ന്യൂദല്‍ഹി- സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടമായി കൂടിക്കാഴ്ച നടത്തി. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് മോഡി കൂടിക്കാഴ്ചയ്ക്ക അനുമതി നല്‍കുന്നത്. വെട്ടിക്കുറച്ച റേഷന്‍ വിഹിതം വര്‍ധിപ്പിക്കുക, കാഞ്ചിക്കോട് റെയില്‍വെ കോച്ച് ഫാക്ടറി സ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഉന്നയിച്ചത്. പാര്‍ലമെന്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ ഫലം നിരാശജനകമായിരുന്നുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള റേഷന്‍ വിഹിതം മാത്രമെ നല്‍കൂവെന്നാണ് മറുപടി ലഭിച്ചത്. സംസ്ഥാനത്തിന് ലഭിച്ചിരുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് 16 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയ ശേഷം 14.25 ലക്ഷം മെട്രിക് ടണ്‍ ആയി കുറിച്ചിരുന്നു. വെട്ടിക്കുറച്ച അളവ് പുനസ്ഥാപിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.
കോച്ച് ഫാക്ടറി ഇനി ആവശ്യമില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും പിണറായി പറഞ്ഞു. അങ്കമാലിയില്‍ നിന്ന് ശബരിമലയിലേക്ക് റെയില്‍വെ ലൈന്‍ നിര്‍മ്മിക്കുന്നതിന് റെയില്‍വെയുമായി ചര്‍ച്ചയ്ക്ക് അവസരമൊരുക്കാമെന്ന ഉറപ്പു ലഭിച്ചു. സ്ഥലമേറ്റെടുത്ത് നല്കിയാല് പദ്ധതി നടപ്പാക്കാമെന്നാണ് കേന്ദ്ര നിലപാട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം വേണമെന്നും കേരളം ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ ആവശ്യമായ സഹായം കേന്ദ്ര ഉറപ്പു നല്കിയിട്ടിണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ രണ്ടു തവണ പ്രധാനമന്ത്രിയെ കാണാന്‍ കേരളം അവസരം ചോദിച്ചിരുന്നെങ്കിലും മോഡി കൂട്ടാക്കിയിരുന്നില്ല. കേന്ദ്ര ഭക്ഷ്യ മന്ത്രിയെ കാണാനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് നല്കിയ മറുപടി.






