നക്‌സൽബാരിക്ക് ശേഷമുള്ള ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ ഏറ്റവും ജനവശ്യതയുള്ള ശബ്ദവും സാന്നിധ്യവുമായിരുന്നു ഗദ്ദർ എന്ന പേരിൽ വിഖ്യാതനായ തെലുഗു കവിയും ഗായകനും നർത്തകനുമായ ഗുമ്മഡി വിത്തൽ റാവു. ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിലും തൊണ്ണൂറുകളിലും സി.പി.ഐ (എം.എൽ) - പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ സായുധ വിപ്ലവ പ്രവർത്തനങ്ങൾക്ക് പോരാളിയായ ഗായകനെന്ന നിലയിൽ ഇന്ത്യയിലാകമാനം വൻ സ്വീകാര്യത നേടിക്കൊടുക്കുന്നതിൽ ഗദ്ദറിന്റെ തെരുവരങ്ങുകൾ വലിയ പങ്കു വഹിച്ചിരുന്നു.
വിപ്ലവ പാതയിൽ മുന്നേറുന്നതിന് തോക്കും പാട്ടും ഒരേ പോലെ ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഇന്ത്യയിലെ ഏതു വൻ നഗര കേന്ദ്രത്തിലും അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം തന്റെ ഗാന, നൃത്ത പ്രകടനം കൊണ്ട് ഉത്തേജിതരായ ഒരു ജനസഞ്ചയത്തെ സൃഷ്ടിക്കാനുള്ള ഗദ്ദറിന്റെ മാന്ത്രിക ശേഷിയെ ഭരണകൂടം എപ്പോഴും ഭയപ്പെട്ടു. വ്യാജ ഏറ്റുമുട്ടലുകളിൽ വധിക്കപ്പെട്ട വിപ്ലവകാരികളുടെയും ഗ്രാമീണരുടെയും മൃതശരീരങ്ങൾ ഉറ്റവർക്ക് വിട്ടുകൊടുക്കാത്ത സർക്കാരുകളുടെയും ജുഡീഷ്യറിയുടെയും ധാർഷ്ട്യത്തെ ഔദ്യോഗിക സ്ഥാപനങ്ങൾക്ക് (സെക്രട്ടറിയേറ്റ് / ഹൈക്കോർട്ട് ) മുന്നിൽ നടത്തിയ കലാപ്രകടന - ഉപരോധം കൊണ്ടു തോൽപിച്ച സംഭവങ്ങൾ ഹൈദരാബാദിലും നാഗ്പൂരിലുമുണ്ടായി. അടിച്ചമർത്തപ്പെടുന്ന നിസ്സഹായരുടെ ജനാധിപത്യാവകാശങ്ങൾക്കു വേണ്ടി പൊരുതാൻ തോക്കും നാക്കും ഒരുപോലെ രാഷ്ടീയായുധമാണെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു.
എൻജിനീയറിംഗ് പഠനമുപേക്ഷിച്ച് വിപ്ലവ പ്രസ്ഥാനത്തിൽ ചേർന്ന ഗദ്ദർ ഒരു ദശകത്തിലേറെ വനാന്തരങ്ങളിൽ ഗറില്ലാ സ്‌ക്വാഡുകൾക്കൊപ്പമാണ് ജീവിച്ചത്. ഇതിനിടയിൽ വാമൊഴിയായി പ്രചരിച്ച അദ്ദേഹത്തിന്റെ പാട്ടുകൾ ഗദ്ദറിനെ ജീവിക്കുന്ന ഐതിഹ്യമാക്കി മാറ്റിയിരുന്നു. തെലുഗിലെ പാട്ടു കെട്ടലിന്റെ നാട്ടുപാരമ്പര്യത്തിലേക്ക് ജനകീയ പോരാട്ടത്തിന്റെ സമകാലീന പ്രമേയങ്ങളെ സ്വാംശീകരിച്ച് ഗദ്ദർ തന്റെ കവിതയെ രാഷ്ട്രീയാഖ്യാനങ്ങളാക്കി മാറ്റി.
