ഗദ്ദർ എന്ന പദം പഞ്ചാബി കലർന്ന ഉർദുവാണ്. കലാപം എന്നാണർഥം. ഗദ്ദർ പാർട്ടി പഞ്ചാബ് അടിസ്ഥാനമാക്കി ബ്രിട്ടീഷുകാർക്കെതിരായി സായുധ പ്രവർത്തനം നടത്തുന്ന പാർട്ടിയായിരുന്നു. ഈ കലാപ വാക്കാണ് സാമൂഹിക മാറ്റത്തിന്റെ തീപ്പന്തമായി തെലങ്കനയിലെ ജനങ്ങളെ മുഴുവൻ ആവേശം കൊള്ളിച്ച ഗുമ്മാടി വിറ്റൽ റാവു സ്വീകരിച്ചത്.
അദ്ദേഹത്തിന്റെ കലാപം നീതിക്ക് വേണ്ടിയായിരുന്നു. അനീതിയോടുള്ള നിരന്തര കലഹമായിരുന്നു ഗദ്ദർ. അദ്ദേഹത്തിന്റെ കാവ്യഭാഷ ആ സമൂഹത്തിന്റെ ഭാഷയായിരുന്നു. അല്ലാതെ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട അൽപ കൃതികളായിരുന്നില്ല. കവിതകളുടെ ശീലുകൾ സമൂഹത്തിന്റെ നാട്ടു പാട്ടുകളുടെതായിരുന്നു. അനങ്ങാതെ നിന്ന് വായിക്കുന്ന അച്ചടക്കപ്പെട്ട കവിതകളല്ല, അത് ജനക്കൂട്ടങ്ങളിലേക്ക് ദ്രുതതാളങ്ങളിലൂടെ എടുത്തെറിയുന്നവയായിരുന്നു. ആ കവിതകൾ അവരുടെ സമൂഹ സ്മൃതികളിലൂടെ അനുയാത്ര ചെയ്തു. അവിടെ കണ്ടെത്താനാവുന്ന ഊർജ സ്രോതസ്സുകളെ കണ്ടെത്തി മിനുക്കി തുടച്ചെടുത്ത് അനീതിക്കെതിരെയുള്ള സമരത്തിനായി അണിനിരത്തി. ജീവിതം നീതി തേടിയുള്ള നിരന്തര പോരാട്ടമാണ് എന്ന് ആ കാവ്യജീവിതം അടയാളപ്പെടുത്തി.
ശരീരത്തിൽ വെടിയുണ്ടകളുമായാണ് ഗദ്ദർ ജീവിച്ചത്. 1997 ൽ അദ്ദേഹത്തിന് നേരെയുണ്ടായ വധശ്രമത്തിന്റെ ശേഷിപ്പ് ആയിരുന്നു ആ വെടിയുണ്ടകൾ.
949 ൽ ആന്ധ്ര പ്രദേശിലെ ഒരു ദളിത് കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കഷ്ടപ്പാട് നിറഞ്ഞ കുട്ടിക്കാലം. സ്‌കൂൾ പഠനത്തിന് ശേഷം എൻജിനീയറിംഗ് പഠനത്തിന് ചേർന്നെങ്കിലും പഠനം ഉപേക്ഷിച്ചു. പിന്നീട് എം.എൽ പ്രവർത്തനത്തിൽ ആകൃഷ്ടനായി. അവരുടെ സാംസ്‌കാരിക സംഘടനയുടെ ഊർജമായിരുന്നു അദ്ദേഹം. 1980 ൽ അദ്ദേഹം ഒളിപ്രവർത്തനങ്ങളിൽ പോയി. ശ്രീകാകുളത്തെ കാടുകളിൽ അന്ന് വിമോചനത്തിന്റെ വിപ്ലവ സ്വപ്നങ്ങൾ ഗദ്ദറിന്റെ കവിതക്കും, കവിത ആ വിപ്ലവ സ്വപ്നങ്ങൾക്കും പരസ്പരം കരുത്തായി. അദ്ദേഹത്തിന്റെ സാംസ്‌കാരിക സംഘടന ജന നാട്യമണ്ഡലി ഏറെ പ്രശസ്തമായിരുന്നു.
സായുധ സമരമായതുകൊണ്ട് തന്നെ ഏറ്റുമുട്ടലുകളും മരണവും ഒക്കെ ഉണ്ടാവാറുണ്ടായിരുന്നു. ചിലപ്പോൾ ആ മൃതദേഹങ്ങൾ പോലീസ് സ്റ്റേഷനിൽ പിടിച്ചുവെക്കാറുണ്ടായിരുന്നു. അത് വിട്ടുകിട്ടാൻ കൊല്ലപ്പെട്ടവരുടെ അമ്മയും ബന്ധുക്കളുമായി സംഘമായി കവിതകളും നൃത്തവുമായി പോലീസ് സ്റ്റേഷനിൽ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിരുന്നതായി കേട്ടിട്ടുണ്ട്. ഒടുവിൽ മരിച്ചവരുടെ ശവശരീരം വീണ്ടെടുക്കും വരെ അത് തുടരും. തുടർന്ന് മൃതദേഹവുമായി അവർ പോകും.
2010 വരെ അദ്ദേഹം മാവോയിസ്റ്റ്്്് സംഘടനകളോടൊപ്പം ആയിരുന്നു. 2010 ൽ അതിൽ നിന്ന് പുറത്തു വന്നു. അംബേദ്കറൈറ്റ് ആയി സ്വയം പരിചയപ്പെടുത്താൻ തുടങ്ങി.
തെലങ്കാന പ്രക്ഷോഭ കാലത്ത് ഗദ്ദറിന്റെ പാട്ടുകൾ വലിയ ആവേശമുണർത്തി. പാടി ആടി ജനഹൃദയങ്ങളുടെ താളമായി ഗദ്ദർ. പ്രത്യേകിച്ച് തുല്യതയിൽ ഊന്നിയ വിമോചന ഗാഥകൾക്ക് കൂടെ പാടുന്നത് ആയിരങ്ങളായിരുന്നു. ദുർബല ജന സമൂഹങ്ങളുടെ ആർദ്രതയിലാഴ്ന്ന വേരുകളും വിപ്ലവ പ്രവർത്തനങ്ങളുടെ കൊടുംവെയിലും കൊണ്ട് വളർന്നു വൻവൃക്ഷമായ ഗദ്ദർ അത്യപൂർവമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. അദ്ദേഹത്തിന്റെ ഉറച്ച ശബ്ദത്തിലുള്ള ആലാപനവും ശരീരത്തിന്റെ ദ്രുതചലനങ്ങളും കവിതയുടെ പ്രമേയങ്ങളുമാണ് ആ കവിതകൾക്ക് ജീവൻ നൽകുന്നത്. ഗദ്ദറിന്റെ മരണത്തോടെ ഒരു യുഗം അവസാനിക്കുകയാണ്. എന്നാൽ അദ്ദേഹം രചിച്ചതും പാടിയതുമായ ആയിരക്കണക്കിന് ഗാനങ്ങൾ ഈ മഹാപ്രതിഭയെ നിരന്തരം ഓർമപ്പെടുത്താതിരിക്കില്ല.






