റിയാദ് - ഡ്രോൺ വ്യവസായം പ്രാദേശികവൽക്കരിക്കാൻ സൗദി സൈനിക, പ്രതിരോധ കമ്പനികളും തുർക്കി പ്രതിരോധ കമ്പനികളും കരാറും രണ്ടു ധാരണാപത്രങ്ങളും ഒപ്പുവെച്ചു. സൗദി സായുധനയുടെ സുസജ്ജത ഉയർത്താനും സൗദി അറേബ്യയുടെ പ്രതിരോധ വ്യവസായ ശേഷികൾ വർധിപ്പിക്കാനും ലക്ഷ്യമിട്ട് തുർക്കിഷ് നിർമിത ഡ്രോണുകൾ വാങ്ങാൻ രണ്ടാഴ്ച മുമ്പ് സൗദി പ്രതിരോധ മന്ത്രാലയവും തുർക്കിയിലെ ബെയ്കാർ കമ്പനിയും തമ്മിൽ ഒപ്പുവെച്ച രണ്ടു കരാറുകളുടെ തുടർച്ചയെന്നോണമാണ് പുതുതായി ഒരു കരാറും രണ്ടു ധാരണാപത്രങ്ങളും സൗദി, തുർക്കി കമ്പനികൾ ഒപ്പുവെച്ചത്.
ഇലക്‌ട്രോണിക് സംവിധാനങ്ങൾ, മെക്കാനിക്കൽ ഭാഗങ്ങൾ, കമ്പോസിറ്റ് മെറ്റീരിയലുകൾ ഉപയോഗിച്ച് വിമാന ബോഡികൾ എന്നിവയുടെ നിർമാണം, ഫൈനൽ ഫ്‌ളൈറ്റ് ടെസ്റ്റുകൾ, പരിശീലനവും സപ്പോർട്ട് സേവനങ്ങളും നൽകൽ എന്നിവ ലക്ഷ്യമിട്ടുള്ള കരാർ സൗദി അറേബ്യൻ മിലിട്ടറി ഇൻഡസ്ട്രീസും തുർക്കിഷ് പ്രതിരോധ വ്യവസായ കമ്പനിയായ ബെയ്കാറും തമ്മിലാണ് ഒപ്പുവെച്ചത്. സൗദി അറേബ്യൻ മിലിട്ടറി ഇൻഡസ്ട്രീസ് സി.ഇ.ഒ എൻജിനീയർ വലീദ് അബൂഖാലിദും ബെയ്കാർ കമ്പനി സി.ഇ.ഒ സെൽജുക് ബെയ്‌റക്താറുമാണ് കരാറിൽ ഒപ്പുവെച്ചത്.