ന്യൂദൽഹി- കേന്ദ്ര സർക്കാറിന് എതിരായ അവിശ്വാസ പ്രമേയ ചർച്ച ലോക്‌സഭയിൽ തുടങ്ങി. ആകെ 16 മണിക്കൂറാണ് അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചക്കായി ലോക്‌സഭ നീക്കിവെച്ചത്. 15പേരാണ് എല്ലാ കക്ഷികളിൽനിന്നുമായി ചർച്ചകളിൽ പങ്കെടുക്കുക. നേരത്തെ പ്രഖ്യാപിച്ചതിൽനിന്ന് വ്യത്യസ്തമായി കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആണ് ചർച്ചക്ക് തുടക്കമിട്ടത്. ബി.ജെ.പി എം.പി നിഷികാന്ത് ദുബെയാണ് ഭരണപക്ഷത്തുനിന്ന് ആദ്യമായി സംസാരിച്ചത്.
പാർലമെന്റിലെ അവിശ്വാസ പ്രമേയത്തിന് മുന്നോടിയായുള്ള ബി.ജെ.പി പാർലമെന്ററി യോഗത്തിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇന്ത്യാ ബ്ലോക്ക് അവതരിപ്പിച്ച പ്രമേയം അവരുടെ ഒരു പരിപാടി മാത്രമാണെന്നും 'പക്ഷേ ഞങ്ങൾക്ക് ഇതൊരു അവസരമാണെന്നും' പറഞ്ഞു. ഇന്ത്യയെ അഴിമതിയിൽ നിന്നും വംശീയ രാഷ്ട്രീയത്തിൽ നിന്നും മുക്തമാക്കുക എന്ന ഭരണകക്ഷിയായ എൻഡിഎയുടെ മുദ്രാവാക്യം അതേപടി നിലനിൽക്കുന്നുവെന്നും പ്രതിപക്ഷ സഖ്യം പരസ്പര അവിശ്വാസത്താൽ വലയുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.