ജയ്പൂര്‍- ഭൂമിയിടപാടുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതിനു പിന്നാലെ മേയറെ സസ്പെന്‍ഡ് ചെയ്ത് രാജസ്ഥാന്‍ സര്‍ക്കാര്‍. ജയ്പൂര്‍ ഹെറിട്ടേജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായ മുനേഷ് ഗുര്‍ജാറിന്റെ ഭര്‍ത്താവ് സുശീല്‍ ഗുര്‍ജാറിനെയാണ് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. ഇവരുടെ വസതിയില്‍വച്ച് മുനേഷിന്റെ സാന്നിദ്ധ്യത്തിലാണ് കൈക്കൂലി വാങ്ങിയത് എന്ന ആരോപണമുയര്‍ന്നതോടെ ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ മേയറെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങുകയായിരുന്നു. പ്രഥമദൃഷ്ട്യാ മേയര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. ഇവരുടെ വസതിയില്‍ നിന്ന് 40 ലക്ഷം രൂപയും ഫയലുകളും പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. മേയര്‍ അഴിമതിക്ക് കൂട്ടുനിന്നെന്നും കണ്ടെടുത്ത പണം അനധികൃതമാണെന്നും ആരോപണം ഉയര്‍ന്നു. സുശീലിനെ കൂടാതെ ഇടപാടുകാരായ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. സുശീലിന്റെ സുഹൃത്തുക്കളായ അനില്‍ ദുബെ, നാരായണ്‍ സിംഗ് എന്നിവരാണ് പണംആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന്‍ മേയറുടെ വസതിയിലെത്തി പണം കൈമാറി. ഇവരെ ചോദ്യം ചെയ്തു വരികയാണ്.നാരായണ്‍ സിംഗിന്റെ വീട്ടില്‍ നിന്ന്എട്ട് ലക്ഷം രൂപയും നോട്ടെണ്ണല്‍ യന്ത്രവും പിടിച്ചെടുത്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തെന്നും അന്വേഷണം പരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇത് തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മുനേഷ് പ്രതികരിച്ചു. ജുഡിഷ്യറിയില്‍ വിശ്വാസമുണ്ട്. തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ ഉടന്‍ കുടുങ്ങുമെന്നും അവര്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്നും അഴിമതി നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസ് പ്രതികരിച്ചു.