മലയാള സിനിമാ രംഗം പത്ര, ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞു തുളുമ്പുകയാണ്. ഏതാനും വർഷങ്ങളായി ഇത് തുടരുകയാണ്. പഴയ കാലത്തെ പോലെ ഏതെങ്കിലും ക്ലാസ് ചിത്രത്തിന് ലഭിച്ച ദേശീയ, അന്താരാഷ്ട്ര ബഹുമതിയെ തുടർന്നല്ല വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ആദ്യമായി സിനിമയെടുത്ത് തകർന്നവരുടെ കണ്ണീര് വാർത്തയാവുന്നു. അടുത്ത കാലത്ത് ഏതെങ്കിലും സിനിമയെ പറ്റി ആയിരുന്നില്ല ചർച്ചകളത്രയും. സിനിമാതാരങ്ങളുടേയും സാങ്കേതിക വിദഗ്ദരുടേയും പ്രദർശനശാലക്കാരന്റേയും സംഘം ചേർന്ന് കലഹിക്കുകയാണ്. മലയാള സിനിമ ഓണക്കാലമാവുന്നതോടെ പ്രതിസന്ധിയിൽനിന്ന് മോചിതമാവുമെന്നാണ് കണക്കുകൂട്ടൽ. സൂപ്പർ താരങ്ങളുടെ വൻ ബജറ്റ് ചിത്രങ്ങൾ മാവേലിക്കാലം സമൃദ്ധമാക്കാൻ അണിയറയിൽ തയാറാവുന്നുമുണ്ട്. രാഷ്ട്രീയക്കാരെ തോൽപിക്കുംവിധം സിനിമാ താരങ്ങളും സംവിധായകരും നിർമാതാക്കളും വിതരണക്കാരും ചേരിതിരിഞ്ഞ് പോരാടിയത് മറക്കാറായിട്ടില്ല.
മലയാള സിനിമയുടെ സുവർണ കാലമായിരുന്ന അറുപതുകളിലും എഴുപതുകളിലും എൺപതുകളിലും ഇതുപോലെ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. കലയെ ഉപജീവനമാർഗമായി സ്വീകരിച്ച് തൊഴിലിനോട് പ്രതിബദ്ധത വെച്ചു പുലർത്തിയിരുന്ന കുറേ പേരാണ് അന്ന് ചലച്ചിത്ര രംഗത്ത് സജീവമായിരുന്നത്.
പ്രതിഭാധനരായ എഴുത്തുകാരുടെ ശക്തമായ പിന്തുണ മലയാള സിനിമയ്ക്ക് അന്ന് ലഭിച്ചിരുന്നു. പുത്തൻ പണക്കാരുടെ ആഗമനത്തിനു മുമ്പേ രംഗം സജീവമാക്കിയ ഉദയ, സുപ്രിയ, മെരിലാന്റ് എന്നീ ബാനറുകൾ മലയാളി വിസ്മരിക്കുന്നതെങ്ങനെ?
മികച്ച സാഹിത്യ രചനകളുടെ ദൃശ്യാവിഷ്‌കാരങ്ങൾ വൻ വിജയമായത് എം.ടി, ഉറൂബ്, തകഴി, എസ്.കെ. പൊറ്റെക്കാട്, പാറപ്പുറത്ത്, പമ്മൻ എന്നീ സാഹിത്യ പ്രതിഭകൾക്കുള്ള അംഗീകാരം കൂടിയായി.
