Sorry, you need to enable JavaScript to visit this website.

ബാല്യഭാവനയുടെ ഭിന്നഭാവങ്ങള്‍

നനുനനുത്ത നിരവധി സ്മരണകളെ ഓരോ വിനാഴികകളിലും വിസ്മയങ്ങളുടെ ജാലകപ്പഴുതിലൂടെ ദൃശ്യവല്‍ക്കരിക്കുന്നതാണ് ഓരോരുത്തരുടേയും ജീവിതം. ആകസ്മികമായ ചില സന്ദര്‍ഭങ്ങള്‍, വ്യക്തികള്‍, സംഭവങ്ങള്‍, മഴ, വെയില്‍, ശൈത്യം, കിളിയൊച്ചകള്‍, പുഴയോളങ്ങള്‍ തുടങ്ങിയവയുമായൊക്കെ അറിയാതെ നാം സമരസപ്പെടുമ്പോഴാകും കുട്ടിക്കാലത്തിന്റെ പലവിധത്തിലുള്ള കുതൂഹലങ്ങളത്രയും നമ്മുടെ സ്മൃതിബോധങ്ങളെ നിസ്സങ്കോചം അലോസരം കൊള്ളിക്കുക. ആ അലോസരപ്പെടുത്തലില്‍ വിഷാദവും ആനന്ദവും പ്രണയവും ആകുലതകളുമെല്ലാം ഒരു ഫ്‌ളാഷ് ബാക്ക് പോലെ നമ്മെ ഒറ്റയടിയ്ക്ക് ആവൃതമാക്കും. പിന്നെ ഏറെ നേരം അതിന്റെ ഹാംഗോവര്‍ നമ്മെ വിടാതെ പിന്തുടരുകയും ചെയ്യും. അത്തരത്തില്‍ മനസ്സിനെ ഇടവേളകളില്ലാതെ
ഹോണ്ട് ചെയ്യുന്ന ഒരു പുസ്തകമാണ് റെജി അന്‍വര്‍ രചിച്ച ' ഒറ്റയ്ക്കാടിയ ഊഞ്ഞാലായങ്ങള്‍'.    
സദാ നാടിന്റെ സ്മൃതികളിലേക്ക് തിരികെ വിളിക്കുന്നതാണ് ഓരോ പ്രവാസിയുടേയും ജീവിതം. ഇവിടേയും സൗദിയിലെ പ്രവാസിയായ റെജി അന്‍വറിന്റെ വിചാരങ്ങളില്‍ വന്നു നിറയുന്നത് ഗൃഹാതുരസ്മരണകളാണ്. അതാകട്ടെ, താന്‍ പിന്നിട്ട കുട്ടിക്കാലത്തെ ഏറ്റവും ചേതോഹരമായ  സ്വപ്‌നങ്ങളും സ്വപ്‌നഭംഗങ്ങളും. പോലീസ് ക്വാര്‍ട്ടേഴ്‌സിലെ കുട്ടിക്കാലം, വീട്ടുകാര്‍ക്കൊപ്പം തന്നെ അയല്‍വാസികളുമൊത്തുള്ള അക്കാലത്തെ സ്‌നേഹഭരിതമായ ജീവിതം, ജാതിമതഭേദമന്യേയുള്ള സൗഹൃദത്തിന്റെ പൂപ്പന്തലുകള്‍ക്ക് ചുവടെയുള്ള ബാല്യം. ഇവയൊക്കെ എത്ര ലളിതമനോഹരമായാണ് റെജി എഴുതി വച്ചിരിക്കുന്നത്. പുസ്തകത്തിലെ ഇരുപത്താറ് കുറിപ്പുകളുടേയും ചാരുതയോലുന്ന വര്‍ണനയ്ക്ക് പരഭാഗശോഭ പകരുംവിധമാണ് ഓരോ വ്യക്തികളേയും പരാമര്‍ശിച്ചിട്ടുള്ളത്. കൈയടക്കമുള്ള എഴുത്തുകാർക്ക് മാത്രം കഴിയുംവിധത്തിലുള്ള എഴുത്ത് റെജിക്ക് വരദാനമായി ലഭിച്ചിരിക്കുന്നുവെന്ന് ഈ ലേഖനങ്ങളിലൂടെ കടന്നുപോയപ്പോള്‍ തോന്നി.
