സർക്കാർ ഉദ്യോഗസ്ഥർ ജനസേവകരാണെന്ന പ്രഖ്യാപനം ഇടക്കിടെ കേൾക്കുന്ന നാടാണ് നമ്മുടേത്. ജനങ്ങളാണ് മുഖ്യമെന്നും അവർക്ക് വേണ്ടി സേവനം നടത്തുന്നതാണ് സർക്കാർ ജീവനക്കാരുടെ കർത്തവ്യമെന്നും മന്ത്രിമാർ പൊതുവേദികളിലും മാധ്യമങ്ങളിലും ആവർത്തിച്ച് പറയുന്നുമുണ്ട്. എന്നാൽ പലപ്പോഴും ജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ നിന്നുണ്ടാകുന്ന അനുഭവം മറിച്ചാണ്. ജീവൽപ്രശ്്‌നങ്ങളിൽ പോലും പല തവണ ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരുന്ന നിരവധി പേരുടെ അനുഭവം നിത്യേന കേൾക്കേണ്ടി വരുന്നു. നിയമാനുസൃതം ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ഉദ്യോഗസ്ഥരിൽ നിന്ന് നിഷേധിക്കപ്പെടുമ്പോൾ തന്നെയാണ് നിയമ ലംഘനത്തിന് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്ന കഥകളും പുറത്തു വരുന്നത്.
മലപ്പുറം ജില്ലയിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെയുണ്ടായ രണ്ട് സംഭവങ്ങൾ ഉദ്യോഗസ്ഥരുടെ കൃത്യവിലോപം കൊണ്ട് മനുഷ്യ ജീവിതം എങ്ങനെ ദുരന്തപൂർണമായി മാറുന്നുവെന്നതിന്റെ തെളിവുകളാണ്. ആദ്യത്തേത് കേരളത്തെ ഞെട്ടിച്ച താനൂർ ബോട്ടപകടമാണെങ്കിൽ രണ്ടാമത്തേത്, അടുത്തിടെ നടന്ന പോലീസ് കസ്റ്റഡിയിലെ യുവാവിന്റെ മരണമാണ്. താനൂർ ബോട്ടപകടവുമായി കേസിന്റെ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. അതിവേഗം കുറ്റപത്രം തയാറാക്കുന്നതിൽ പോലീസ് ജാഗ്രത കാണിച്ചു.
പിഞ്ചുകുട്ടികളടക്കം 21 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തിന് കാരണക്കാരായവരെ ചൂണ്ടിക്കാണിക്കുന്നതാണ് റിപ്പോർട്ട് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. മൽസ്യ ബന്ധന ബോട്ട് രൂപം മാറ്റി ടൂറിസ്റ്റ് ബോട്ടാക്കി മാറ്റി സുരക്ഷിതമല്ലാതെ സർവീസ് നടത്തിയെന്നതാണ് സംഭവത്തിന്റെ നിജസ്ഥിതി. ഒരിക്കലും ഫിറ്റ്‌നസ് നൽകാൻ പാടില്ലാത്ത ഈ ബോട്ടിന് എങ്ങനെ ഉദ്യോഗസ്ഥർ ഫിറ്റ്‌നസ് നൽകിയെന്ന ചോദ്യത്തിനാണ് പ്രധാനമായും ഉത്തരം ലഭിക്കേണ്ടത്. ബോട്ട് ഉടമ വ്യാജരേഖകളുണ്ടാക്കി സമർപ്പിച്ചാണ് ഫിറ്റ്‌നസ് തരപ്പെടുത്തിയതെന്ന് പറയുമ്പോൾ ആ രേഖകളുടെ ആധികാരികത പരിശോധിക്കാൻ സർക്കാർ സംവിധാനങ്ങൾക്കായില്ലേ എന്ന ചോദ്യം ഉയരുന്നു. രേഖകളുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ കബളിപ്പിക്കപ്പെട്ടെങ്കിൽ തന്നെ, ബോട്ട് നേരിട്ട് പരിശോധിച്ചാൽ നിയമ ലംഘനം കണ്ടെത്താനാകുമെന്നാണ് ബോട്ടിന്റെ നിർമാണ രീതിയിൽ നിന്ന് മനസ്സിലാകുമായിരുന്നത്. ബോട്ടിന് ലൈസൻസ് നൽകിയതിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി എന്ന ഒറ്റ വാചകത്തിൽ ഈ തെറ്റിനെ കുറ്റപ്പെടുത്താം. എന്നാൽ ആ ജാഗ്രതക്കുറവ് സ്വാഭാവികമായി സംഭവിച്ചതല്ലെന്നും സംശയിക്കേണ്ടിവരും. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങളെ വഴിവിട്ട് പിന്തുണക്കുന്നതിൽ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം പലപ്പോഴും ജാഗ്രതക്കുറവ് കാണിക്കാറില്ല. പ്രലോഭനങ്ങൾക്കും രാഷ്ട്രീയ സമ്മർദങ്ങൾക്കും അടിമപ്പെട്ട് ഉദ്യോഗസ്ഥർ നടത്തുന്ന നിയമ ലംഘനം സാധാരണക്കാരുടെ ജീവൻ പണയംവെച്ചുള്ള കളിയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.
