കേരളത്തിൽ ലുലു ഗ്രൂപ്പിന്റെ സമുദ്രോൽപന്ന സംസ്‌കരണ കയറ്റുമതി കേന്ദ്രം ഉദ്ഘാടനത്തിനായി തയാറെടുക്കുന്നു. കൊച്ചിക്കടുത്ത് അരൂരിലാണ് 150 കോടി രൂപ മുതൽമുടക്കിൽ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള അത്യാധുനിക കേന്ദ്രം നിർമിച്ചിട്ടുള്ളത്. സമുദ്ര വിഭവങ്ങൾ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നതിനോടൊപ്പം സമുദ്ര വിഭവങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നു. മൂല്യവർധിത ഉൽപന്നങ്ങൾക്കായി മാത്രം പ്രത്യേക യൂനിറ്റുമുണ്ട്.
ഡെന്മാർക്കിൽ നിന്നും അത്യാധുനിക മെഷിനറികളാണ് ഇതിനായി ഇറക്കുമതി ചെയ്തിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നേരിട്ടും അല്ലാതെയും 800 ലധികം പേർക്ക് പുതുതായി തൊഴിൽ ലഭ്യമാകും. രണ്ട് യൂനിറ്റുകളിലുമായി മാസം 2500 ടൺ സമുദ്രോൽപന്നങ്ങൾ സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പർ മാർക്കറ്റുകളാണ് പ്രധാന വിപണി. കൂടാതെ യൂറോപ്പ്, യു.കെ, യു.എസ്, ജപ്പാൻ, കൊറിയ, ചൈന എന്നിവിടങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിടുന്നുണ്ടെന്നും ജനറൽ മാനേജർ അനിൽ ജലധരൻ പറഞ്ഞു.
ലുലു ഗ്രൂപ്പിന്റെ കയറ്റുമതി ഡിവിഷനായ ഫെയർ എക്‌സ്‌പോർട്‌സ് ഇന്ത്യ ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച 2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നും 6200 കോടി രൂപയുടെ പഴം പച്ചക്കറികൾ, സുഗന്ധ വ്യഞ്ജനങ്ങൾ, മത്സ്യ മാംസവിഭവങ്ങൾ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇതിൽ കേരളത്തിൽ നിന്നുള്ള വിഹിതം 560 കോടി രൂപയുടെ ഉൽപന്നങ്ങളാണ്.
2023-24 സാമ്പത്തിക വർഷത്തിൽ പഴം, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, മത്സ്യ മാംസവിഭവങ്ങൾ ഉൾപ്പെടെ 10,000 കോടി രൂപയുടെ കയറ്റുമതിയാണ് ഫെയർ എക്‌സ്‌പോർട്‌സ് ഇന്ത്യയിൽ നിന്നും ലക്ഷ്യമിടുന്നതെന്ന് ഫെയർ എക്‌സ്‌പോർട്‌സ് സി.ഇ.ഒ നജിമുദ്ദീൻ ഇബ്രാഹിം പറഞ്ഞു.
അരൂരിനു ശേഷം തെലങ്കാന സംസ്ഥാനത്തും അത്യാധുനിക രീതിയിലുള്ള ഉൾനാടൻ മത്സ്യവിഭവ സംസ്‌കരണ കേന്ദ്രം ആരംഭിക്കാനും ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഹൈദരാബാദിലെ ലുലു മാൾ ഉദ്ഘാടന പ്രഖ്യാപനത്തോടനുബന്ധിച്ച് തെലങ്കാന വ്യവസായ – ഐ.ടി മന്ത്രി കെ.ടി. രാമറാവുമായി നടത്തിയ ചർച്ചയെ തുടർന്നാണിത്.