രാജ്യത്തെ സുപ്രധാന ആസ്തി കൈകാര്യ സ്ഥാപനങ്ങളിലൊന്നായ എൽഐസി മ്യൂച്വൽ ഫണ്ട്, ഐഡിബിഐ മ്യൂച്വൽ ഫണ്ടിനെ ഏറ്റെടുക്കുന്ന നടപടി പൂർത്തിയായി. 2023 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് എൽഐസി മ്യൂച്വൽ ഫണ്ട് 18,400 കോടി രൂപയുടെ ആസ്തികളും ഐഡിബിഐ മ്യൂച്വൽ ഫണ്ട് 3650 കോടി രൂപയുടെ ആസ്തികളുമാണ് കൈകാര്യം ചെയ്യുന്നത്.
ലയനം പൂർത്തിയായതോടെ ഐഡിബിഐ മ്യൂച്വൽ ഫണ്ടിന്റെ 20 പദ്ധതികളിൽ 10 എണ്ണം എൽഐസി മ്യൂച്വൽ ഫണ്ടിന്റെ സമാന പദ്ധതികളുമായി ലയിക്കും. ബാക്കിയുള്ള 10 എണ്ണം പ്രത്യേക പദ്ധതികളായി എൽഐസി ഏറ്റെടുക്കും. ഇതോടെ എൽഐസി മ്യൂച്വൽ ഫണ്ടിനു കീഴിലുള്ള മൊത്തം പദ്ധതികളുടെ എണ്ണം 38 ആയിത്തീരും. ഐഡിബിഐ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ളവർക്ക് എൽഐസി മ്യൂച്വൽ ഫണ്ടിന്റെ ഓഹരി, വായ്പ, പരിഹാര പദ്ധതികൾ, ഹൈബ്രിഡ്, സൂചിക ഫണ്ടുകൾ, ഇടിഎഫ് എന്നിങ്ങനെ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ പ്രയോജനവും ലഭിക്കും. എൽഐസി മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ വർധിപ്പിക്കുന്നതിനും ഉൽപന്ന വൈവിധ്യം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഐഡിബിഐ മ്യൂച്വൽ ഫണ്ട് ഏറ്റെടുത്തത്.