താനൂർ പോലീസ് സ്‌റ്റേഷനിൽ വെച്ച് യുവാവ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. മയക്കുമരുന്ന് കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പുലർച്ചെ മരിച്ചെന്നാണ് പോലീസ് പുറത്തുവിട്ട വിവരം. അതേസമയം, യുവാവിന്റെ മരണം പോലീസ് കസ്റ്റഡിയിലെ മർദനം മൂലമാണെന്ന ആരോപണവുമായി യുവാവിന്റെ ബന്ധുക്കളും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുമുണ്ട്.
പോലീസിന്റെ ഭാഗത്തു നിന്ന് തെറ്റുണ്ടായി എന്ന് കണ്ടെത്തി ഒരു എസ്.ഐ ഉൾപ്പെടെ എട്ടുപേരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പോലീസ് സ്‌റ്റേഷനിൽ യുവാവ് മർദദ്ദനത്തിനിരയായി എന്നതിന് പല തെളിവുകളും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഇത് ശരിയാണെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരായ പോലീസുകാർ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ദുരന്തമാക്കുന്നുവെന്നതിന് മറ്റൊരു ഉദാഹരണം കൂടിയാകും. മയക്കുമരുന്ന് ഉപയോഗിച്ചതിന് കസ്റ്റഡിയിൽ എടുക്കുന്ന ഒരാളെ നിയമത്തിന്റെ വഴിയിൽ കൈകാര്യം ചെയ്യുകയാണ് പോലീസിന്റെ ഉത്തരവാദിത്തം. കുറ്റവാളിയാണോ എന്ന തീരുമാനിക്കേണ്ടത് കോടതിയാണ്. തെറ്റു ചെയ്തവനെന്ന പേരിൽ ഒരാളുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാൻ പോലീസിന് അധികാരമില്ല.കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളിൽ ഇപ്പോഴും മൂന്നാംമുറയുടെ പ്രേതങ്ങൾ അലയുന്നുണ്ടെന്ന രഹസ്യം നിലനിൽക്കുമ്പോഴാണ് താനൂരിൽ യുവാവ് പോലീസ് സ്‌റ്റേഷനിൽ മരിക്കുന്നത്. കുറ്റവാളിയാണെങ്കിലും ഇയാളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മാറിനിൽക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് കഴിയില്ല. താനൂരിൽ മയക്കുമരുന്ന് സംഘങ്ങൾ വളരുന്നുണ്ടെന്ന കണ്ടെത്തലും പോലീസ് ഇതോടൊപ്പം പുറത്തു വിട്ടിരുന്നു. ക്രമസമാധാന പാലനത്തിലും കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുന്നതിലും പോലീസ് പരാജയപ്പെടുന്നുവെന്ന് അവർ തന്നെ വിളിച്ചു പറയുന്നതിന് തുല്യമാണിത്.
ജനങ്ങളുടെ നിത്യജീവിതത്തിലെ പ്രശ്്ങ്ങൾ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളായി സർക്കാർ ഓഫീസുകളും അവിടുത്തെ ഉദ്യോ ഗസ്ഥരും നിലനിൽക്കേണ്ടതുണ്ട്. അവർ ചെയ്യുന്ന തെറ്റിന് ദുരിതമനുഭവിക്കേണ്ടി വരുന്നത് സാധാരണക്കാരായ ജനങ്ങളായിരിക്കും. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് അധികാരത്തിലിരിക്കുന്നവർ വലിയ ദർശനം വിളമ്പുമ്പോൾ ഓരോ ഫയലും മുന്നോട്ട് നീങ്ങുന്നതിന്റെ മാനദണ്ഡങ്ങളെന്തൊക്കെയാണെന്ന് അന്വേഷിക്കുന്നതും നല്ലതാണ്. പലപ്പോഴും കൈക്കൂലിയുടെയും രാഷ്ട്രീയ സമ്മർദങ്ങളുടെയും അടയാളങ്ങൾ അവിടെ കാണാം. താനൂർ ബോട്ട് അപകടത്തിനും കസ്റ്റഡി മരണത്തിനും പിന്നിലെ കാരണക്കാരെ കണ്ടെത്തി അവർക്ക് പരമാവധി ശിക്ഷ ലഭ്യമാക്കാനായിരിക്കണം ഇനി സർക്കാർ ചെയ്യേണ്ടത്. അത്തരം ശിക്ഷയിലൂടെ സമൂഹത്തിൽ തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്തണം.






