Sorry, you need to enable JavaScript to visit this website.

മണിപ്പൂരിലേത് വംശീയ ഉന്മൂലനം- അരുന്ധതി റോയ്

തൃശൂര്‍- മണിപ്പൂരിലേത് ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. സ്ത്രീകളെ റേപ്പ് ചെയ്യാന്‍ സ്ത്രീകള്‍ തന്നെ ആഹ്വാനം ചെയ്യുന്നു. മണിപ്പൂരില്‍, ഹരിയാനയില്‍ കലാപത്തീ അടുത്തടുത്ത് വരികയാണ്. 25 വര്‍ഷം മുമ്പ് എഴുതിത്തുടങ്ങിയത് മുന്നറിയിപ്പുകളാണ്. ഇപ്പോഴത് തീയായി മാറിയെന്നും അരുന്ധതി റോയ് പറഞ്ഞു. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നവമലയാളി സാംസ്‌കാരിക പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്. രാജ്യത്ത് കലാപം പടരുമ്പോള്‍ തലേരാത്രി അത്താഴത്തിന് അപ്പം തിന്ന കഥയാണ് മോഡി പറയുന്നതെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷമാകുകയാണ്. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. അക്രമികള്‍ നിരവധി വീടുകള്‍ക്ക് തീയിട്ടു. ബിഷ്ണുപൂരില്‍ സൈന്യത്തിന് നേരെയും ആക്രമണം നടന്നു. വീണ്ടും ആളിക്കത്തുകയാണ് മണിപ്പൂര്‍. ഇംഫാല്‍ മുതല്‍ ബിഷ്ണുപൂര്‍ വരെയുള്ള മേഖലകളില്‍ വ്യാപക അക്രമങ്ങളാണ് നടന്നത്. ക്വാക്ടയില്‍ മെയ്തേയി വിഭാഗത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്നലെ സ്ഥിതി രൂക്ഷമായത്.
തുടര്‍ന്ന് കുക്കി മേഖലകളിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ കൂടി കൊല്ലപ്പെട്ടു. ഇംഫാലില്‍ 22 വീടുകള്‍ക്ക് തീയിട്ടു. 18 പേര്‍ക്ക് ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇതില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. ഇംഫാലില്‍ ഇന്നും പ്രതിഷേധം നടന്നു. ലാംഗോലില്‍ കുകികളുടെ ആളൊഴിഞ്ഞ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമുണ്ടായി. ചുരചന്ദ്പ്പൂര്‍, ബീഷ്ണുപൂര്‍ എന്നിവിടങ്ങളില്‍ ഇന്നും വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Latest News