൊബൈലിലെ വെതർ ആപ്പിൽ കാണിക്കുന്നു -സ്‌നോയിംഗ്. അഥവാ നിൽക്കുന്നതിന്  തൊട്ടടുത്ത് എവിടെയോ മഞ്ഞുപെയ്യുന്നു. വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു അത്. 13 മണിക്കൂർ തുടർച്ചയായുള്ള  യാത്രയുടെ ആസ്വാദന നിമിഷം. സ്വദേശികളുടെ  വാഹനങ്ങൾ ചീറിപ്പായുന്നു മലയുടെ പിൻ ഭാഗത്തേക്ക്. കറുത്തിരുണ്ട് നിൽക്കുന്ന മേഘം കാരണം ചുറ്റും ഒന്നും കാണുന്നില്ല. അതികഠിനമായ തണുപ്പ്. 3 ഡിഗ്രി ആണ് ആ സമയത്തെ തണുപ്പ്. 7 മണിയോട് കൂടി ചുറ്റുവട്ടവും വഴികളും വ്യക്തമായപ്പോൾ ഞങ്ങളും മലയുടെ ആ ഭാഗത്തേക്ക് പോയി. അങ്ങനെ ആദ്യമായി സൗദി അറേബ്യയിൽ മഞ്ഞ് വീണു കിടക്കുന്നത് കണ്ടു. ഒരു  മണിക്കൂറോളം അവിടെ പെയ്ത  മഞ്ഞുകട്ടികൾ  കണ്ടാസ്വദിച്ചിരുന്നു. 


മറ്റൊരിക്കൽ ഒരു ദേശീയ ദിന അവധി 4 ദിവസത്തെ അവധി മുന്നിൽ വന്നു. കുടുംബവുമായി ഒരു യാത്ര പ്ലാൻ ചെയ്തു. തായിഫ്, അൽബാഹ, അബഹ. എവിടെയും റൂം എടുക്കാൻ പ്ലാൻ ഇല്ലായിരുന്നു.  സ്ഥിരമായി ടെന്റ്  അടിക്കാറുള്ള മലഞ്ചെരിവുകൾ തന്നെ ആയിരുന്നു ലക്ഷ്യം, കുടുംബവുമായി പലവട്ടം ടെന്റ് അടിച്ചു താമസിച്ചിട്ടുണ്ടെങ്കിലും നാല്  ദിവസത്തെ യാത്ര ആദ്യമായിട്ടാണ്. ഈ യാത്രയിലെ മറക്കാനാവാത്ത ഒരു അനുഭവം അൽബാഹയിൽ വെച്ചായിരുന്നു. അവധി ആയതുകൊണ്ട് തന്നെ അൽബാഹ ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്. കാഴ്ചകൾ കണ്ട് രാത്രി ആയപ്പോൾ സ്ഥിരം ടെന്റ്  അടിക്കാറുള്ള സ്‌പോട്ടിലേക്ക് യാത്ര തിരിച്ചു. ആ മലയിലേക്ക് തിരിയേണ്ട വഴിയിൽ പോലീസ് ബാരിക്കേഡ് വെച്ച് ബ്ലോക്ക് ചെയ്തിരിക്കുന്നു. മുൻപിൽ ഉള്ള വണ്ടികളെല്ലാം  തിരിച്ചു പോരുന്നുണ്ട്. ഇനി റൂം കിട്ടില്ലെന്നുറപ്പാണ്. അൽബാഹ ഒരു ചെറിയ സിറ്റി ആണ്. അവധി ദിവസങ്ങളിൽ ടൂറിസ്റ്റുകൾ നിറയും, റൂമുകളും ഫുൾ ആവും. കുട്ടികൾ അങ്ങേയറ്റം ക്ഷീണിച്ചിട്ടുണ്ട്. ഇനി ഉറക്കം നിർബന്ധമാണ്.  പുറത്താണെങ്കിൽ നല്ല തണുപ്പും കാറ്റും. ബ്ലാങ്കറ്റിന്റെ ഉള്ളിൽ കിടന്നാലേ കുട്ടികൾക്കു ഉറക്കം വരൂ എന്നത് ഉറപ്പാണ്. മുമ്പിൽ പോലീസ്.  ആരെയും ആ റൂട്ടിലേക്ക്  വിടുന്നില്ല. രണ്ടും കൽപിച്ചു ഞാൻ പോയി നോക്കി, ആദ്യ  മറുപടി പോകാൻ പറ്റില്ല  എന്നായിരുന്നു. റൗണ്ട് അടിക്കാൻ വേണ്ടി ആണ് ഇതു വഴി പോകുന്നതെന്ന് പറഞ്ഞു. അൽഹംദുലില്ലാഹ്.. ഞങ്ങളെ മാത്രം ആ വഴിയിലേക്ക് കടത്തി വിട്ടു. ഉള്ളിലേക്കു 2 കി.മീ പോയി ടെന്റിന് നല്ല ഒരു സ്ഥലം നോക്കി ടെന്റ്  അടിച്ചു കിടന്നുറങ്ങി. എന്നും ഒന്നോ രണ്ടോ ടെന്റ്  ഉണ്ടാകുന്ന അവിടെ അന്ന് ഞങ്ങൾ മാത്രം ആയിരുന്നു. സൗദിയിൽ യാത്ര ചെയ്യുമ്പോൾ കുടുംബം കൂടെ ഉണ്ടെങ്കിൽ ലഭിക്കുന്ന സൗകര്യങ്ങൾ നിരവധിയാണ്. .


