Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ ഡി.ജെ പാര്‍ട്ടിക്കിടെ സ്ത്രീകളെ ശല്യംചെയ്തു, ഏറ്റുമുട്ടി 

കൊച്ചി- കടവന്ത്രയിലെ ആഡംബര ഹോട്ടലായ ഒലീവ് ഡൗണ്‍ ടൗണില്‍ ഡി.ജെ പാര്‍ട്ടിക്കിടെ സ്ത്രീകളെ ശല്യംചെയ്ത് ഏഴംഗ നാവികസേനാ സംഘം. മോശം അനുഭവം നേരിട്ട ഒരു യുവതിയുടെ സുഹൃത്തുക്കളും നേവിക്കാരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തില്‍ ഇടപെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ നാവിക ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി. പോലീസുകാരെ മര്‍ദ്ദിച്ചയാളെ കൂടുതല്‍ ഉദ്യോഗസ്ഥരെത്തി അറസ്റ്റുചെയ്തു. സ്ത്രീകളെ ശല്യംചെയ്ത നേവിസംഘം ഇതിനിടെ സ്ഥലംവിട്ടു. ശനിയാഴ്ച രാത്രിയാണ് സിനിമയെ വെല്ലുന്ന നാടകീയരംഗങ്ങള്‍ കൊച്ചി നഗരത്തില്‍ അരങ്ങേറിയത്.എറണാകുളം സൗത്ത് സ്റ്റേഷനിലെ എസ്.സി.പി.ഒ രാജീവന്‍, സി.പി.ഒ രാജേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മുഖത്തും ദേഹത്തും പരിക്കുണ്ട്. പ്രാഥമിക ചികിത്സതേടിയശേഷം ഇവരെ വീട്ടിലേക്ക് മാറ്റി. കൊച്ചി നാവിക ആസ്ഥാനത്ത് പരിശീലനത്തിനായി എത്തിയ രാജസ്ഥാന്‍ സ്വദേശി ഷെര്‍ സിംഗാണ് (27) അറസ്റ്റിലായത്. പോലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു, പൊതുമുതല്‍ നശിപ്പിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. സ്ത്രീകളെ ശല്യംചെയ്തതിന് മറ്റൊരു കേസും സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ കണ്ടാല്‍ അറിയാവുന്ന ഒരു നാവിക ഉദ്യോഗസ്ഥനെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. സംഭവത്തില്‍ ഒപ്പമുണ്ടായവര്‍ക്കും പങ്കുണ്ടെന്നാണ് കരുതുന്നത്. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും.
ദല്‍ഹിയില്‍നിന്ന് പരിശീലനത്തിനായാണ് ഷെര്‍സിംഗടക്കം ഏഴുപേര്‍ കൊച്ചിയില്‍ എത്തിയത്. പരിശീലനം 19ന് പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയാണ് ഇവര്‍ രാത്രി ഡി.ജെയില്‍ പങ്കെടുക്കാന്‍ ഹോട്ടലില്‍ എത്തിയത്. സംഘം മദ്യപിച്ചിരുന്നു. നാവികസംഘത്തിലെ ഒരാളാണ് യുവതികളോട് മോശമായി പെരുമാറിയതെന്ന് പോലീസ് പറഞ്ഞു. എറണാകുളത്ത് ജോലിചെയ്യുന്ന യുവതി ഇതിനെ ചോദ്യംചെയ്തതോടെ യുവതിയുടെ സുഹൃത്തുക്കളും ഹോട്ടലിലെ ബൗണ്‍സര്‍മാരും നേവിസംഘത്തെ കൈയേറ്റംചെയ്തു. പ്രശ്‌നത്തില്‍ ഇടപെട്ട രാജേഷ്, രാജീവ് എന്നിവരെ മദ്യലഹരിയിലായിരുന്ന ഷെര്‍സിംഗ് മര്‍ദ്ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സൗത്ത് സി.ഐയും സംഘവും എത്തിയാണ് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ജീപ്പിലേക്ക് കയറ്റുന്നതിനിടെ പിന്നിലെ ചില്ലും ഷെര്‍സിംഗ് ഇടിച്ച് പൊട്ടിച്ചു. 

Latest News