- കുഴിയാനകളെ പെറുക്കിയെടുത്ത് കൈവെള്ളയില്‍ വെച്ചങ്ങനെ നോക്കിയിരുന്ന കുട്ടി. മണ്‍കലത്തിന്റെ മനസ്സ് നിറച്ച് കുറിഞ്ഞിപ്പൂച്ച മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു. കുറിഞ്ഞിപ്പൂച്ചയുടെ അമ്മിഞ്ഞ കുടിച്ചിട്ട് മണ്‍കലത്തിന്റെ മടിയിലുറങ്ങുന്ന പൂച്ചക്കുഞ്ഞുങ്ങളെ കാണാന്‍, ശബ്ദമുണ്ടാക്കാതെ പതിയെ പതുങ്ങിപ്പോകുമായിരുന്ന കുട്ടി.
മഞ്ചാടിമണിയും കുന്നിക്കുരുവും എത്രയോ പെറുക്കിക്കൂട്ടി വെച്ചു. കരിയിലക്കുരുവികളോടു കഥകൾ പറഞ്ഞു. വൈധവ്യത്തിന്റേയും വാര്‍ധക്യത്തിന്റേയും വിരസമായ പകലിരവുകളില്‍ ജീവിക്കുന്ന രണ്ട് അമ്മമനസ്സുകള്‍ക്ക് നടുവിലായിരുന്നു ബാല്യം. അത് കൊണ്ടു തന്നെ ആവോളം സ്‌നേഹം അനുഭവിക്കാനായി. ഉമ്മച്ചിയുടെ അനിയത്തി കുഞ്ഞ, ഉമ്മച്ചിയുടെ ഉമ്മ ഉമ്മച്ചീമ്മ എന്നിവര്‍ പകര്‍ന്നു നല്‍കിയ വാല്‍സല്യത്തിന്റെ സ്പര്‍ശം ഇതൊക്കെ അതീവഹൃദ്യമായാണ് അവതരിപ്പിച്ചിട്ടുള്ളത്. തന്റെ പാദസരകിലുക്കം കേട്ടാലുടനെ ഉറക്കം വരുന്ന തൊട്ടാവാടിയെക്കുറിച്ച് പറയുന്നുണ്ട്. മഞ്ഞുതുള്ളിയെ ഇലത്തുമ്പിലിരുത്തി കാറ്റിനോടും ഇളവെയിലിനോടും കഥ പറയുന്ന തൊട്ടാവാടി.
സ്‌നേഹസാഗരമായ ഉമ്മച്ചിയുടേയും വാപ്പച്ചിയുടേയും ഓര്‍മകള്‍: "എത്രയോ പകല്‍ദൂരങ്ങള്‍ അവര്‍ നമുക്കായി എരിഞ്ഞിട്ടൊടുവില്‍ അണഞ്ഞുപോയി" എന്ന് ഒരു അധ്യായത്തില്‍ പറയുന്നുണ്ട്. 'ഓലത്തുമ്പിലെ ഓര്‍മത്തുള്ളികള്‍' എന്ന ശീര്‍ഷകത്തിലുള്ള കുറിപ്പില്‍ നിന്ന്:
 മഴക്കാലങ്ങളില്‍ പുരപ്പുറത്ത് നിന്നും ഒലിച്ചിറങ്ങി ഓലത്തുമ്പിലെത്തി നില്‍ക്കുന്ന മഴത്തുള്ളികളോട് എന്തോരം കാര്യങ്ങള്‍ പറഞ്ഞു? ( ഇവിടെ എഴുത്തുകാരിയിലെ കാല്‍പനികത അടിമുടി പൂത്ത് വിടരുന്നു).
ഉമ്മച്ചിയുടെയോ കുഞ്ഞായുടെയോ കൈപിടിച്ച് അക്കരെയുള്ള മൂത്തുമ്മയുടെ വീട്ടിലേക്കുള്ള യാത്രകളിലെ കുട്ടിക്കാല കൗതുകം വായനക്കാരേയും ത്രസിപ്പിക്കും. പിന്നീട് ഇംഗ്ലീഷ് കവിത - ഡാഫോഡില്‍സ് - പഠിക്കുമ്പോള്‍ അന്നത്തെ യാത്രയിലെ തോട്ടിറമ്പിലെ പൂക്കളെ ഓര്‍മ വരുന്നതും വേര്‍ഡ്‌സ്‌വര്‍ത്തിന്റെ ഡാഫോഡില്‍സ് പുഷ്പങ്ങള്‍ക്ക് പക്ഷേ ഇളംകാറ്റില്‍ തന്നോട് തലയാട്ടിച്ചിരിച്ച് നിന്ന ആ മഞ്ഞപ്പൂക്കളുടെ ചാരുതയില്ലെന്നും പറഞ്ഞ് വെയ്ക്കുന്നു.  താറാമ്മയും കൊട്ടാറനും എന്ന തലക്കെട്ടിലുള്ള കുറിപ്പില്‍ ദഫ് മുട്ടി മദ്ഹ് പാടി വന്ന കൊട്ടാറൻ കിളവനെന്ന മനസ്സില്‍ നിന്ന് മായാത്ത ഒരു നാടോടിയുടെ ചിത്രവുമുണ്ട്. നമ്മില്‍ പലര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടാകും. നമ്മുടെ ഗതകാലസ്മരണകളിലൂടെ ഇത്തരം സൂഫിസമാനര്‍ പലരും കടന്നുപോയിട്ടുണ്ടാകാം. ദഫ് മുട്ടുന്നവരും വായ്പാട്ട് പാടുന്നവരുമൊക്കെ. ഖസാക്കിലെ അല്ലാപിച്ച മൊല്ലാക്കയെപ്പോലെയുള്ള
അവധൂത കഥാപാത്രങ്ങള്‍.
മൂന്നുവയസ്സുകാരിയായ റെജിയെ പേടിപ്പിച്ച ഒരു ജിന്നിന്റെ കഥയുമുണ്ട്
(ചിരിക്കുന്ന ജിന്ന്). മുഅദ്ദിന്‍ മാമാടെ മൂത്തമകനായിരുന്നു വെള്ള വസ്ത്രം ധരിച്ചെത്തിയ ആ ജിന്ന്. പ്രിയമേറും ഇറയം എന്ന കുറിപ്പില്‍ കുട്ടിക്കാല ഇഷ്ടങ്ങള്‍ക്കും ആശ്ചര്യങ്ങള്‍ക്കും ഇടം തന്ന ഇറയത്തിന്റെ ഓര്‍മകള്‍ പൂത്തുലയുന്നു. ഇറയം, കോലായ, വരാന്ത എന്നൊക്കെയുള്ള കഥകളുടെ പൂമുഖം ഓരോ സഹൃദയന്റേയും ഓര്‍മകളെ ശൈശവത്തിന്റെ ലാളനകളിലേക്ക് സ്‌നേഹാതിഥ്യത്തോടെ വരവേല്‍ക്കുന്നു. ഉപചാരങ്ങളുടെ രൂപകങ്ങളാണ് അവയത്രയും. പ്രണയത്തെക്കുറിച്ച് പറയുന്നുണ്ട് എഴുത്തുകാരി. അണ്ണാറക്കണ്ണന്മാരും മഞ്ചാടി മണികളും കരിയിലക്കുരുവികളും ചേര്‍ന്നൊരുക്കിയ തന്റെ കൊച്ചുസ്വര്‍ഗം. അവിടെ തണല്‍ പാകിയവര്‍ ,ചക്കയും മാങ്ങയും ആഞ്ഞിലിച്ചക്കയും കശുമാങ്ങയും ഇളനീരുമൊക്കെയായി രസമുകുളങ്ങളെ രുചിയൂട്ടി സ്‌നേഹം വിളമ്പിത്തന്നവര്‍, ആ നന്മശിഖരങ്ങളോടും തായ്‌വേരുകളോടുമാണ് തന്റെ നിതാന്തപ്രണയമെന്ന് പ്രകൃതിയേയും പരിസ്ഥിതിയേയും പ്രണയിക്കുന്ന എഴുത്തുകാരി അടിവരയിടുന്നു.
നിറക്കൂട്ടുകള്‍ എന്ന കുറിപ്പില്‍ കാലത്തിന്റെ നോവൂറുന്ന ഗന്ധങ്ങളേയും സ്വാദുകളേയും പുനരാവിഷ്‌കരിക്കുന്നു. നാട്ടുവഴികള്‍ എന്ന കുറിപ്പിലെത്തുമ്പോള്‍, ബസ് യാത്രകള്‍, കാല്‍നടയാത്രകള്‍ എന്നിവയൊക്കെ മനസ്സില്‍ അവശേഷിപ്പിച്ച ചിത്രങ്ങളാണ് കൊത്തിവെച്ചിട്ടുള്ളത്. ഓര്‍മകള്‍ ചിതറിവീണ ഊടുപാതകളിലെല്ലാം എഴുത്തുകാരിയുടെ കാല്‍പാടുകളുമുണ്ട്. നിറങ്ങള്‍ കാറ്റിലാടുന്ന പട്ടങ്ങള്‍ പറത്തുന്ന കുട്ടിക്കാലവും വേനലൊഴിവില്‍ ഒഴിഞ്ഞ പാടത്തും പറമ്പിലുമുള്ള, ഒറ്റയ്ക്കും കൂട്ടുകാരികളോടൊത്തുമുള്ള അലച്ചിലുകളാണ് വരച്ചിട്ടുള്ളത് (വേനലവധിക്കാലം).
