Sorry, you need to enable JavaScript to visit this website.

കർക്കശക്കാരനെയും കനിവിൻ ആൾ രൂപത്തെയും ഓർത്ത് ആദ്യ ദിനം

വക്കം പുരുഷോത്തമൻ സ്പീക്കറായപ്പോഴായിരുന്നു ദേശാഭിമാനി ലേഖകൻ ആർ.എസ് ബാബുവിന്റെ നിയമസഭ പാസ് റദ്ദാക്കിയത്. അതിന് മുമ്പോ ശേഷമോ ഒരു കൊല കൊമ്പനും ചെയ്യാത്ത കാര്യം. ഇന്ന് പ്രസ് അക്കാദമി ചെയർമാൻ അടക്കമുള്ള ഭരണ പദവികളിലുള്ള ബാബു ആദര വോടെ മാത്രമെ വക്കത്തെ ഓർക്കാറുള്ളൂ. ബാബുവിന്റെ ലിസ്റ്റിലെയും   ഉൾക്കാമ്പുള്ള  കേരള നിയമസഭ സ്പീക്കർ വക്കമല്ലാതെ മറ്റാരുമല്ല.  പദവിയിലിരിക്കുമ്പോൾ ചെയ്യേണ്ട  കാര്യങ്ങൾ ചെയ്യേണ്ടതു പോലെ ചെയ്താൽ ഇങ്ങനെയിരിക്കും. കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയോടും മറ്റും വക്കത്തിനുണ്ടായിരുന്ന എതിർപ്പും അവരുടെ ഇമേജ് ഭയമായിരുന്നു.   ഇത്രയെല്ലാം ഇമേജ് പേടിയുണ്ടായിട്ടും ,ഉമ്മൻ ചാണ്ടിയെ   കേരള രാഷ്ട്രീയം ഉടലോടെ
പച്ചമരത്തിൽ എതിർപ്പിന്റെ ആണി തറച്ചു നിർത്തുകയായിരുന്നു.  മരണാനന്തരം കേരളം ഒന്നാകെ പറയുന്നു....അങ്ങ് നീതിമാനായിരുന്നു. അങ്ങ് നീതിമാനായിരുന്നു... എന്ന്... അത് തന്നെയായിരുന്നു  ഉമ്മൻ ചാണ്ടിയെയും വക്കം പുരുഷോത്തമനെയും ഓർക്കാൻ ചേർന്ന നിയമസഭയുടെ ആദ്യ ദിനത്തിലെ അനുഭവവും.  സ്പീക്കർ എ.എൻ. ഷംസീർ ഉമ്മൻ ചാണ്ടി ജീവിച്ചിരിക്കെ   ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു- താനും സഹ സഖാവും സി.പി.എം ബുദ്ധി ജീവിയുമായ എം.സ്വരാജും   ചേർന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പുൽപ്പള്ളിയായ പുൽപ്പള്ളി മുഴുവൻ ഉമ്മൻ ചാണ്ടിക്കെതിരെ എതിർപ്പിന്റെ കോട്ടകൾ തീർത്തിരുന്നു. ഫലവും ഷംസീർ തന്നെ പറഞ്ഞതാണ് -തോൽപ്പിക്കാനായില്ല. അര നൂറ്റാണ്ടിന്  ശേഷം ഉമ്മൻ ചാണ്ടിയില്ലാത്ത സഭ ചേരുന്നതിന്റെ തലേന്നാൾ സ്പീക്കർ പുതുപ്പള്ളിയിലെത്തി കുടുംബത്തെ നിയമസഭയിലേക്ക് ക്ഷണിച്ചു.  ചാണ്ടി ഉമ്മനും മറിയയും, ഉമ്മൻ ചാണ്ടിയുടെ കൊച്ചു മകൻ പ്ലസ് ടു വിദ്യാർഥി എഫ്‌നോവും  ക്ഷണം സ്വീകരിച്ച്  ഗാലറിയിലെത്തി.  അക്കാര്യം സ്പീക്കർ സഭയിൽ അറിയിക്കുകയും ചെയ്തു.  2016 ൽ ഉമ്മൻ ചാണ്ടിയെ താഴെയിറക്കി അധികാരത്തിലേറുന്നതിന് മുമ്പ് താൻ അദ്ദേഹത്തെ പോയി കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഓർത്തു പറഞ്ഞു.  