വിപ്ലവ കലാപാരമ്പര്യത്തിലേക്ക് ഗദ്ദറിന്റേതു മാത്രമായ ഒരു തനതു കാലം അങ്ങനെ കടന്നു വന്നു. അധികാര ശക്തികൾ അടിച്ചമർത്തുകയും കൊന്നുവീഴ്ത്തുകയും ചെയ്ത ഓരോ മനുഷ്യനിൽ നിന്നും ഗദ്ദറിന്റെ പാട്ട് തീപ്പാറുന്ന വാക്കുകൾ കൊണ്ട് വിപ്ലവത്തിന്റെ പന്തം കൊളുത്തി. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഈ പാട്ടുകളുടെ പകർപ്പുകളുണ്ടായി; ഒപ്പം അനുഗായകരുമുണ്ടായി. പോപ്പുലർ സിനിമകളിൽ ഗദ്ദറിന്റെ രൂപഭാവങ്ങളിലും കോസ്റ്റ്യൂമുകളിലും കഥാപാത്രങ്ങളുണ്ടായി. ലക്ഷക്കണക്കിന് കാസറ്റുകൾ ഗദ്ദറിന്റെ പാട്ടുകളുമായി ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് സഞ്ചരിച്ചു. അദ്ദേഹം നേതൃത്വം നൽകിയിരുന്ന 'ജനനാട്യമണ്ഡലി' രാജ്യത്തുടനീളം വിപ്ലവ ഗായകർക്കും കലാകാരന്മാർക്കും വേണ്ടി വർക്ക് ഷോപ്പുകൾ നടത്തി.
1990 കളുടെ അവസാന കാലമാവുമ്പോഴേക്കും പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ രാഷ്ട്രീയവുമായി ഗദ്ദർ വഴിപിരിയാൻ തുടങ്ങിയിരുന്നു. അംബേദ്കറൈറ്റ് ആയി സ്വയം പ്രഖ്യാപിച്ച് അതിനു മുമ്പു തന്നെ സ്വന്തം മുൻകൈയിൽ അദ്ദേഹം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. സ്വന്തം നാട്ടിൽ അദ്ദേഹമാരംഭിച്ച ഒരു സ്‌കൂളിന്റെ ധനസമാഹരണം, കാസറ്റ് വിൽപനയുടെ ക്രയവിക്രയക്കണക്കുകളിലെ നിരുത്തരവാദിത്തം തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് പാർട്ടി അദ്ദേഹത്തിനെതിരെ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. എങ്കിലും ജനനാട്യമണ്ഡലിയുടെ പ്രവർത്തനങ്ങളുമായി വിപ്ലവ പ്രസ്ഥാനത്തിന്റെ പരസ്യ മുഖമായി 2010 വരെ അദ്ദേഹം തുടർന്നു.
പീപ്പിൾസ് വാർ ഗ്രൂപ്പിലെ ആന്തര ശൈഥില്യങ്ങൾ പ്രസ്ഥാനത്തെ പ്രക്ഷീണമാക്കിയ സാഹചര്യത്തിൽ 1997 ൽ പോലീസ് ഏർപ്പാടു ചെയ്ത കൊലയാളി സംഘം ഹൈദരാബാദിലെ വീട്ടിൽ അതിക്രമിച്ചു കയറി അദ്ദേഹത്തിനു നേരെ വെടിയുതിർത്തു. ജീവൻ രക്ഷപ്പെട്ടെങ്കിലും മരണം വരെ നട്ടെല്ലിനോടു ചേർന്ന് തറച്ച നീക്കം ചെയ്യാനാവാത്ത ഒരു വെടിയുണ്ടയുമായാണ് അദ്ദേഹം ജീവിച്ചത്.
ജനകീയ കലാസാഹിത്യ വേദി വിപ്ലവ സാംസ്‌കാരിക സംഘടന ലീഗിന്റെ ഭാഗമായിരുന്ന കാലത്ത് ഒരു ചെറിയ കാലം ഗദ്ദർ സെക്രട്ടറിയായി. അക്കാലം പക്ഷേ, അദ്ദേഹം പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും നിഷ്‌ക്രിയനായിരുന്നു. പിൽക്കാലം ഗദ്ദർ തെലങ്കാന വിഘടന പ്രക്ഷോഭ പ്രസ്ഥാനത്തിലെത്തുകയും 2012 ൽ തെലങ്കാന പ്രജാമുന്നണിയുടെ സ്ഥാപനത്തിലെത്തുകയും ചെയ്തു.
ഇന്ത്യൻ വിപ്ലവകലയുടെ ആകാശത്തിൽ തിളങ്ങുന്ന ചെന്താരകമായി ചരിത്രം ഗദ്ദറിനെ സ്ഥാനപ്പെടുത്തും. ഒപ്പം, രാഷ്ട്രീയത്തിനു മേൽ ഏകപക്ഷീയമായി തോക്കിനെ പ്രതിഷ്ഠിക്കുന്ന അയഥാർത്ഥതയിൽ ഏതു നായക പ്രഭാവനും സ്വത്വ-ജാതി രാഷ്ട്രീയത്തിന്റെ ഒരെളുപ്പ വഴിയിലേക്കെത്താവുന്ന വിപരീത യുക്തി കൂടി ഉൾക്കൊള്ളുന്നു എന്ന് ഈ ഐതിഹാസിക ജീവിതം ഓർമിപ്പിക്കുകയും ചെയ്യുന്നു.