മറ്റൊരിക്കൽ കൂട്ടുകാരായ നിയാസ്, ജംഷീർ, അഫ്‌സൽ, അജ്മൽ എന്നിവരോടൊപ്പം തായിഫിൽ നിന്നും 230  കി.മീ അകലെ ഉള്ള വഹബ ക്രാറ്റർ  സന്ദർശിക്കാൻ പുറപ്പെട്ടു.  അഗ്‌നിപർവത സ്‌ഫോടനം മൂലം ഉണ്ടായ ഭൂഗർഭം, അതാണ് വഹബ ക്രാറ്റർ.  അതിന്റെ താഴെ  എത്താൻ  ഒരു ട്രക്കിംഗ് പാത്ത് ഉള്ള വിവരം ഞങ്ങൾക്ക്  അറിയില്ലായിരുന്നു. എല്ലാവരും കൂടി ഒരു വഴി തെരഞ്ഞെടുത്തു. ഒരു മണിക്കൂറിന് അടുത്തു ആയപ്പോൾ താഴേക്കും തിരിച്ചു മുകളിലേക്കും കേറാൻ പറ്റാത്ത രീതിയിൽ ഞങ്ങൾ  കുടുങ്ങി. ആരെയെങ്കിലും വിളിക്കാൻ നോക്കിയപ്പോൾ മൊബൈലിൽ നെറ്റ് വർക്കും ഇല്ല. സിവിൽ ഡിഫൻസിനെ വിളിക്കുക, അല്ലാതെ മറ്റൊരു  വഴി ഇല്ല എന്ന ഘട്ടം വരെ എത്തി. രണ്ടും കൽപിച്ച് അവസാന വട്ടം കൂടി തിരിച്ചു കയറാൻ ശ്രമിച്ചു. പടച്ചവന്റെ അനുഗ്രഹം കൊണ്ട് അവസാന പ്രയ്തനം ഫലം കണ്ടു. കുടുങ്ങിയിടത്തു നിന്നും അഞ്ചു  പേരും തിരിച്ചു കയറി. പിന്നീട് ജ്യേഷ്ഠൻ ഷിബു നീലാമ്പ്ര  പറഞ്ഞിട്ടാണ് അറിയുന്നത്, അവിടെ ഒരു ട്രക്കിംഗ് പാത്ത് ഉള്ളതും മുൻപ് ചില സൗദികൾ ഇത് പോലെ കുടുങ്ങിയതും സിവിൽ ഡിഫൻസ് റെസ്‌ക്യൂ ചെയ്തതാണെന്നുമെല്ലാം. 
സമയവും സാഹചര്യവും ഒത്തു ലഭിക്കുകയാണെങ്കിൽ കഴിയുന്നത്ര സൗദി കാണാൻ എല്ലാ പ്രവാസികളും ശ്രമിക്കണം.  ഒരിക്കലും പ്രതീക്ഷിക്കാത്ത മാസ്മരിക ദൃശ്യങ്ങൾ നിങ്ങൾക്കായി കാത്തിരിപ്പുണ്ട് സൗദിയുടെ പല ഭാഗങ്ങളിലും. പ്രതേകിച്ചും തെക്കൻ മേഖലയിലെ സരാവത്  മലനിരകളിൽ.

Latest News