ഒരു പ്രദേശത്ത് നിന്ന് മാറ്റമില്ലാതെ അര നൂറ്റാണ്ട് തെരഞ്ഞെടുക്കപ്പെടുകയെന്നത് ലോക പാർലമെന്ററി  ചരിത്രത്തിൽ തന്നെ അത്യപൂർവമെന്ന് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. കക്ഷിനേതാക്കളെല്ലാം വിട്ടുപിരിഞ്ഞ നേതാക്കളുമായുള്ള വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചു. ഭക്ഷണവും വിശ്രമവും പോലും ഇല്ലാതെ ജനങ്ങൾക്കായി ജീവിച്ച ഉമ്മൻ ചാണ്ടിയെക്കുറിച്ച് എത്ര പറഞ്ഞാലും തീരാത്തയാളാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.   ഉമ്മൻചാണ്ടി ഏതെങ്കിലുമൊരു യോഗത്തിനെത്തിയാൽ അവിടെ പ്രസരിക്കുന്ന പോസിറ്റീവ് എനർജിയെപ്പറ്റിയാണ്  പ്രതിപക്ഷ ഉപ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഓർത്തത് .ചന്ദ്ര ശേഖരൻ (സി.പി.ഐ) ഉണരുമ്പോൾ മുതൽ ഉറങ്ങുമ്പോൾ വരെ ജനത്തോടൊപ്പം ജീവിച്ച ഉമ്മൻ ചാണ്ടിയെ സ്മരിച്ചു. വക്കം എന്ന സ്പീക്കറെ ഭയമായിരുന്നുവെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. അത്രക്കുണ്ടായിരുന്നു ഗൗരവ ഭാവം. ആർ.എസ്.പിയിലെ കോവൂർ കുഞ്ഞുമോൻ ഓർത്തത് തന്നെ വിളിച്ച് ഡപ്യൂട്ടി സ്പീക്കർ പദവി തരാമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിയെയാണ്. ചെങ്കൊടി പിടിച്ച് ഇടതുപക്ഷത്തു തന്നെ നിൽക്കേണ്ടതിനാൽ അത് വേണ്ടെന്ന് വെച്ചു- ആ പദവിയിൽ പാലോട് രവി എത്തി.
 53 വർഷം നിയമസഭയിലെ സ്ഥിരം സാന്നിധ്യമായിരുന്ന  ഉമ്മൻചാണ്ടിയുടെ ഇരിപ്പിടത്തിന്  ഇന്നലെ പുതിയ അവകാശി എത്തി.  നിയമസഭയിൽ മുൻനിരയിൽ ഉമ്മൻചാണ്ടി ഇരുന്ന ഇരിപ്പിടത്തിൽ ഇനി എൽ.ജെ.ഡി അംഗം കെ.പി മോഹനൻ ഇരിക്കും. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് എന്ന നിലയിലാണ് പി.ആർ കുറുപ്പിന്റെ മകൻ കെ.പി മോഹനന് ഈ ഇരിപ്പിടം കിട്ടിയത്.  നേരത്തെ നിയമസഭയുടെ രണ്ടാം നിരയിലായിരുന്നു കെ.പി മോഹനന്റെ സ്ഥാനം. വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്നു.  ഇദ്ദേഹം ഒരുനിര മുന്നിലേക്ക് വന്നതോടെ രണ്ടാം നിരയിൽ ഒഴിഞ്ഞ ഇരിപ്പിടത്തിലും പുതിയ അംഗമെത്തി. ആർ.എസ.്പി (ലെനിനിസ്റ്റ്)നേതാവ് കോവൂർ കുഞ്ഞുമോനാണ് രണ്ടാം നിരയിലെ ഇരിപ്പിടത്തിൽ ഇനി ഇരിക്കുക. നിയമസഭയിലെ മറ്റ് ഇരിപ്പിട ക്രമത്തിലും മാറ്റം വന്നിട്ടുണ്ട്.

Latest News