Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുരുമുളക്, ഏലം, ചുക്ക് വില ഉയരുന്നു

അന്തർസംസ്ഥാന വാങ്ങലുകാരുടെ  വരവിൽ കുരുമുളക് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ്. ഉത്സവകാല ആവശ്യങ്ങൾക്കുള്ള കുരുമുളക് സംഭരണ തിരക്കിലാണ് ഉത്തരേന്ത്യൻ വാങ്ങലുകാർ. ആഭ്യന്തര ഡിമാന്റിൽ ഉൽപന്നം നടപ്പുവർഷത്തെ ഉയർന്ന നിലവാരത്തിലാണ്. കാർഷിക മേഖലയിലെ ചരക്ക് ക്ഷാമം മുൻനിർത്തി കർഷകർ മുളക് ഇറക്കാൻ താൽപര്യം കാണിച്ചില്ല, ഇത് വാങ്ങലുകാരെ ഏറെ അസ്വസ്ഥരാക്കി. പിന്നിട്ട വാരം മുളക് വില 3400 രൂപ വർധിച്ചു. ഓഗസ്റ്റിൽ നൂറ് ടണ്ണിൽ കുറവ് മുളക് മാത്രമാണ് ടെർമിനൽ മാർക്കറ്റിലെത്തിയത്. ഉത്തരേന്ത്യയിൽ നിന്നും കുരുമുളകിന് ആവശ്യക്കാർ ഉയരുന്നതായാണ് വിപണി വൃത്തങ്ങളിൽ നിന്നുള്ള സൂചന. മാർക്കറ്റിനെ മാത്രം ആശ്രയിച്ചാൽ വിലക്കയറ്റം ശക്തമാക്കുമെന്ന ഭീതിയിൽ അന്തർസംസ്ഥാന വാങ്ങലുകാർ കാർഷിക മേഖലകളിൽ നേരിട്ടും ഏജന്റുമാരെ ഇറക്കിയും ചരക്കിനായി ശ്രമിക്കുന്നുണ്ട്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 62,100 രൂപയായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 7700 ഡോളർ. വിനിമയ വിപണിയിലെ ചാഞ്ചാട്ടങ്ങൾ മുഖ്യ ഉൽപാദക രാജ്യങ്ങളുടെ മുളക് വിലയിൽ പ്രകടമായി. ശ്രീലങ്ക ടണ്ണിന് 6700 ഡോളർ രേഖപ്പെടുത്തി. ബ്രസീൽ 3700 ഡോളറിനും ഇന്തോനേഷ്യ 3800 ഡോളറിനും വിയറ്റ്‌നാം 3600 ഡോളറും കുരുമുളകിന് ആവശ്യപ്പെട്ടു. 
സുഗന്ധവ്യഞ്ജനങ്ങളുടെ ഇറ്റില്ലമായ ഇടുക്കിയിൽ ഇക്കുറി മഴയുടെ അളവ് കുറഞ്ഞത് കാർഷിക കേരളത്തിന് കനത്ത പ്രഹരമാവും. കയറ്റുമതി വിപണിയിലും ആഭ്യന്തര മാർക്കറ്റിലും ഏറെ പ്രിയപ്പെട്ട സുഗന്ധറാണിയുടെ ഉൽപാദനം പ്രതികൂല കാലാവസ്ഥയിൽ കുത്തനെ കുറയുമെന്ന ഭീതിയിലാണ് ഉൽപാദകർ. വേണ്ടത്ര മഴ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഏലം കൃഷിയുമായി മുന്നോട്ട് പോകാൻ കർഷകർ ക്ലേശിക്കേണ്ടിവരും. ഇടുക്കി ജില്ലയിൽ മഴയുടെ അളവിൽ 53 ശതമാനം കുറഞ്ഞ വിവരം പുറത്തു വിന്നിട്ടും കൃഷിവകുപ്പ് ഇതിനെ മറികടക്കാനും കർഷകർക്ക് ആശ്വാസം പകരാനും യാതൊരു നടപടിക്കും തയാറായില്ല. വരണ്ട കാലാവസ്ഥ തുടർന്നാൽ ഉൽപാദനം കുറയും. ശരാശരി ഇനങ്ങൾ കിലോ 1812 രൂപ വരെയും മികച്ചയിനങ്ങൾ 3085 രൂപ വരെയും ഉയർന്നു.  വിളവെടുപ്പ് തുടങ്ങിയെങ്കിലും ഏലക്ക ക്ഷാമം മൂലം കാർഷിക മേഖല ഏലത്തിൽ പിടിമുറുക്കിയാൽ നിരക്ക് കുതിക്കാം. പല ലേലങ്ങളിലും വിൽപനയ്ക്ക് എത്തിയ ചരക്കിൽ 95 ശതമാനത്തിൽ അധികവും ഇടപാടുകാർ കൊത്തി പെറുക്കിയതിൽ നിന്നും വ്യക്തം. അവരും അക്ഷർത്ഥത്തിൽ ഭീതിയിലാണെങ്കിലും പുറത്ത് പ്രകടിപ്പിക്കാതെ സംയമനം പാലിക്കുകയാണ്.  