അമ്മസാറും ഹിന്ദിടീച്ചറുമെന്ന കുറുപ്പില്‍ നഴ്‌സറിക്കാലം കഴിഞ്ഞ് സ്‌കൂളിലേക്കുള്ള പ്രവേശനത്തിന്റെ കൗതുകങ്ങളാണ്. ശിഥിലമാകാത്ത ഓര്‍മകളിലാകെ അല്‍ഭുതം നിറയുന്ന വിവരണം. അക്ഷരങ്ങളുടെ ലോകം. അധ്യാപികമാരുടെ സ്‌നേഹവാല്‍സല്യം. കരുണയുടെ കരസ്പര്‍ശം.. ആശാന്റെ കട, ആദിത്യന്റെ അച്ഛന്‍ എന്നീ അധ്യായങ്ങളിലും നോവൂറുന്ന നൊസ്റ്റാള്‍ജിയയുണ്ട്. ശിശുവിഹാറിലെ കൂട്ടുകാരായ പ്രിയ, തുഷാര, രാജി, രജനി, ദേവി, ദിവ്യ, വിദ്യ ഇവരുടെയൊക്കെ കുടമണികിലുക്കം പോലെയുള്ള  പൊട്ടിച്ചിരികള്‍. ടീച്ചറെത്തും മുമ്പേ മുറിഞ്ഞുപോകുന്ന രസച്ചരടുകള്‍.
'പട്ടാളത്തിലെ മിഠായികള്‍' എന്ന കുറിപ്പില്‍ സൈന്യത്തില്‍ നിന്ന് അവധിയ്‌ക്കെത്തുന്ന അപ്പു അണ്ണന്‍ കൊണ്ടു വരുന്ന മിഠായികളുടെ സ്വാദും അണ്ണന്‍ വാങ്ങിത്തരുന്ന ഉടുപ്പുകളുടെ പുത്തന്‍മണവും സ്‌കൂട്ടറിനു മുന്നിൽ നിന്നുള്ള യാത്രകളുമെല്ലാം കോറിയിട്ടിട്ടുണ്ട്. മതമൈത്രിയുടെ നല്ല കാലത്തിലേക്കുള്ള പിന്‍വിളി കൂടിയാണ് ഓരോ അനുഭവവും ഓരോ വ്യക്തിയും. പോലീസ് ക്വാര്‍ട്ടേഴ്‌സിലെ  കരുത്തനായിരുന്ന, ഭീമനെപ്പോലെയുള്ള നാരായണൻമാമനെ ആരോ സോഡാക്കുപ്പി പൊട്ടിച്ച് അതിന്റെ അറ്റം കൊണ്ട് കുത്തിക്കൊന്ന സംഭവം ഉള്ളില്‍ തട്ടും വിധമാണ് റെജി ഇത് വര്‍ണിക്കുന്നത്.
മതമൈത്രിയുടെ പുഷ്പജാലം ചൂടി നില്‍ക്കുന്ന അന്തരീക്ഷമാണ് - (നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇപ്പോള്‍ നമുക്കിടയില്‍ നിന്ന് പയ്യെപ്പയ്യെ തിരോഭവിക്കുന്ന) - എഴുത്തുകാരി ഒറ്റയ്ക്കാടിയ ഊഞ്ഞാലയങ്ങളില്‍ ഉടനീളം സൃഷ്ടിച്ചിട്ടുള്ളത്. ഉല്‍സവപ്പെരുമഴക്കാലം, അമ്മവീട് എന്നീ അധ്യായങ്ങള്‍ അത്തരമൊരു കഥാപരിസരമാണ് വരച്ചുവെച്ചിട്ടുള്ളത്. ഹൃദയഹാരിയായ ഈ ആത്മകഥനം, തീര്‍ത്തും വ്യതിരിക്തമായ ഒരു എഴുത്ത് രീതിയെ മലയാണ്‍മയ്ക്ക് പരിചയപ്പെടുത്തുമെന്ന് നിസ്സന്ദേഹം പറയാനാകും.

Latest News