Sorry, you need to enable JavaScript to visit this website.

പള്ളികൾക്കും ദർഗക്കും നേരെ പെട്രോൾ ബോംബ്; സ്ത്രീയടക്കം ഏഴു പേർ പിടിയിൽ

ഇൻഡോർ-മധ്യപ്രദേശിലെ ഇൻഡോറിൽ രണ്ട് മുസ്ലീം പള്ളികൾക്കും ദർഗക്കും നേരെ സ്ഫോടക വസ്തുക്കളെറിഞ്ഞ സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതായും പ്രായപൂർത്തിയാകാത്ത ഒരാൾ കസ്റ്റഡിയിലുണ്ടെന്നും പോലീസ് അറിയിച്ചു.   ലക്കി ജഗ്ദലെ (18), ജിതേന്ദ്ര ഖേത്കർ (22), ആയുഷ് വാഗ് (23), നയൻ ജാദം (22), സത്യം മാത്തേ (19), ഖുഷി ചട്ടാനി (18) എന്നിവരാണ് അറസ്റ്റിലായതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആദിത്യ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

ഈ മാസം അഞ്ചിന് മൽഹർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് മുസ്ലീം പള്ളികൾക്കും ഒരു ദർഗയ്ക്കും നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞതുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. അറസ്റ്റിലായ മുഖ്യപ്രതി ജഗ്ദലെ സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള കേസുകൾ  നിലവിലുണ്ടെന്നും ഡിസിപി പറഞ്ഞു.

നഗരത്തിലെ ഭൻവാർകുവാൻ ഏരിയയിലെ ഒരു കഫേയിൽ വെച്ചാണ് പ്രതികൾ ചങ്ങാത്തത്തിലായതെന്നും   രണ്ടുപേർ ബന്ധുക്കളാണെന്നും പോലീസ് പറഞ്ഞു. പ്രതികൾ ഏതെങ്കിലും ഗൂഢാലോചനയുടെ ഭാഗമായാണോ സ്ഫോടക വസ്തുക്കൾ എറിഞ്ഞതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. വിശദമായ ചോദ്യം ചെയ്യൽ നടന്നുവരികയാണെന്നും ഡി.സി.പി മിശ്ര പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ടെന്ന് ഡിസിപി അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികൾ ഒരിടത്ത് പെട്രോൾ ബോംബ് ഉപയോഗിച്ചതായി തെളിഞ്ഞതായി ഡിസിപി പറഞ്ഞു. സ്‌ഫോടകവസ്തു നിയമത്തിലെ പ്രസക്തമായ വകുപ്പുകളും എഫ്‌ഐആറിൽ ചേർക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Latest News