അബഹ - ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത ഇലക്ട്രിക് എക്സ്റ്റൻഷൻ കേബിളുകൾ വിൽക്കുകയും വിൽപനക്ക് സൂക്ഷിക്കുകയും ചെയ്തതിന് അസീർ പ്രവിശ്യയിൽ പെട്ട ഖമീസ് മുശൈത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനും സ്ഥാപന മാനേജർക്കും അസീർ അപ്പീൽ കോടതി പിഴ ചുമത്തി. ഇലക്ട്രിക് ഉപകരണങ്ങളുടെ വിൽപന മേഖലയിൽ പ്രവർത്തിക്കുന്ന ഇനാറ അൽബാരിഖ് ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റിനും സ്ഥാപന നടത്തിപ്പ് ചുമതല വഹിക്കുന്ന സൗദി പൗരൻ ആരിഫ് മുബാറക് അവദ് അൽകർബിക്കുമാണ് ശിക്ഷ.
സ്ഥാപനം മൂന്നു ദിവസത്തേക്ക് അടപ്പിക്കാനും സ്ഥാപനത്തിൽ കണ്ടെത്തിയ വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാനും വിധിയുണ്ട്. സ്ഥാപനത്തിന്റെയും മാനേജറുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവിൽ പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.