രാഹുൽ ഗാന്ധിക്കനുകൂലമായ സുപ്രീം കോടതി വിധി കോൺഗ്രസിനുണ്ടാക്കിയ ഉണർവും ആവേശവും നിയമസഭയിലും പ്രകടമാകുമെന്നുറപ്പാണ്. സഭ ചേരാൻ നിശ്ചയിക്കുമ്പോഴുള്ള രാഷ്ട്രീയ കാലാവസ്ഥയല്ല ഇപ്പോൾ കേരളത്തിലും ഇന്ത്യയിലുമുള്ളത്. അതെല്ലാം സഭാതലത്തിലും തെളിയും. ഓരോ സഭാകാലവും അതു ചേരുന്ന സമയത്തെ രാഷ്ട്രീയത്തിന്റെ നേർപതിപ്പായിരിക്കും.
കഴിഞ്ഞ അര നൂറ്റാണ്ടായി ഉമ്മൻ ചാണ്ടി കേരള നിയമ സഭയിലുണ്ടായിരുന്നു. ആഴി കുലുങ്ങിയിട്ടും ഊഴി കലങ്ങിയിട്ടും അദ്ദേഹത്തെ ആർക്കും തോൽപിക്കാനായിരുന്നില്ല. മാനായും മാരീചനായും ആണായും പെണ്ണായുമൊക്കെ ഉമ്മൻ ചാണ്ടിയെ തോൽപിച്ചു കളയാൻ ആളുകളെ ഇറക്കിയിരുന്നു. വെറുതെ എന്റെയും എം. സ്വരാജിന്റെയും സമയം കളഞ്ഞു എന്ന് ഒരു ഘട്ടത്തിലെ സൂത്രധാരനായിരുന്ന ഇന്നത്തെ സ്പീക്കർ എ.എൻ. ഷംസീർ ഖേദിക്കുമ്പോഴേക്കും ഉമ്മൻ ചാണ്ടി തിരിച്ചുപോക്കിന്റെ ഘട്ടത്തിലെത്തിയിരുന്നു. 53 കൊല്ലമാണ് തുടർച്ചയായി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയെ പ്രതിനിധീകരിച്ച് നിയമസഭ അംഗമായത്. അതെ, ആ കാലമെല്ലാം പിന്നിലാക്കി ഇതാദ്യമായി അദ്ദേഹമില്ലാത്ത സഭ ഇന്ന് ചേരുകയാണ്- പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം. ആദ്യ ഇനം ഉമ്മൻ ചാണ്ടിക്കും ഫയർ ബ്രാന്റ് സ്പീക്കറായിരുന്ന വക്കം പുരുഷോത്തമനുമുള്ള ചരമോപചാരമാണ്. 12 ദിവസത്തേക്കാണ് സഭ. സഭ ചേരുന്ന ദിവസങ്ങൾ കുറവാണെങ്കിലും കാത്തിരിക്കുന്നത് കത്തുന്ന വിഷയങ്ങളിലുള്ള സർക്കാർ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനങ്ങളിൽ തന്റെ നിലപാട് പറഞ്ഞിട്ടിപ്പോൾ അരക്കൊല്ലമായി. എത്രയോ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് കേരളം ഇനിയും കേട്ടിട്ടില്ല. വല്ല പൊതു യോഗ പ്രസംഗങ്ങളിലും വല്ലതും പറഞ്ഞാലായി- അത്ര തന്നെ. നിലപാട് നിരന്തരം മൗന മൗനമായി അടിച്ചേൽപിക്കുന്നതും ഒന്നും പറയതിരിക്കുന്നതും ഒരു തന്ത്രമാണെന്ന രാഷ്ട്രീയത്തിന് ഇന്ത്യയിൽ സ്വീകാര്യത വന്നത് മോഡി കാലത്താണ്. മാധ്യമങ്ങളെ ഇരുതോളത്തു മിരുത്തി സഞ്ചരിക്കുന്നവരായിരുന്നു ഇന്ത്യയുടെ മുൻ ഭരണാധികാരികൾ. കേരളത്തിന്റെ അവസ്ഥയും അതു തന്നെയായിരുന്നു. കർക്കശക്കാരനായ വി.എസ്. അച്യുതാനന്ദൻ പോലും മാധ്യമങ്ങൾക്ക് അമിതാധികാരം അനുവദിച്ചവരിൽ പെടും. കോവിഡ് മഹാമാരികാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും നിത്യവുമെന്നോണം പത്രക്കാരെ കാണുമായിരുന്നു. കുറച്ചു കാലം മുഖ്യമന്ത്രിയുടെ പാർട്ടിക്കാരല്ലാത്ത മനുഷ്യരും ഈ 'അന്യന്റെ ശബ്ദം സംഗീതം പോലെ കേട്ടു. ആളുകൾക്ക് അന്നതൊരു ശീലമായി മാറിയിരുന്നു. കണ്ടില്ലെ, ഇങ്ങനെയാവണം ഭരണാധികാരികൾ എന്ന് അന്ന് യു.ഡി.എഫുകാരും സാക്ഷ്യം പറഞ്ഞു. കോഴിക്കോട് ജില്ല സി.പി.എം സെക്രട്ടറി പി.മോഹനന്റെ പുത്രൻ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കേൾക്കാനിരിക്കുന്ന രംഗം ഒരു ദിവസം ആവേശ ഭരിതനായി എഴുതിയിരുന്നു- നല്ല ഇനം ബീൻസ് മസാലയിട്ട് ശരിപ്പെടുത്തിയതും കൊറിച്ചുള്ള കട്ടൻ ചായക്ക് മുന്നിലെ പത്ര സമ്മേളനം കേൾക്കലായിരുന്നു വിഷയം. ആ പത്രസമ്മേളനങ്ങളും ശക്തമായ രാഷ്ട്രീയ പ്രവർത്തനം തന്നെയായിരുന്നുവെന്ന് എല്ലാവർക്കും മനസ്സിലായത് രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ മാത്രമായിരുന്നു. അതുപോലെ രാഷ്ട്രീയം കത്തുന്ന ഈ കാലത്തെ മൗനവും വലിയ ലക്ഷ്യത്തോടെയായിരിക്കാം.
മിത്ത് വിവാദം, ഗുണ്ടാ വിളയാട്ടം, ഏതോ ഒരു ഗുണ്ട എന്നെ ഇതാ ആക്രമിക്കുന്നു എന്ന് നിസ്സഹായ ജനം പോലീസ് സ്‌റ്റേഷനിൽ വിളിച്ചാൽ ഇവിടെ ആളില്ല കേട്ടോ ..ഓവർ...ഓവർ.. എന്ന മറുപടി കേട്ട് അതെയോ, സാരമില്ല എന്ന് നിസ്സംഗരാകുന്ന ജനത്തിന്റെ നിസ്സഹായാവസ്ഥ, ഏക വ്യക്തി നിയമം, മൈക്ക് വിവാദം എല്ലാറ്റിനും ഏതെങ്കിലും രീതിയിൽ മുഖ്യമന്ത്രിക്ക് നിയമസഭയിൽ പ്രതികരിക്കേണ്ടി വരും. ആ പ്രതികരണങ്ങളിലൊക്കെ ഒളിപ്പിച്ചുവെച്ച രാഷ്ട്രീയ വെടിക്കോപ്പുകൾ എന്തൊക്കെയായിരിക്കും എന്ന് അത് കേട്ടാലേ പറയാനാവുകയുള്ളൂ.എന്തു കേട്ടാലും അദ്ദേഹം പറയുന്നതിന് മൈലേജുണ്ടാക്കാൻ കളം നിറയെ പ്രചാരകരാണ്.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസുകൾ നിരന്തരം തള്ളുന്ന വിഷയം, പ്രതിപക്ഷ പ്രതിഷേധം സഭ ടി.വി കാണിക്കാതിരിക്കുന്ന അവസ്ഥ, ചോദ്യോത്തരവേള പകർത്താൻ മാധ്യമങ്ങൾക്ക് നൽകിയിരുന്ന അനുവാദം തിരിച്ചുനൽകൽ, ആലുവയിലെ കുരുന്നിന്റെ കൊല, മന്ത്രി ബിന്ദുവിനെതിരായ ആരോപണം ...വിഷയങ്ങൾ നിരവധിയാണ്. മിത്ത് വിവാദം കത്തിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ തീരുമാനമായി എന്ന് തോന്നുന്നില്ല. മിത്ത് വിവാദം കൂടുതൽ ചർച്ചയാക്കുന്നത് സാമൂഹികമായും രാഷ്ട്രീയമായും ഭിന്നിപ്പിനേ ഇടയാക്കൂ എന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി കഴിഞ്ഞ ദിവസം വിലയിരുത്തിയിട്ടുണ്ട്. മിത്ത് വിവാദം തണുപ്പിക്കണമെന്ന സി.പി.എം നിലപാടിനൊപ്പം കോൺഗ്രസും യു.ഡി.എഫും നിൽക്കുമോ എന്ന കാര്യം സഭയിൽ അറിയാൻ കഴിയും.
രാഹുൽ ഗാന്ധിക്കനുകൂലമായ സുപ്രീം കോടതി വിധി കോൺഗ്രസിനുണ്ടാക്കിയ ഉണർവും ആവേശവും നിയമസഭയിലും പ്രകടമാകുമെന്നുറപ്പാണ്. സഭ ചേരാൻ നിശ്ചയിക്കുമ്പോഴുള്ള രാഷ്ട്രീയ കാലാവസ്ഥയല്ല ഇപ്പോൾ കേരളത്തിലും ഇന്ത്യയിലുമുള്ളത്. അതെല്ലാം സഭാതലത്തിലും തെളിയും. ഓരോ സഭാകാലവും അതു ചേരുന്ന സമയത്തെ രാഷ്ട്രീയത്തിന്റെ നേർപതിപ്പായിരിക്കും.






