Sorry, you need to enable JavaScript to visit this website.

സൗദിയിലെ ബാങ്കും സജി ചെറിയാന്റെ തിരുത്തും

തിരുവനന്തപുരം- പരമാവധി വിവാദങ്ങളുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടുക എന്നത് ഈയിടെയായി രാഷ്ട്രീയ നേതാക്കളും പാർട്ടികളും ആവിഷ്‌കരിക്കുന്ന നടപടിയാണ്. ഗണപതിയുമായി ബന്ധപ്പെട്ട മിത്ത് വിവാദത്തിന് ശേഷം സൗദി അറേബ്യ തീവ്രവാദികളുടെ നാടാണെന്നായിരുന്നു ധാരണയെന്നും അവിടെ ബാങ്ക് വിളി പുറത്തുകേട്ടാൽ അപ്പോൾ അകത്തുപോകേണ്ടി വരുമെന്നുമുള്ള സജി ചെറിയാന്റെ പ്രസ്താവനയാണ് ഇക്കാര്യത്തിൽ ഏറ്റവും പുതുതായി പുറത്തുവന്നത്. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിലാണ് തന്റെ സൗദി അറേബ്യൻ സന്ദർശനവുമായി ബന്ധപ്പെട്ട് സജി ചെറിയാൻ വിവാദ പ്രസ്താവന നടത്തിയത്. 


ഭയങ്കര തീവ്രവാദികളായ ആളുകളായിരിക്കും സൗദിയിൽ താമസിക്കുന്നതെന്നാണ് കരുതിയിരുന്നത് എന്നാണ് പ്രസംഗത്തിന്റെ തുടക്കത്തിൽ സജി ചെറിയാൻ പറയുന്നത്. സൗദിയിൽ തീവ്രവാദികളായ ആളുകളായിരിക്കും എന്ന് കരുതാൻ കാരണം എക്സ്ട്രീം ആയിട്ടുള്ള വിശ്വാസികളാണ് അവിടെ എന്നതാണെന്നും മന്ത്രി പറയുന്നുണ്ട്. ഈ പ്രസംഗത്തിലാണ്  ഒരിടത്തുനിന്നും ബാങ്ക് വിളികേൾക്കാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞത്. 
മന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ: 
കൂടെയുണ്ടായിരുന്ന ആളിനോട് ചോദിച്ചപ്പോൾ പ്രാർത്ഥനകളെല്ലാം അകത്താണ് നടക്കുന്നതെന്ന് അറിഞ്ഞു. പുറത്തു ബാങ്ക് കേട്ടാൽ വിവരമറിയും. അവരുടെ വിശ്വാസത്തിന് ബാങ്ക് വിളിക്കാൻ അവിടെ അവർക്ക് അവകാശമുണ്ട്. പക്ഷെ പുറത്തുകേട്ടാൽ അത് പബ്ലിക് ന്യൂയിസെൻസാണ്..അത് പാടില്ല.അതാണവിടുത്തെ നിയമമെന്നും മന്ത്രി പറഞ്ഞു. ക്രിസ്ത്യൻ ചർച്ചുകളുള്ള സ്ഥലത്തും പോയി. നൂറുകണക്കിന് പള്ളികളാണ് അവിടെയുള്ളത്. ലോകത്തുള്ള എല്ലാ പള്ളികളുമുണ്ട്. എത്ര സ്വാതന്ത്ര്യത്തിലാണ് പ്രാർത്ഥിച്ചിട്ട് പോകുന്നത്. പക്ഷെ എല്ലാം അകത്താണ്. ഒരു മൈക്കും ഞാൻ പുറത്തുകേട്ടില്ല. ഇവിടെ ഒരു പള്ളിയുടെ പരിസരത്ത് ജീവിക്കാൻ പറ്റുമോ?. മൈക്ക് കൊണ്ടുവെച്ച് ദൈവത്തെ ഇറക്കി നാട് മുഴുവൻ വിടുകയാണ്. ആർക്കാണ് അവിടെ പ്രാർത്ഥിക്കാൻ അവകാശമില്ലാത്തത്. ഹിന്ദുക്കൾക്ക് അടക്കം എല്ലാവർക്കും അവകാശമുണ്ട്. എനിക്ക് അത്ഭുതം തോന്നി. പക്ഷെ അവിടെ നിയമങ്ങൾ പാലിക്കണം.

അവിടുത്തെ ഭൂരിപക്ഷ സമൂഹം ആരെയങ്കിലും ആക്രമിക്കുന്നുണ്ടോ? അവിടെ മുസ്ലിം അല്ലാത്ത ക്രിസ്ത്യാൻ, ഹിന്ദു ജനവിഭാഗത്തിൽപെടുന്നവർക്ക് എന്തെങ്കിലും പ്രയാസമുണ്ടോ? എത്ര ജനാധിപത്യപരമായ സാഹചര്യമാണ് അവിടെയുള്ളത്... ഈ മാതൃക ലോകത്തെ പഠിപ്പിച്ചത് ഇന്ത്യയാണ്. പക്ഷേ, ഘട്ടംഘട്ടമായ ഈ മാതൃക നഷ്ടപ്പെടുന്നോ എന്ന ആശങ്കയാണുള്ളതെന്നും മന്ത്രി പറഞ്ഞു.

