ന്യൂദൽഹി- ഡ്രഡ്ജർ അഴിമതി കേസിൽ മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ. ജേക്കബ് തോമസ് ഉൾപ്പെട്ട കേസിന്റെ വിജിലൻസ് അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് സുപ്രീം കോടതി നിർദേശിച്ചു.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഹോളണ്ട് കമ്പനിയിൽനിന്ന് ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി നടന്നെന്ന പരാതിയിലായിരുന്നു വിജിലൻസ് കേസ്. ഈ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. മൂന്ന് സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട ഡിപ്പാർട്ട്മെന്റ് പർച്ചേസ് കമ്മിറ്റിയുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്ജർ വാങ്ങിയത്. അതിനാൽ ജേക്കബ് തോമസിന്റെ പേരിൽ മാത്രം എടുത്ത കേസ് നിലനിൽക്കില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. എന്നാൽ, സമഗ്രമായ അന്വേഷണം നടക്കാതെ കേസ് റദ്ദാക്കിയ ഹൈക്കോടതി നിലപാടിനോട് യോജിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, സഞ്ജയ് കരോൾ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.