അനുഭവങ്ങൾ പാളിച്ചകൾ, നഗരമേ നന്ദി, ചുക്ക്, ദേവി, ചെമ്മീൻ, ഓളവും തീരവും, ഉമ്മാച്ചു, നദി, അസുരവിത്ത്, മയിലാടും കുന്ന്, നായര് പിടിച്ച പുലിവാല്, പുള്ളിമാൻ, ഒരു പെണ്ണിന്റെ കഥ, ചെമ്പരത്തി... മലയാളികൾക്ക് എന്നും ഓർത്ത് അഭിമാനിക്കാവുന്ന സുവർണ നാളുകളിലെ ചിത്രങ്ങളുടെ പട്ടിക നീളുകയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് മാധ്യമത്തിന്റെ കാലത്ത് വർണചിത്രമായെത്തിയ ചെമ്മീൻ അംഗീകാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. സിനിമാ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചവരുടെ ടീം വർക്കിന്റെ ഫലം അക്കാലത്തെ വിജയത്തിന് അടിസ്ഥാനമായിരുന്നു. രംഗത്തിനിണങ്ങിയ പാട്ടുകളെഴുതുന്നതും സംഗീതം പകരുന്നതും മാസങ്ങൾ നീണ്ടുനിൽക്കുന്ന ചർച്ചകൾക്ക് ശേഷം. മൂലകഥയുടെ പ്രമേയം ചോരാത്ത വിധത്തിലുള്ളതായിരുന്നു തിരക്കഥയും സംഭാഷണവും. അഭിനേതാക്കളുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്ന സംവിധായകർ. അക്കാലത്ത് സിനിമാശാലകളിൽ പ്രദർശനത്തിനെത്തുന്ന പുതിയ ചിത്രങ്ങളുടെ പാട്ടുപുസ്തകങ്ങൾ വാങ്ങി ശേഖരിക്കുകയെന്നത് പലർക്കും ഹോബിയായിരുന്നു. എൻ.ബി.എസിലും കറന്റ് ബുക്‌സിലും ലഭിച്ചിരുന്ന തിരക്കഥകൾക്കും വായനക്കാരേറെയുണ്ടായിരുന്നു.
പ്രേംനസീർ, സത്യൻ, ഷീല, ശാരദമാർ നിറഞ്ഞുനിന്ന എഴുപതുകളിലെ ചിത്രങ്ങൾക്ക് ന്യൂനതയില്ലാതെയല്ല.
നാടകത്തിൽനിന്ന് സിനിമയിലേക്കുള്ള ദിശാമാറ്റത്തിന്റെ വേഗമില്ലായ്മ ചിലപ്പോഴൊക്കെ വിരസതയുണർത്തി. കോളേജ് കഥകൾ വരുമ്പോഴാണ് കൂടുതൽ അരോചകമാവാറുള്ളത്. കോളേജിലെ കാമുകനായി പ്രേംനസീറോ വിൻസെന്റോ വരുമ്പോൾ ജയഭാരതിക്കും ഷീലയ്ക്കുമായിരുന്നു പലപ്പോഴും കാമുകിയുടെ റോൾ. ഇപ്പോഴത്തെ കൗമാര നായികമാരുമായി തുലനം ചെയ്യുമ്പോൾ കലാലയങ്ങൾക്ക് ഈ അമ്മമാർ ബാധ്യതയായിരുന്നു.
എന്നാൽ എൺപതുകളിൽ ഇതിനുകൂടി പരിഹാരമുണ്ടായി. തന്മയത്വത്തോടെ കാമ്പസ് കഥകൾ അവതരിപ്പിക്കാൻ മലയാള ചലച്ചിത്ര പ്രവർത്തകർക്കായി. ഉൾക്കടൽ, ശാലിനി എന്റെ കൂട്ടുകാരി, പ്രേമഗീതങ്ങൾ തുടങ്ങിയവയിലെല്ലാം ഇളം പ്രായക്കാരുടെ കോളേജുകളാണ് ചിത്രീകരിച്ചിരുന്നത്.
വാണിജ്യ സിനിമകൾ സാധാരണ പ്രേക്ഷകർക്ക് വിനോദം പകർന്ന നാളുകളിൽ അവാർഡുകൾ വാരിക്കൂട്ടാൻ സമാന്തരമായി കലാമൂല്യമുള്ള ചിത്രങ്ങളും അക്കാലത്ത് മലയാളത്തിൽ നിർമിക്കുകയുണ്ടായി. ദേശീയ ബഹുമതികളോടെയാണ് അടൂർ ഗോപാലകൃഷ്ണനും പി.എ. ബക്കറും മറ്റും ശ്രദ്ധേയരായത്.
ഇപ്പോൾ മലയാള സിനിമ കടുത്ത പ്രതിസന്ധിയെ നേരിടുകയാണെന്ന് പറയുന്നവർ കഥയെഴുത്തുകാരുടെ പ്രതിഭാ ദാരിദ്ര്യം വിസ്മരിക്കുകയാണ്. ഇൻസ്റ്റന്റായി തട്ടിക്കൂട്ടിയ എത്രയെത്ര തിരക്കഥകളാണ് രചിക്കപ്പെട്ടത്.
