Sorry, you need to enable JavaScript to visit this website.

കെ.എം ഷാജിയോട് ലോക്‌സഭയിലേക്ക് മത്സരിക്കാൻ ആവശ്യപ്പെട്ട് നേതൃത്വം, താൽപ്പര്യമില്ലെന്ന് ഷാജി

കോഴിക്കോട്- വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ തയ്യാറായിരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയോട് ലീഗ് നേതൃത്വം. അതേസമയം, ലോക്‌സഭയിലേക്ക് മത്സരിക്കാൻ താൽപര്യമില്ലെന്നും മുതിർന്ന നേതാക്കളിൽ ആരെങ്കിലും മത്സരിക്കുന്നതാണ് നല്ലതെന്നും ഷാജി മറുപടി നൽകിയെന്നാണ് സൂചന. ലോക്‌സഭയിലേക്ക് സമദാനിയെ വീണ്ടും മത്സരിപ്പിക്കുന്നത് അനുകൂലമായിരിക്കില്ല എന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്.  ഈ സഹചര്യത്തിലാണ് ഷാജിയോട് മത്സരത്തിന് ഇറങ്ങേണ്ടി വരുമെന്ന് നേതൃത്വം വ്യക്തമാക്കിയത്.
മുസ്ലിം ലീഗ് ആഭ്യന്തരമായി നടത്തിയ സർവേയിൽ പൊന്നാനി ലോക്‌സഭ സീറ്റിൽ ഇക്കുറി ശക്തമായ മത്സരം കാഴ്ച്ചവെക്കേണ്ടി വരുമെന്ന ഫലമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതൽ ശക്തമായ മത്സരമായിരിക്കും പൊന്നാനിയിൽ നടക്കുക. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിന്റെ കൂടി അനുകൂല തരംഗം പൊന്നാനിയിൽ ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ ചിത്രം മാറിയേക്കുമെന്നും കൂടുതൽ ശക്തമായ പോരാട്ടം കാഴ്ച്ചവെക്കേണ്ടി വരുമെന്നും ലീഗ് കണക്കാക്കുന്നുണ്ട്. പൊന്നാനിയിൽനിന്ന് മലപ്പുറം മണ്ഡലത്തിലേക്ക് മാറാൻ ഇ.ടി മുഹമ്മദ് ബഷീർ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇ.ടി മുഹമ്മദ് ബഷീറിന് ഒരിക്കൽ കൂടി ലീഗ് അവസരം നൽകും. അതേസമയം, പൊന്നാനിയിലേക്ക് ശക്തനായ ഒരാളെ കണ്ടെത്തിയില്ലെങ്കിൽ കാര്യങ്ങൾ ശുഭകരമായി അവസാനിക്കില്ലെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ഈ സഹചര്യത്തിലാണ് ഷാജിയോട് മത്സരത്തിന് ഒരുങ്ങാൻ ലീഗ് നേതൃത്വം നിർദ്ദേശിച്ചത്. 
ഷാജിയെ ലോക്‌സഭയിലേക്ക് അയക്കുന്നതിന് സംസ്ഥാന ലീഗ് നേതൃത്വത്തിലെ ഒരു വിഭാഗം കരുക്കൾ നീക്കുന്നുണ്ട്.
 

Latest News