ചുക്ക് സംഭരിക്കാൻ കയറ്റുമതിക്കാരും ഉത്തരേന്ത്യൻ ഇടപാടുകാരും മത്സരിച്ചത് വില ഉയർത്തി. മികച്ചയിനം ചുക്ക് വില 35,000 രൂപയായി ഉയർന്നപ്പോൾ മീഡിയം ചുക്ക് 32,500 ലേയ്ക്കും മുന്നേറി. കാർഷിക മേഖലകളിലും ടെർമിനൽ മാർക്കറ്റിലും ചുക്ക് ക്ഷാമം രൂക്ഷമാണ്. പച്ച ഇഞ്ചി വിലയിലെ മുന്നേറ്റം കണ്ട് ചുക്ക് ഉൽപാദകരിൽ വലിയൊരു പങ്ക് രംഗം വിട്ടു. ഉത്തരേന്ത്യയിൽ ശൈത്യകാലം തുടങ്ങുന്നതോടെ ചുക്കിന് വൻ ഓർഡറുകൾ എത്തും. 
നാളികേരോൽപന്നങ്ങളുടെ വില ഉയർന്നു. മാസാരംഭമായതിനാൽ പ്രദേശിക മാർക്കറ്റുകളിൽ എണ്ണയ്ക്ക് പതിവിലും ഡിമാന്റ് ഉയരാനുള്ള സാധ്യതകൾ കണക്കിലെടുത്ത് മില്ലുകാർ വില ചെറിയ തോതിൽ വർധിപ്പിച്ചു. അതേസമയം ചിങ്ങം അടുത്തതോടെ നാളികേരോൽപന്നങ്ങളുടെ വില ഉയരുമെന്ന പ്രതീക്ഷയിലാണ് ഉൽപാദകർ. കൊപ്ര 8300 രൂപയായും വെളിച്ചെണ്ണ 12,700 രൂപയായും കയറി. 
ടയർ ലോബി റബർ വിപണിയെ  സമ്മർദത്തിലാക്കി. ടാപ്പിങ് രംഗത്തെ ഉണർവും വിദേശത്ത് റബർ അവധി നിരക്കുകളിലെ കുറവും മറയാക്കി അവർ നാലാം ഗ്രേഡ് ഷീറ്റ് വില 15,200  രൂപയിൽ നിന്നും 14,900 ലേയ്ക്ക്  ഇടിച്ചു. അഞ്ചാം ഗ്രേഡ് റബർ വില 500 രൂപ കുറഞ്ഞ്  14,000-14,500 രൂപയായി. 
സ്വർണ വില പവൻ 44,280 രൂപയിൽ നിന്നും 43,960 ലേയ്ക്ക് താഴ്ന്ന ശേഷം ശനിയാഴ്ച 44,120 ലാണ്. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1942 ഡോളർ.  

Latest News