പ്രതിക്ഷകളുടെ അമിതഭാരവുമായാണ് ഓരോ വർഷത്തേയും മലയാള സിനിമ വരവേൽക്കുന്നത്. ആ പതിവ് ശൈലി 2018ലും തെറ്റിയില്ല. സിനിമകളുടെ കുത്തൊഴുക്ക് നടന്ന 2017ൽ നിന്ന് 2018 എത്തിയപ്പോൾ അണിയറക്കാരും പ്രേക്ഷകരും അമിതപ്രതീക്ഷ വെച്ചുപുലർത്തി. എന്നാൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞ മാസങ്ങളാണ് 2018ലെ സിനിമയുടെ അർദ്ധവാർഷിക കണക്കെടുക്കുമ്പോൾ കടന്നുപോകുന്നത്. അവിടെ കൈയടി നേടുന്ന നവാഗത കൂട്ടവും കാലിടറിയ സൂപ്പർ താരങ്ങളെയും കെട്ടുകാഴ്ചകളോ ബഹളങ്ങളോ ഇല്ലാതെ റിയലിസത്തിന്റെ പകർത്തിയെഴുത്തായെത്തിയ മനോഹരചിത്രങ്ങളും പ്രേക്ഷകർ കണ്ടു. ഈ വർഷം ജൂൺമാസം വരെ 86 ചിത്രങ്ങളാണ് തിയറ്ററിലെത്തിയത്.
കുഞ്ചാക്കോ ബോബൻ ചിത്രം ദിവാൻജിമൂല ഗ്രാൻഡ് പിക്‌സായിരുന്നു 2018നെ വരവേറ്റ ആദ്യ മലയാളചിത്രം. അനിൽ രാധാകൃഷ്ണ മേനോൻ ഒരുക്കിയ ചിത്രം വ്യത്യസ്തമായ ടൈറ്റിൽ കൊണ്ട് ആദ്യം തന്നെ പ്രേക്ഷകമനസിൽ ഇടം നേടുന്ന സംവിധായകന്റെ പതിവുശൈലിക്കപ്പുറം കാഴ്ച്ചക്കാരനെ ത്യപ്തിപ്പെടുത്തിയില്ല. പിന്നാലെയെത്തിയ ബി അജിത്ത് കുമാർ ചിത്രം 'ഈട', നായകൻ ഷെയിൻ നിഗത്തിന്റെ പ്രകടനം കൊണ്ട് ശ്രദ്ധേയമായി. സലീംകുമാർ ജയറാം കൂട്ടുകെട്ടിലെത്തിയ 'ദൈവമേ കൈതൊഴം കെ. കുമാറകണം', വിപ്ലവവും പ്രണയവും കോർത്തിണക്കിയ 'സഖാവിന്റെ പ്രിയസഖി', തുടങ്ങിയ ചിത്രങ്ങൾ തിയറ്ററിൽ വന്നതും പോയതും പെട്ടെന്നായിരുന്നു. കുഞ്ചാക്കോ ബോബന്റെ 'ശിക്കാരി ശംഭു' കാര്യമായ ചലനമുണ്ടാക്കിയില്ലെങ്കിലും കുറച്ചു നാൾ പിടിച്ചുനിന്നു. 15 ചിത്രങ്ങൾ തിയറ്ററിലെത്തിയ ജനുവരിയിൽ ബോക്‌സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞത് ഫഹദ് ഫാസിൽ ചിത്രം 'കാർബണി'നും പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റചിത്രം 'ആദി'ക്കും നവാഗതനായ ഡിജോ ജോസ് ആൻറണി ഒരുക്കിയ 'ക്വീനു'മാണ്.
