രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം ഉടന്‍ പുനസ്ഥാപിക്കണം- യെച്ചൂരി

ന്യൂദല്‍ഹി-രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം എത്രയും വേഗത്തില്‍ പുനഃസ്ഥാപിക്കണമെന്ന് സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോയാണ് യെച്ചൂരി ഇക്കാര്യം ആവശ്യപ്പെട്ടത്. അംഗത്വം റദ്ദാക്കാന്‍ കാണിച്ച വേഗത പുനസ്ഥാപിക്കാനും കാണിക്കണമെന്ന് അദ്ദേഹം  പറഞ്ഞു. ഹരിയാനയില്‍ നടക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആസൂത്രിതമായ ആക്രമണമാണെന്നും യെച്ചൂരി പറഞ്ഞു. വര്‍ഗീയ കലാപം അടിച്ചമര്‍ത്താനെന്ന പേരില്‍ ബി.ജെ.പി സര്‍ക്കാരിന്റെ 'ബുള്‍ഡോസര്‍ രാജാണ് നടക്കുന്നത്. നൂഹ് ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി വീടുകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. ഇന്ത്യ സഖ്യത്തിന്റെ അടുത്ത യോഗം ഈ മാസം അവസാന വാരം ചേരും. സംസ്ഥാന സാഹചര്യം അനുസരിച്ചാകും തിരഞ്ഞെടുപ്പ് ധാരണയെന്നും യെച്ചൂരി പറഞ്ഞു. മിത്ത് വിവാദം കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിട്ടുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.

Latest News