പ്രസംഗം വിവാദമായതോടെ തിരുത്തുമായി മന്ത്രി രംഗത്തെത്തി. തിരുത്തിൽ മന്ത്രി പറഞ്ഞത് ഇങ്ങിനെയാണ്. 
ഇന്നലെ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ എന്റെ ഉദ്ദേശശുദ്ധിയെ മനസിലാക്കാതെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. സൗദി അറേബ്യയിൽ സന്ദർശനം നടത്തിയ അവസരത്തിൽ മതാനുഷ്ഠാനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തുന്നത് സംബന്ധിച്ചും അവിടെ പാലിക്കുന്ന മിതത്വത്തെ സംബന്ധിച്ചും മറ്റ് മതസ്ഥരോടും  അന്യനാട്ടുകാരോടും അവർ കാണിക്കുന്ന സ്‌നേഹവും ബഹുമാനത്തെപ്പറ്റിയും സഹയാത്രികൻ പറഞ്ഞതാണ് ഞാൻ പരാമർശിച്ചത്. മതസൗഹാർദത്തിന്റെ മികച്ച മാതൃക എനിക്കവിടെ കാണാനായി. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലിനായി പോയ മലയാളികൾ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചതിനെ സംബന്ധിച്ചും ഞാൻ പറഞ്ഞു. ബാങ്ക് വിളി കേട്ടില്ല എന്ന എന്റെ പരാമർശം എനിക്ക് ലഭിച്ച തെറ്റായ വിവരത്തിൽ നിന്നും സംഭവിച്ചതാണ്. മാന്യ സഹോദരങ്ങൾ ഇതു മനസിലാക്കി തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നുമാണ് സജി ചെറിയാന്റെ തിരുത്തായി പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ കുറച്ചു ദിവസമായി മതവും വിശ്വാസവും ശാസ്ത്രവുമായി ബന്ധപ്പെട്ട വിവാദമാണ് കേരളത്തിൽ നടക്കുന്നത്. വിവാദങ്ങളും പ്രഭവകേന്ദ്രങ്ങളാകട്ടെ ഭരണകക്ഷിയായ സി.പി.എമ്മും. നിരവധി പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമായാണ് വിവാദങ്ങൾ ഉടലെടുക്കുന്നതിന് കാരണമായി പലരും ചൂണ്ടികാണിക്കുന്നത്. 
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് വി.ടി ബൽറാം ഇക്കാര്യം വിശദീകരിക്കുന്നത് ഇങ്ങിനെയാണ്. 

സാംസ്‌ക്കാരിക (വകുപ്പ്) മന്ത്രി സജി ചെറിയാനും പുതിയ കണ്ടെത്തലുകളുമായി രംഗത്ത് വന്നിട്ടുണ്ട്. ഇനി കുറച്ചു ദിവസം അതിനെച്ചൊല്ലിയായിരിക്കും വാദ പ്രതിവാദങ്ങൾ. സമൂഹത്തിൽ ആവശ്യത്തിന് ഡാമേജ് വന്നു എന്നുറപ്പുവരുത്തിയാൽ അദ്ദേഹം തന്നെ പിന്നീട് അത് പിൻവലിക്കാനോ മയപ്പെടുത്താനോ സാധ്യതയുണ്ട്. 
ഒന്നിനു പുറകേ ഒന്നായി ഇങ്ങനെ സെൻസിറ്റീവായ വിഷയങ്ങളിൽ ഇൻസെൻസിറ്റീവായി അഭിപ്രായങ്ങൾ പറഞ്ഞ് കേരളത്തിലെ സൗഹാർദ്ദപരമായ സാമൂഹ്യാന്തരീക്ഷം കലക്കാനാണ് പ്രധാന പദവികളിരിക്കുന്ന സിപിഎം നേതാക്കൾ ആവർത്തിച്ച് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെയൊക്കെയല്ലേ ഒരു ഇലക്ഷൻ വർഷത്തിൽ ബിജെപിക്ക് വേണ്ടി വിടുപണി ചെയ്യാൻ അവർക്ക് കഴിയുകയുള്ളൂ-(വി.ടി ബൽറാം)

കേരളത്തിന്റെ പൊതുസാമൂഹ്യാന്തരീക്ഷത്തിന് ഒരു നിലക്കും നല്ലതല്ലാത്ത രീതിയിലൂടെയാണ് ഇത്തരം വിവാദങ്ങൾ കടന്നുപോകുന്നത്. ഇത് എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് കേരളത്തിന് ഏറ്റവും നല്ലത്. 

Latest News