റിയാലിറ്റിയും ഫാന്റസിയും ഇടകലർന്ന രീതിയിലുള്ള ആഖ്യാനം കൊണ്ടും ഫഹദിന്റെ തനത് ശൈലിയും കാരണം കാർബണിന്റെ മൂല്യം പ്രേക്ഷകർക്കിടയിൽ വർദ്ധിച്ചു. കോളജ് പശ്ചാത്തലത്തിലൊരുക്കിയ ക്വീൻ നവാഗതരുടെതെന്ന് മാത്രം പറയാൻ പറ്റുന്ന ചിത്രമായിരുന്നു. സിനിമയിലെ അണിയറയിലെല്ലാം നവാഗതരാണന്നുള്ളതും ശ്രദ്ധേയം. താരപുത്രന്റെ അരങ്ങേറ്റത്തിനും 2018 സാക്ഷ്യം വഹിച്ചു. മോഹൻലാലിന്റെ മകൻ പ്രണവ് നായകനായി എത്തിയ ആദി ബോക്‌സ് ഓഫീസിൽ വിജയം നേടി. മലയാളസിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത ആക്ഷൻ രംഗങ്ങൾ കൊണ്ട് ചിത്രം പ്രേക്ഷകമനസിലും ഇടം നേടി.
റിപ്പബ്ലിക് ദിനത്തിൽ റിലീസിനെത്തിയ 'സ്ട്രീറ്റ് ലൈറ്റ്'സായിരുന്നു ഈ വർഷത്തെ ആദ്യ മമ്മൂട്ടിചിത്രം. ആക്ഷൻ ത്രില്ലറായെത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ തകർന്നടിയുന്നതാണ് ജനുവരിയിൽ കണ്ടത്. ക്യാപ്റ്റൻ, ഹേയ് ജൂഡ്, ആമി തുടങ്ങിയ ചിത്രങ്ങളാണ് ഫെബ്രുവരി മാസത്തിലെ ശ്രദ്ധേയ ചിത്രങ്ങൾ. ഫുട്‌ബോൾ താരമായിരുന്ന വിപി സത്യന്റെ ജീവിതകഥ ആസ്പദമാക്കിയ 'ക്യാപ്റ്റൻ' ജയസൂര്യ എന്ന നടനെ അടയാളപ്പെടുത്തിയ ചിത്രമായിരുന്നു, പയറ്റിതെളിഞ്ഞ കലാകാരന്റെ കൈയൊതുക്കം ഓരോ ഫ്രെയിമിലും മാറിമറിയുന്നതിന് പ്രേക്ഷകൻ സാക്ഷ്യം വഹിച്ചു. നിവിൻ പോളിയുടെ കരിയറിലെ ഫീൽ ഗുഡ് സിനിമ എന്ന വിലയിരുത്തലുമായി എത്തിയ ചിത്രമാണ് 'ഹേയ് ജൂഡ്', ശ്യാമപ്രസാദ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ തമിഴ് നടി തൃഷ മലയാളത്തിൽ അരങ്ങേറി. മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമൽ ഒരുക്കിയ 'ആമി' ബയോപിക്ക് വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരുന്നു. മാധവിക്കുട്ടിയുടെ ജീവിതകഥയായതിനാൽ തന്നെ സിനിമ വിവാദത്തിന്റെ കാര്യത്തിൽ മുന്നിലായിരുന്നു.
അങ്കരാജ്യത്തെ ജിമ്മന്മാർ, ബിജു മേനോന്റെ റോസാപ്പൂ, നജീം കോയ സംവിധാനം ചെയ്ത കളി, മുകേഷിന്റെ മകൻ ശ്രാവൺ മുകേഷ് നായകനായി അരങ്ങേറ്റം കുറിച്ച കല്യാണം, ഭഗത് മാനുവലിന്റെ സുഖമാണോ ദാവിദേ തുടങ്ങിയ ചിത്രങ്ങൾ ഫെബ്രുവരിയുടെ നഷ്ടക്കണക്കുകളായി മാറി. ദളിത് മനുഷ്യരുടെ അതിജീവനത്തിന്റെ കഥയെ ആസ്പമാക്കിയ 'ബോൺസായും' കുടിവെള്ളക്ഷാമം പ്രമേയമാക്കി ഒരുക്കിയ 'കിണറും' കഥാമൂല്യം കൊണ്ട് ഫെബ്രുവരിയിൽ വേറിട്ടുനിന്നു.
