കോഴിക്കോട് - താമരശ്ശേരിയില്‍ 19 വയസുകാരിയെ കെട്ടിയിട്ട ശേഷം കാലുകളും കയ്യും തല്ലിയൊടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തൃശൂര്‍ സ്വദേശി ബഹാവുദ്ദീന്‍ അല്‍ത്താഫിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികുളം സ്വദേശിനിയുമായി ഒമ്പത് മാസം മുന്‍പാണ് ബഹാവുദ്ദീന്റെ വിവാഹം നടന്നത്. വിവാഹിതരായ അന്ന് മുതല്‍ ശാരീരിക മാനസിക പീഡനങ്ങള്‍ ആരംഭിച്ചതായി പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബഹാവുദ്ദീന്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ഇരുകാലുകളും കയ്യും തല്ലിയൊടിക്കുകയുമായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനത്തിന് ഇയാളുടെ ബന്ധുക്കളും കൂട്ടുനിന്നെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം.