Sorry, you need to enable JavaScript to visit this website.

മണിപ്പൂരില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് കേന്ദ്രം 

ഇംഫാല്‍- മൂന്നു മാസമായി മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സൈനികരെ അയച്ചു. അര്‍ധ സൈനിക വിഭാഗത്തിലെ പത്ത് കമ്പനികളിലായി 900 സൈനികരെയാണ് മണിപ്പൂരില്‍ കൂടുതലായി വിന്യസിച്ചിരിക്കുന്നത്. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ചയുണ്ടായ  സംഘര്‍ഷങ്ങളില്‍ ആറു പേരാണ് കൊല്ലപ്പെട്ടത്. പലയിടങ്ങളിലും ബോംബ്, ഗ്രനേഡ് ആക്രമണങ്ങളുമുണ്ടായിട്ടുണ്ട്. 

ബിഷ്ണുപുര്‍ ജില്ലയിലെ ക്വാക്തയില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ബിഷ്ണുപുരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ആസ്ഥാനത്തു നിന്ന് കവര്‍ന്ന ആയുധങ്ങളാണ് പലയിടങ്ങളിലും അക്രമകാരികള്‍ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അടിയന്തര നിയമസഭാ യോഗം വിളിച്ചു കൂട്ടാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെ ബഹിഷ്‌കരിക്കുമെന്ന് ഇംഫാലിലെ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെ കൂട്ടായ്മയായ മണിപ്പൂര്‍ ഇന്റഗ്രിറ്റി കോര്‍ഡിനേറ്റിങ് കമ്മിറ്റി അറിയിച്ചു. രാജ്യവ്യാകപമായി വിമര്‍ശനമുയരുമ്പോഴും സംഘര്‍ഷം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടില്ല.

ശനിയാഴ്ച വൈകിട്ട് ഇംഫാലിലെ ലങ്കോല്‍ ഗെയിംസ് ഗ്രാമത്തിലുണ്ടായ സംഘര്‍ഷത്തില്‍ 15 വീടുകള്‍ക്ക് തീയിട്ടിരുന്നു. ആള്‍ക്കൂട്ടം അക്രമാസക്തരായതിനെത്തുടര്‍ന്ന് സൈനികര്‍ നിരവധി തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു. 

ഞായറാഴ്ചയോടെ സ്ഥിതിഗതികളില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയിട്ടില്ല. ചെക്കോണ്‍ മേഖലയിലും നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് തീയിട്ടിട്ടുണ്ട്.

Latest News