Sorry, you need to enable JavaScript to visit this website.

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം, സ്വര്‍ണ കടത്തിന് ജിദ്ദയില്‍ നിന്നെത്തിയ ദമ്പതികള്‍ പിടിയിലായി 

മലപ്പുറം-കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ കസ്റ്റംസിന്റെ പിടിയില്‍. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോന്‍, സഫ്ന എന്നിവരാണ് ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം ഒളിപ്പിച്ച് കടത്തുന്നതിനിടെ പിടിയിലായത്. ദമ്പതികളുടെ ഒപ്പം ഇവരുടെ കുട്ടിയും ഉണ്ടായിരുന്നു. ഇന്നലെ രാത്രി ജിദ്ദയില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് ദമ്പതികള്‍ കരിപ്പൂര്‍ വിമാനത്തിലെത്തിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ദമ്പതികള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കുടുംബസമേതം എത്തുന്ന യാത്രക്കാര്‍ക്ക് നല്‍കുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്ത് അമീറും സഫ്നയും സ്വര്‍ണക്കടത്ത് നടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സഫ്നയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതോടെയാണ് ദമ്പതികള്‍ പിടിയിലാവുന്നത്. 1104 ഗ്രാം സ്വര്‍ണ മിശ്രിതമാണ് സഫ്നയില്‍ നിന്ന് കണ്ടെത്തിയത്.
ക്യാപ്സൂള്‍ രൂപത്തില്‍ ശരീരത്തില്‍ സ്വര്‍ണം കടത്താനാണ് അമീര്‍ ശ്രമിച്ചത്. രണ്ട് പേരില്‍ നിന്നും പിടികൂടിയ സ്വര്‍ണമിശ്രിതത്തില്‍ നിന്ന് 2055 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. 50,000 രൂപയാണ് ഇരുവര്‍ക്കുമായി കള്ളക്കടത്തുസംഘം വാഗ്ദ്ധാനം ചെയ്തിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദമ്പതികളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.<

Latest News