ന്യൂദൽഹി- പ്രതിപക്ഷ സഖ്യമായ ഇന്ത്യ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സെമിഫൈനൽ മത്സരമാണ് ആഗ്രഹിക്കുന്നതെന്നും ഫലം എല്ലാവർക്കും കാണാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. തിങ്കളാഴ്ച രാജ്യസഭ പാസാക്കിയ വിവാദ ദൽഹി സർവീസസ് ബില്ലിനെച്ചൊല്ലിയുള്ള പോരാട്ടത്തെ പരാമർശിക്കുകയായിരുന്നു പ്രധാനമന്ത്രി. പരസ്പരമുള്ള അവിശ്വാസമാണ് പ്രതിപക്ഷ സഖ്യത്തെ ബാധിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അവസാന പന്തിൽ ഒരു സിക്സർ അടിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രതിപക്ഷ സഖ്യത്തിലുള്ളതെന്നും മോഡി ആരോപിച്ചു. ഇത് അവരുടെ സ്വന്തം ആന്തരിക വിശ്വാസത്തിന്റെ പരീക്ഷണമായിരുന്നു. അവിശ്വാസ വോട്ടിലൂടെ ആരൊക്കെയാണ് ഐക്യത്തിലെന്നും ആരാണ് പ്രതിപക്ഷത്ത് എന്നും കാണാമെന്നും മോഡി പറഞ്ഞു.
അഹങ്കാരത്തിന്റെ ഹിന്ദി പദമായ 'ഘമാണ്ഡിയ' എന്ന പുതിയ പേര് പ്രതിപക്ഷ സഖ്യത്തിന് ആവർത്തിച്ച പ്രധാനമന്ത്രി ചില ആളുകൾ വളരെ അഹങ്കാരികളാണെന്നും അവർ പ്രീണന രാഷ്ട്രീയം നടത്തുകയാണെന്നും പറഞ്ഞു. സാമൂഹിക നീതിയെക്കുറിച്ച് സംസാരിക്കുന്നവരാണ് രാജവംശത്തെയും പ്രീണനത്തെയും പ്രോത്സാഹിപ്പിക്കുന്നതെന്നും മോഡി ആരോപിച്ചു.