17 ചിത്രങ്ങൾ തിയറ്ററിലെത്തിയ മാർച്ച് മാസത്തിൽ വിജയം കൊയ്തത് അഞ്ചെണ്ണം മാത്രം. അതിൽ കാത്തിരിപ്പിന്റെ പൂമരം കൊണ്ട് ട്രോളൻമാർക്കിടയിൽ സജീവമായ കാളിദാസ് ജയറാം എബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ പിറന്ന 'പൂമരം' കലാലയ ഓർമ്മകളുടെ ഇടനാഴിയിലേക്കു പ്രേക്ഷകരെ കൊണ്ടുപോയി. ഉണ്ണിമുകുന്ദനും ഗോകുൽ സുരേഷും പ്രധാനവേഷത്തിലെത്തിയ 'ഇര' മികച്ച െ്രെകം ത്രില്ലർ എന്ന നിലയിൽ പ്രേക്ഷകർ ഏറ്റെടുത്തു.
സൗബിൻ എന്ന താരത്തിന്റെ അഭിനയമികവും നൈജീരിയൻ താരം സാമുവൽ റോബിൻസണിന്റെ അരങ്ങേറ്റവും മലപ്പുറത്തെ ഫുട്‌ബോൾ സ്‌നേഹവും കഥാവിഷയമായ 'സുഡാനി ഫ്രം നൈജീരിയ'യെ ഈ വർഷത്തെ ഏറ്റവും വലിയ വിജയചിത്രമാക്കി മാറ്റി. കുഞ്ചാക്കോ ബോബന്റെ 'കുട്ടനാടൻ മാർപാപ്പ' മാർച്ചിൽ ബോക്‌സ് ഓഫീസ് കൈയടക്കി. നവാഗതനായ ടിനു പാപ്പച്ചൻ ഒരുക്കിയ 'സ്വാതന്ത്ര്യം അർദ്ധരാത്രി' മാർച്ച് മാസത്തിൽ ബോക്‌സ് ഓഫീസിലെ ഏറ്റവും വലിയ വിജയമായി.
അവധിക്കാല സിനിമാ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ഏപ്രിൽ മെയ് മാസങ്ങളിൽ തിയറ്റർ നിറയെ ചിത്രങ്ങളാണ് എത്തിയത്. അഭിനയത്തികവ് കൊണ്ട് ഇന്ദ്രൻസ് അവിസ്മരണീയമാക്കിയ 'ആളൊരുക്ക'മായിരുന്നു ഏപ്രിൽ മാസത്തെ ആദ്യറിലീസ്. കാലികപ്രസക്തവും തീക്ഷ്ണവുമായ പ്രമേയം കൈകാര്യം ചെയ്ത ചിത്രം സംസ്ഥാന ദേശിയ ചലിച്ചിത്ര അവാർഡുകൾ വാരിക്കൂട്ടി. പ്രതീക്ഷയോടെയെത്തിയ മമ്മുട്ടി ചിത്രം പരോൾ പെട്ടെന്ന് വന്നുപോയി. ജയറാമിന്റേതായി ഈ വർഷം ആദ്യമെത്തിയ 'പഞ്ചവർണ്ണതത്ത' തുടർപരാജയങ്ങളിൽ നിന്നുള്ള വിജയമായി ജയറാമിന്. രാമലീലയ്ക്കു ശേഷം ദിലീപിന്റേതായി തിയറ്ററിലെത്തിയ 'കമ്മാരസംഭവ'മായിരുന്നു എപ്രിൽ മാസത്തെ വമ്പൻ റിലീസിലൊന്ന്. രതീഷ് അമ്പാട്ട് ഒരുക്കിയ ചിത്രം ദ്യശവിസ്മയമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. കടുത്ത മോഹൻലാൽ ആരാധികയുടെ കഥ പറഞ്ഞ മഞ്ജുവാര്യർ ചിത്രം 'മോഹൻലാലും' ഏപ്രിൽ മാസത്തെ വിജയ ചിത്രമായി. വിനീത് ശ്രീനിവാസൻ ചിത്രം 'അരവിന്ദന്റെ അതിഥികൾ' നന്മയുള്ള കുടുംബചിത്രം എന്ന പേരിൽ ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. അൽഫോൻസ് പുത്രൻ ഒരുക്കിയ 'തൊബാമ്മ', 'സുവർണ്ണപുരുഷൻ', ബിജുമേനോൻ ചിത്രം 'ഒരായിരം കിനാക്കൾ' തുടങ്ങിയവ ഏപ്രിൽമാസത്തെ നഷ്ടകണക്കായി.
