Sorry, you need to enable JavaScript to visit this website.

ഏക സിവില്‍ കോഡ് നടപ്പാക്കരുത്: നിയമസഭയില്‍ മുഖ്യമന്ത്രി ഇന്ന് പ്രമേയം അവതരിപ്പിക്കും

തിരുവനന്തപുരം- ഏക സിവില്‍ കോഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക. ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടും. സഭ ഐകകണ്ഠേന പ്രമേയം പാസാക്കുമെന്നാണ് കരുതുന്നത്. പ്രതിപക്ഷ നേതാവും പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് വിവരം.
വിഷയത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഐയും അടക്കമുള്ള കക്ഷികളെല്ലാം നേരത്തെ തന്നെ എതിര്‍ത്തിരുന്നു. സംസ്ഥാനത്തെമ്പാടും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്നത്. ഏക സിവില്‍ കോഡ് വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നും മതസംഘടനകളില്‍ നിന്നും ദേശീയ നിയമ കമ്മിഷന്‍ അഭിപ്രായം തേടിയിരുന്നു.പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നലെയാണ് തുടങ്ങിയത്. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങളാണ് പരിഗണിക്കുന്നത്. ആദ്യ ദിവസം അന്തരിച്ച ഉമ്മന്‍ചാണ്ടിക്കും വക്കം പുരുഷോത്തമനും സഭാംഗങ്ങള്‍ ആദരം അര്‍പ്പിച്ച് സഭ പിരിഞ്ഞു. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി ഇല്ലാതെ സഭ സമ്മേളിച്ചത്.
അതേസമയം വരും ദിവസങ്ങളില്‍ മിത്ത് വിവാദം, മദ്യനയം, സെമി ഹൈസ്പീഡ് റെയില്‍, ഇ ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട്, തെരുവ് നായ ആക്രമണം, റോഡ് ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും സഭാ സമ്മേളനത്തില്‍ ചര്‍ച്ചയാകും. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ തിരുത്തണമെന്ന നിലപാടില്‍ ഊന്നിയാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. എന്നാല്‍ സഭയില്‍ സ്പീക്കറെ ബഹിഷ്‌കരിക്കുന്നതടക്കം യാതൊരു സമരവും നടത്തില്ലെന്നാണ് വിവരം. എന്നാല്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനം യുഡിഎഫ് സഭയില്‍ ചോദ്യം ചെയ്യും.

Latest News