പട്‌ന- ബിഹാറിലെ ആറ് ലോക്‌സഭാ സീറ്റുകളില്‍ തന്റെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും അതില്‍ ഒരു സീറ്റില്‍ അമ്മ മത്സരിക്കുമെന്നും ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) വിഭാഗം തലവനും ജാമുയിയില്‍ നിന്നുള്ള ലോക്‌സഭാംഗവുമായ ചിരാഗ് പാസ്വാന്‍.
ഹാജിപൂര്‍ ലോക്‌സഭാ സീറ്റില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍.ഡി.എ) സ്ഥാനാര്‍ഥിയായി അമ്മ മത്സരിക്കണം.
കുടുംബത്തിന്റെ സ്വന്തം സീറ്റായ ഹാജിപൂര്‍ ലോക്‌സഭാ സീറ്റിനെ പിതാവ് രാം വിലാസ് പാസ്വാന്‍ ഒമ്പത് തവണ പ്രതിനിധീകരിച്ചു. ചിരാഗ് പാസ്വാന്റെ അമ്മാവനും പാര്‍ട്ടിയില്‍നിന്ന് വേര്‍പിരിഞ്ഞയാളുമായ കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരാസ് 2019 ലെ തിരഞ്ഞെടുപ്പില്‍ ഈ സീറ്റില്‍നിന്ന് മത്സരിച്ച് വിജയിച്ചു. 2020ല്‍ രാംവിലാസ് പാസ്വാന്റെ മരണശേഷം എല്‍.ജെ.പി പിളര്‍ന്നു.
ഹാജിപൂരില്‍ നിന്ന് മത്സരിക്കാനുള്ള ആദ്യ അവകാശം അമ്മക്കാണെന്ന് ചിരാഗ് പാസ്വാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിറ്റിംഗ് എം.പി എന്ന നിലയില്‍ പരാസ് സീറ്റിന് അവകാശവാദം ഉന്നയിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഹാജിപൂരിന് വൈകാരികമായ ഒരു ബന്ധം ഉണ്ട്. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥിത്വത്തിലും സഖ്യത്തിനുള്ളില്‍ (എന്‍.ഡി.എ) അന്തിമ തീരുമാനമെടുത്തിട്ടില്ല. പക്ഷേ, എന്റെ അമ്മ റീന പാസ്വാന്‍ അവിടെ നിന്ന് മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അച്ഛന് ശേഷം ആ സീറ്റില്‍ ആദ്യ അവകാശവാദം അവര്‍ക്കാണ്.
രണ്ട് എല്‍.ജെ.പി വിഭാഗങ്ങളും എന്‍.ഡി.എയുടെ ഭാഗമാണ്. 2019ല്‍ ബിഹാറിലെ ആറ് ലോക്‌സഭാ സീറ്റുകളില്‍ എന്‍.ഡി.എ ഘടകകക്ഷിയായ എല്‍.ജെ.പി വിജയിച്ചിരുന്നു.