ജോയ് മാത്യുവിന്റെ തിരക്കഥയിൽ ഗിരീഷ് ദാമോദർ ഒരുക്കിയ മമ്മുട്ടി ചിത്രം അങ്കിളായിരുന്നു മെയ് ആദ്യവാരം തിയറ്ററിലെത്തിയത്.പിന്നീട് എത്തിയ ഈ മ യൗ ആരാധകർ ഏറെ കാത്തിരുന്ന ഒരു ലിജോ ജോസ് ചിത്രമായിരുന്നു. 'കുട്ടൻ പിള്ളയുടെ ശിവരാത്രി'യായിരുന്നു മെയ് മാസത്തെ മറ്റൊരു വിജയചിത്രം.
12 ചിത്രങ്ങൾ തിയറ്ററിലെത്തിയ ജൂൺ മാസത്തിൽ കനത്ത മഴയും ഫുട്‌ബോൾ ആവേശവും സിനിമയെ സാരമായി ബാധിച്ചു. ജയസൂര്യ ചിത്രം 'ഞാൻ മേരിക്കുട്ടി'യും മമ്മുട്ടിയുടെ 'അബ്രഹാമിന്റെ സന്തതി'കളും മാത്രമാണ് ജൂണിന്റെ വിജയ ചിത്രങ്ങളായത്.
ഷാജി പാടൂർ മമ്മുട്ടിയെ നായകനാക്കി ഒരുക്കിയ അബ്രഹാമിന്റെ സന്തതികൾ മമ്മൂട്ടിയിലെ നടനെ പരിഗണിക്കുന്ന ത്രില്ലർ ചിത്രമാണ്.
കേരളത്തിലെ തിയേറ്ററുകളുടെ നിലവാരം മെച്ചപ്പെട്ടപ്പോഴാണ് സിനിമകൾക്ക് ഈ ഗതികേട് വന്നത്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ തിയേറ്ററുകൾ ഇല്ലാതാവുകയാണ്. എല്ലാം മൾട്ടിപ്ലക്‌സുകൾക്ക് വഴി മാറുന്നു.
ബാംഗ്ലൂരിലും മുംബൈയിലും മറ്റും ഒരു സിനിമ കാണാൻ പ്രവേശന നിരക്ക് അഞ്ഞൂറ് രൂപയാവുന്നത് കാണികൾക്ക് അത്ഭുതമേയല്ല. കേരളവും മാറുകയാണ്. മലയാളിയുടെ ജീവിത നിലവാരത്തിലുണ്ടായ ഉയർച്ച ഇതിലും പ്രതിഫലിക്കുന്നു.
ഒരു കാര്യം വ്യക്തം. ഭൗതിക സൗകര്യത്തിന്റെ അഭാവം കൊണ്ടു മാത്രമല്ല പ്രേക്ഷകർ പ്രദർശന ശാലകളിൽനിന്ന് വിട്ടു നിന്നത്. കഷ്ടപ്പെട്ടുണ്ടാക്കിയ പണം മൂന്ന് മണിക്കൂർ വിനോദത്തിനായി മാറ്റി വെക്കാമെന്ന് വിചാരിച്ച് സിനിമാശാലയിലെത്തുമ്പോൾ സൂപ്പർ താരങ്ങളുടെ പ്രതിഛായ മെച്ചപ്പെടുത്താൻ പാകത്തിൽ ചിട്ടപ്പെടുത്തിയ തിരക്കഥയുടെ ബോറ് സഹിക്കണം. തമാശ എന്ന പേരിൽ അവതരിപ്പിക്കുന്ന തറ ഫലിതങ്ങളാവും രണ്ടാം നിര താരങ്ങളുടെ ഹൈലൈറ്റ്. നായകന്റെ നിഴൽ പോലെ നീങ്ങുന്ന നിരുപദ്രവകാരിയായ നായികയും കൂട്ടിനുണ്ടാവും. കഥയില്ലായ്മയുടേയും ഭാവനാ ശൂന്യതയുടേയും പ്രശ്‌നം മലയാളത്തിനു മാത്രമേയുള്ളൂ. ബോളിവുഡിലും തെലുങ്കിലും തമിഴിലും പുതിയ ചിത്രങ്ങൾ ബോക്‌സ് ഓഫീസ് ഹിറ്റുകളായി മാറുന്നു.






