ജൈവ മാലിന്യത്തിൽ മത്സ്യത്തീറ്റ നിർമ്മിക്കാനുള്ള പരീക്ഷണ പദ്ധതിക്ക് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശായിൽ (കുഫോസ്) തുടക്കമായി. സ്രോതസ്സിൽ തന്നെ മാലിന്യങ്ങൾ വേർതിരിച്ച് കറുത്ത പടയാളി പുഴുക്കളെ ഉപയോഗിച്ച് ജൈവ മാലിന്യത്തിൽ നിന്ന് മത്സ്യത്തീറ്റ നിർമാണത്തിന് ആവശ്യമായ മാംസ്യം ഉൽപാദിക്കുന്നതാണ് പദ്ധതി. ആലപ്പുഴ ആസ്ഥാനമായി ജൈവ മാലിന്യ സംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്ന അമല ഇക്കോ ക്ലീൻ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുകയെന്ന് കുഫോസ് വൈസ് ചാൻസലർ ഡോ.ടി.പ്രദീപ് കുമാർ അറിയിച്ചു.
ഇതിനായി കുഫോസും അമല ഇക്കോ ക്ലീൻ പ്രൈവറ്റ് ലിമിറ്റഡും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കുഫോസിന് വേണ്ടി രജിസ്ട്രാർ ഡോ.ദിനേശ് കൈപ്പിള്ളിയും അമല ഇക്കോ ക്ലീൻ പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ഡയറക്ടർ ജോസഫ് നിക്ലവോസുമാണ് വൈസ് ചാൻസലർ ഡോ.ടി.പ്രദീപ് കുമാറിന്റെ സാന്നിധ്യത്തിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പരീക്ഷണാർത്ഥത്തിൽ നടപ്പിലാക്കുന്ന പദ്ധതി വിജയിച്ചാൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് വൈസ് ചാൻസലർ ഡോ.ടി.പ്രദീപ് കുമാർ പറഞ്ഞു. കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ പ്രശ്‌നമായ ജൈവ മാലിന്യ സംസ്‌കരണത്തിന് ഇതോടെ ശാശ്വത പരിഹാരമാകും. പടയാളി ഈച്ചകളുടെ ലാർവയിൽ നിന്നും കയറ്റുമതിക്ക് ഉതകുന്ന വില കൂടിയ ഉൽപന്നങ്ങൾ നിർമിക്കുവാനും അവയുടെ വിവിധ തരത്തിലുള്ള ഉപയോഗങ്ങൾ കണ്ടുപിടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.