കൊച്ചി- നിരന്തര മയക്കുമരുന്ന് വില്‍പ്പനക്കാരനെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇന്‍ നര്‍ക്കോട്ടിക്ക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിയില്‍ പള്ളിപ്പറമ്പില്‍ ജിലു (വാവ- 38)നെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചത്.
ലഹരി ഉപയോഗവും വില്‍പ്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജിലു വിവിധ പോലീസ് സ്റ്റേഷനുകളിലെ ലഹരിക്കടത്ത് കേസിലെ പ്രതിയും ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരം തടിയിട്ടപറമ്പ് ഇന്‍സ്‌പെക്ടര്‍ വി. എം. കേഴ്‌സന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം കിഴക്കമ്പലം ചേലക്കാട്ടു വീട്ടില്‍ ചെറിയാന്‍ ജോസഫിനെ പിറ്റ്- എന്‍. ഡി. പി. എസ് ആക്ട് പ്രകാരം ജയിലില്‍ അടച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകും.