ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഫിച്ച് അമേരിക്കയുടെ റേറ്റിങ് താഴ്ത്തിക്കെട്ടിയതിന്റെ പ്രത്യാഘാതത്തിൽ സെൻസെക്‌സും നിഫ്റ്റിയും ആടി ഉലഞ്ഞു. നിഫ്റ്റി സൂചിക 19,791 ൽ നിന്നും 19,295 ലേയ്ക്ക് തകർന്നെങ്കിലും വ്യാപാരാന്ത്യം കഴിഞ്ഞ വാരം മലയാളം ന്യൂസിൽ വ്യക്തമാക്കിയ ആദ്യ താങ്ങായ 19,517 പോയന്റിൽ കൃത്യമായ ലാന്റിങ് നടന്നു. സൂചിക 129 പോയന്റ് പ്രതിവാര നഷ്ടത്തിലാണെങ്കിലും താഴ്ന്ന തലത്തിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കനത്ത നിക്ഷേപത്തിന് മത്സരിച്ചത് തിരിച്ചുവരവിന് വഴിതെളിച്ചു. ബോംബെ സെൻസെക്‌സ് 439 പോയന്റ് കുറഞ്ഞു.
വാരാരംഭത്തിൽ ഇന്ത്യൻ മാർക്കറ്റ് മികവിൽ നീങ്ങിയതിനിടയിലാണ് അമേരിക്കയിൽ നിന്നുള്ള പ്രതികൂല വാർത്തകൾ വിപണിയുടെ മുഖഛായ തന്നെ മാറ്റിമറിച്ചത്. യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ്, ഫിച്ച് താഴ്ത്തിയ വിവരം മൂന്ന് ദിവസങ്ങളിൽ ഇന്ത്യൻ ഇൻഡക്‌സുകൾ ആടി ഉലയാൻ കാരണമായി. എന്നാൽ വാരാവസാനം ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് അനുകൂലമായ സൂചനകൾ സേവന മേഖലയിൽ നിന്നും പുറത്തു വന്നതും മൺസൂൺ പ്രതീക്ഷ പകരുമെന്ന വിലയിരുത്തലും ആഭ്യന്തര ഫണ്ടുകളെ വാങ്ങലുകാരാക്കി. അവർ 5620 കോടി രൂപ ഇറക്കി വൻ തകർച്ചയിൽ നിന്നും കരകയറ്റി. വിദേശ ഓപറേറ്റർമാർ 3545 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ വിറ്റു.
വിനിമയ വിപണിയിൽ ഇന്ത്യൻ രൂപ വിയർത്തു. ജൂലൈയിൽ 81.64 വരെ ശക്തി പ്രാപിച്ച രൂപ പത്ത് ദിവസത്തിനിടയിൽ 124 പൈസ തകർന്നു. കഴിഞ്ഞ വാരം രൂപയ്ക്ക് 59 പൈസയുടെ ഇടിവ്. തിരിച്ചുവരവിനുളള സൂചനകൾ ഫോറെക്‌സ് മാർക്കറ്റിൽ തെളിഞ്ഞിട്ടില്ല. തിങ്കളാഴ്ച 82.25 ൽ നീങ്ങിയ രൂപ വാരാന്ത്യം 82.84 ലാണ്. ഈ വാരം കൂടുതൽ ദുർബലമായാൽ ആർ ബി ഐ വിപണിയിൽ ഇടപെടാം.
നിഫ്റ്റി മുൻവാരത്തിലെ 19,646 ൽ നിന്നും നേട്ടത്തോടെ ട്രേഡിങ് ആരംഭിച്ചെങ്കിലും 19,821 ലെ പ്രതിരോധം തകർക്കാനുള്ള ശ്രമം 19,791 ൽ നിലച്ചു. ഈ അവസരത്തിൽ ബ്ലൂചിപ് ഓഹരികൾ വിൽക്കാൻ ഫണ്ടുകൾ മത്സരിച്ചതോടെ കഴിഞ്ഞ വാരം വ്യക്തമാക്കിയ 19,517 ലെ ആദ്യ സപ്പോർട്ട് തകർത്ത് 19,295 ലേയ്ക്ക് ഇടിഞ്ഞങ്കിലും താഴ്ന്ന റേഞ്ചിലെ പുതിയ ബയ്യിങിൽ മാർക്കറ്റ് ക്ലോസിങിൽ നിഫ്റ്റി 19,517 പോയന്റിലാണ്. അഞ്ച് ദിവസങ്ങളിൽ നിഫ്റ്റി 499 പോയന്റ് ചാഞ്ചാടി.
സാങ്കേതികമായി വീക്ഷിച്ചാൽ റെക്കോർഡായ 19,991 തൽക്കാലം തകർക്കാനാവില്ല. റെക്കോർഡിൽ നിന്നും ചുരുങ്ങിയ ആഴ്ചകളിൽ 736 പോയന്റ് ഇടിഞ്ഞ് 19,255 വരെ തിരുത്തൽ കാഴ്ചവെച്ച നിഫ്റ്റിക്ക് 19,773 ൽ പ്രതിരോധം തല ഉയർത്താം. വീണ്ടും സെൽപ്രഷർ ഉടലെടുത്താൽ 19,277 19,038 വരെ സൂചിക തളരാം. ഇതിനിടയിൽ ഓഗസ്റ്റ് രണ്ടാം പകുതിയിൽ പുതിയ ബയ്യർമാരുടെ വരവിൽ റെക്കോർഡ് ഭേദിക്കാനുള്ള കരുത്ത് നിഫ്റ്റി കണ്ടെത്തിയാൽ കുതിപ്പ് 20,030 വരെ നീളാം. ഡെയ്‌ലി ചാർട്ടിൽ മെയ് മുതൽ ബുള്ളിഷായ സൂപ്പർ ട്രെന്റ് വാരാന്ത്യം ചാർട്ട് ഡാമേജിനെ അഭിമുഖീകരിക്കുകയാണ്. പാരാബോളിക് സെല്ലിങ് മൂഡിലാണ്. എംഎസിഡി ബുള്ളിഷെങ്കിലും തൽക്കാലികമായി അൽപം തളരാം.
സെൻസെക്‌സ് 66,160 ൽ നിന്നും ഏകദേശം 600 പോയന്റ് കയറി 66,656 നെ ദർശിച്ച ശേഷം 64,964 ലേയ്ക്ക് ഇടിഞ്ഞു. മാർക്കറ്റ് ക്ലോസിൽ അൽപം മെച്ചപ്പെട്ട് 65,721 പോയന്റിലാണ്. ഈ വാരം 66,596 ൽ പ്രതിരോധവും 64,904 ൽ ആദ്യ താങ്ങുമുണ്ട്.
മുൻനിര ബാങ്കിങ് ഓഹരിയായ എസ്ബിഐയുടെ വില ഏഴ് ശതമാനം ഇടിഞ്ഞ് 573 രൂപയായി. ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഐറ്റിസി, മാരുതി, ടാറ്റാ സ്റ്റീൽ, എച്ച്‌യുഎൽ, എൽ ആന്റ് റ്റി, ആർഐ എൽ, എയർടെൽ, എം ആന്റ് എം തുടങ്ങിയവയ്ക്ക് തിരിച്ചടി.
രാജ്യാന്തര സ്വർണ വിലയിൽ ശക്തമായ തിരുത്തൽ. ട്രോയ് ഔൺസിന് 1970 ഡോളറിൽ കാലിടറിയ മഞ്ഞലോഹം വെളളിയാഴ്ച 1924 ഡോളറിലേയ്ക്ക് തളർന്നെങ്കിലും ക്ലോസിങിൽ 1942 ഡോളറിലാണ്. ഈ വാരം 1921 ലെ നിർണായക സപ്പോർട്ട് നിലനിർത്തിയാൽ 1954 ലേയ്ക്ക് ഉയരാമെങ്കിലും ആ ശ്രമം പരാജയപ്പെട്ടാൽ വില 1880 ഡോളറിലേയ്ക്ക് തിരിയും.